ലക്കി ഭാസ്‌കറിലെ ദുൽഖർ 'ഹർഷദ് മെഹ്ത'യോ? ഇന്ത്യയെ പിടിച്ചുകുലുക്കിയ തട്ടിപ്പിന്റെ കഥയെന്ത്?

രാജ്യം ആകെ ഞെട്ടിയ ആ തട്ടിപ്പിന്റെ കഥ എന്തായിരുന്നു?

'കിങ് ഓഫ് കൊത്ത'യ്ക്ക് ശേഷം ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രമായ ലക്കി ഭാസ്കർ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. ദരിദ്രനായ ഒരു ബാങ്ക് ജീവനക്കാരൻ ബാങ്കിങ് മേഖലയിലെ പഴുതുകൾ മുതലെടുത്തുകൊണ്ട് പണക്കാരനാകുന്നതാണ് സിനിമയുടെ ഇതിവൃത്തം. സിനിമയുടെ കഥ 1992ലെ കുപ്രസിദ്ധ സ്റ്റോക്ക് മാർക്കറ്റ് തട്ടിപ്പുകാരനായ ഹർഷദ് മെഹ്തയുടേതിൽ നിന്ന് പ്രചോദനമുൾക്കൊണ്ടതായിരുന്നു. രാജ്യം ആകെ ഞെട്ടിയ ആ തട്ടിപ്പിന്റെ കഥ എന്തായിരുന്നു?

ടൈംസ് ഓഫ് ഇന്ത്യയിലെ മാധ്യമപ്രവർത്തകയായ സുചേതാ ദലാൽ ആണ് രാജ്യത്തെ പിടിച്ചുകുലുക്കിയ, സമ്പദ് വ്യവസ്ഥയെ അടിമുടി ഉലയ്ക്കാന്‍ പ്രാപ്തിയുളള ആ തട്ടിപ്പിന്റെ കഥ പുറത്തുവിടുന്നത്. ഹർഷദ് മെഹ്ത എന്ന, രാജ്യത്തെ ഏറ്റവും പ്രമുഖനായ ഒരു ഓഹരിവിപണി രാജാവ് നടത്തിയ ആ അഴിമതിക്കഥകൾ ചെറിയ ഞെട്ടലല്ല രാജ്യത്തുണ്ടാക്കിയത്.

Also Read:

Opinion
ഇന്ദിരയുടെ കാലം; രാഷ്ട്രീയ ഇന്ത്യയുടെ കാലം

ഗുജറാത്തിൽ നിന്ന് മുംബൈയിലേക്ക് വന്ന്, വലിയ സ്വപ്‌നങ്ങൾ കണ്ട് അവയെ എത്തിപ്പിടിച്ച ചരിത്രമാണ് ഹർഷദ് മെഹ്തയുടേത്. വലിയ ലാഭവും വലിയ ജീവിതവും കൊതിച്ച മെഹ്ത എവിടെയെല്ലാം പഴുതുകളുണ്ടോ, അതിലൂടെയെല്ലാം കടന്നുകയറാൻ ശ്രമിച്ചു.

ചെറിയ മൂല്യമുള്ള ഓഹരികൾ കൂട്ടമായി വാങ്ങി, അവയുടെ മൂല്യം ഉയർത്തി ലാഭം നേടുന്ന രീതിയായിരുന്നു ഹർഷദിന്റേത്. വിവിധ കമ്പനികളുടെ ഓഹരികളിൽ ഹർഷദ് മെഹ്ത ഈ രീതി പരീക്ഷിച്ചു. ഇടിഞ്ഞുനിന്ന ഓഹരികൾ അപ്പോഴെല്ലാം റോക്കറ്റ് വേഗതയിൽ കുതിച്ചുയർന്നു. ആയിരങ്ങളോ, ലക്ഷങ്ങളോ ആയിരുന്നില്ല, കോടികളായിരുന്നു ഈ ഓഹരികളിൽ നിന്ന് ഹർഷദിന് ലഭിച്ചുകൊണ്ടിരുന്നത്. പതിയെ പതിയെ ഹർഷദ് മെഹ്തയുടെ സാമ്രാജ്യം വികസിച്ചു.

ഇത്തരത്തിൽ നിക്ഷേപം നടത്താൻ ഹർഷദിന് പണം ലഭിച്ചിരുന്നത് റോളിംഗിലൂടെയായിരുന്നു. സുഹൃത്തുക്കളും ഇടനിലക്കാരും ഹർഷദിന് ഇഷ്ടം പോലെ പണം നൽകി. അവയെല്ലാം ഹർഷദ് കോടികളാക്കി മാറ്റി കടം വീട്ടി. അപ്പോഴാണ് കടപ്പത്രങ്ങളിൽ അദ്ദേഹത്തിന്റെ കണ്ണ് പതിയുന്നത്. ബാങ്കുകൾ തമ്മിൽ കടപ്പത്രം കൈമാറുന്നതിൽ ഇടനിലക്കാരനായി നിന്ന് കോടികളാണ് ഹർഷദ് ഉണ്ടാക്കിയെടുത്തത്. ഇതിലും അയാൾക്ക് പഴുതുകളുണ്ടായിരുന്നു. കടപ്പത്രം തന്ന ബാങ്കിന് പണം വൈകി കൈമാറുന്ന രീതിയിലൂടെ ഹർഷദ് കോടികൾ 'റോൾ' ചെയ്തു.

Also Read:

National
ജോദ്പൂരിൽ 50-കാരിയെ കാണാതായി; രണ്ട് ദിവസത്തിന് ശേഷം കണ്ടെത്തിയത് ആറ് കഷണങ്ങളാക്കിയ നിലയിൽ

പതിയെപ്പതിയെ ഈ രീതി വ്യാജ കടപ്പത്ര നിർമാണത്തിലേക്കെത്തി. അത്തരത്തിൽ അയാൾ കൂടുതൽ പണം ബാങ്കുകളിൽ നിന്ന് സമ്പാദിക്കാൻ തുടങ്ങി. പക്ഷെ എല്ലാം ഉടൻ തകർന്നുപോകുമെന്ന് അയാൾക്കറിയില്ലായിരുന്നു.

ടൈംസ് ഓഫ് ഇന്ത്യയിലൂടെ സുചേത ദലാൽ പുറത്തുവിട്ട ഈ അഴിമതിക്കഥകൾ രാജ്യത്ത് വലിയ കോളിളക്കങ്ങളാണ് ഉണ്ടാക്കിയത്. തുടർന്ന് ഹർഷദ് മെഹ്ത അഴിക്കുള്ളിലാകുകയും അദ്ദേഹത്തിന്റെ സ്വത്തിന്റെ ഭൂരിഭാഗം കണ്ടുകെട്ടുകയും ചെയ്തു. 2001 ഡിസംബറിൽ തീഹാർ ജയിലിൽ വെച്ചാണ് ഹർഷദ് മെഹ്ത മരിച്ചത്. ഇന്ത്യൻ ഓഹരിവിപണിയെയും ബാങ്കുകളെയും സമർത്ഥമായി കബളിപ്പിച്ച ഹർഷദിന്റെ കഥ 'സ്‌കാം 1992' എന്ന വെബ് സീരീസായും നേരത്തെ ഇറങ്ങിയിരുന്നു.

Content Highlights: Lucky Bhaskar and harshad mehta story

To advertise here,contact us