മലയാളത്തിൽ നിന്നൊരു പാൻ ഇന്ത്യൻ നായിക; അസിന്‍,തമിഴും ബോളിവുഡും കീഴടക്കിയ ഭാഗ്യ താരം

വിജയ്, സൂര്യ, അജിത്, കമൽ ഹാസൻ തുടങ്ങി തമിഴിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കൊപ്പവും അസിൻ വേഷമിട്ടു.

പതിനാല് വർഷം നീണ്ട് നിന്ന സിനിമ കരിയർ, അഭിനയിച്ചതാകട്ടെ വെറും 25 സിനിമകളിൽ മാത്രം. എന്നിട്ടും അസിൻ എന്ന നായിക ഇന്ത്യൻ സിനിമയിലെ താരമൂല്യമുള്ള നടിമാരിൽ ഒരാളായി മാറി. കേരളത്തിൽ ജനിച്ചു വളർന്ന് മലയാള സിനിമയിൽ തുടങ്ങിയ അസിൻ പിന്നെ നടന്നുകയറിയത് തുടരെത്തുടരെയുള്ള വിജയങ്ങളിലേക്കായിരുന്നു. നായകന്മാരുടെ നിഴലായി മാത്രം ഒതുങ്ങാതെ, ഗ്ലാമറസ് വേഷങ്ങളോട് നോ പറഞ്ഞ് അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾക്ക് മുൻഗണന നൽകി അസിൻ സിനിമയിൽ തന്റെ സ്ഥാനമുറപ്പിച്ചു.

കൊച്ചിയിൽ ജനിച്ചുവളർന്ന അസിൻ തോട്ടുങ്കൽ എന്ന മലയാളി പെൺകുട്ടി ആദ്യമായി ക്യാമറക്ക് മുന്നിലെത്തുന്നത് ബിപിഎല്ലിന്റെ ഒരു പരസ്യത്തിലൂടെയാണ്. അവിടെ നിന്ന് തന്റെ പതിനഞ്ചാം വയസ്സിൽ സത്യൻ അന്തിക്കാട് ചിത്രം 'നരേന്ദ്രൻ മകൻ ജയകാന്തൻ വക'യിലൂടെ ബിഗ് സ്ക്രീനിലേക്ക് ആദ്യ പടി. കരിയർ അവസാനിപ്പിക്കും വരെയും അസിൻ അഭിനയിച്ച ഒരേയൊരു മലയാള സിനിമയും ഇതുതന്നെ. ആദ്യ ചിത്രത്തിന് ശേഷം ചെറിയ ഇടവേളയെടുത്ത അസിൻ തിരിച്ചുവരുന്നത് 2003ലിറങ്ങിയ തെലുങ്ക് ചിത്രമായ 'അമ്മ നന്നാ ഓ തമിഴാ അമ്മായി'ലൂടെയാണ്. ബ്ലോക്ക്ബസ്റ്റര്‍ ആയ ചിത്രം അങ്ങനെ അസിനെ സിനിമ പ്രേമികൾക്കിടയിൽ പരിചയപ്പെടുത്തി. തുടർന്നുള്ള രണ്ട് വർഷക്കാലം തമിഴിലും തെലുങ്കിലുമായി ഒരുപിടി ചിത്രങ്ങളിൽ അസിൻ ഭാഗമായി.

കരിയറിനെ മാറ്റിമറിച്ച സിനിമ, അതായിരുന്നു അസിന് 'ഗജിനി'. എആർ മുരുഗദോസ് ഒരുക്കി സൂര്യ നായകനായി ആക്ഷൻ ത്രില്ലർ ചിത്രത്തിലെ കല്പന എന്ന കഥാപാത്രത്തെ ആർക്കാണ് മറക്കാനാകുക. ഒരു ടിപ്പിക്കൽ റൊമാന്റിക് നായിക എന്നതിനപ്പുറം കഥയിൽ കൃത്യമായ സ്വാധീനം ചിലത്താനും തന്റെ അഭിനയ പാടവം കൊണ്ട് പ്രേക്ഷകരെ കൈയ്യിലെടുക്കാനും ചിത്രത്തിലൂടെ അസിനായി. പിന്നെ അസിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. സഞ്ജയ് രാമസ്വാമി എന്ന നായക കഥാപാത്രത്തെ കണ്ടുമുട്ടിയതിനെ കുറിച്ച് കല്‍പന കെട്ടിച്ചമച്ച് പറയുന്ന കഥ ഇന്നും റിപ്പീറ്റടിച്ച് കാണുന്നവര്‍ ഏറെയാണ്.

വിജയ്, സൂര്യ, അജിത്, കമൽ ഹാസൻ തുടങ്ങി തമിഴിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കൊപ്പവും അസിൻ വേഷമിട്ടു. 'ഗജിനി'യുടെ വിജയത്തിന് ശേഷം തുടര്‍ച്ചയായി എത്തിയ സൂപ്പര്‍ഹിറ്റുകള്‍

അസിനെ നമ്പർ വൺ താരമാക്കി. 'ശിവകാശി'യും, 'പോക്കിരി'യും, വേലും, 'ദശാവതാര'വുമെല്ലാം അസിന്റെ താരമൂല്യം വർദ്ധിപ്പിച്ചു. ആരാധകരുടെ പ്രിയ ജോഡി ആയിരുന്നു വിജയ് - അസിന് കോംബോ. 'പോക്കിരി'യിൽ വിജയ്‌ക്കൊപ്പം കൈയ്യടി വാങ്ങിയ ശ്രുതി ഉൾപ്പടെ മൂന്ന് ഹിറ്റ് സിനിമകളിൽ ഈ ഭാഗ്യ ജോഡി ഒന്നിച്ചെത്തി. കോമഡിയും ഇമോഷണല്‍ രംഗങ്ങളും പ്രണയവുമെല്ലാം ഒരുപോലെ തന്‍റെ കെെകളില്‍ ഭദ്രമാണെന്ന് അസിന്‍ ഓരോ ചിത്രങ്ങളിലൂടെയും വീണ്ടും വീണ്ടും തെളിയിച്ചു. ഡാന്‍സിലും താരം മുന്‍പന്തിയില്‍ തന്നെ ഇടംപിടിച്ചിരുന്നു.

'ഗജിനി'യെ എആർ മുരുഗദോസ് ഹിന്ദിയിലെത്തിച്ചപ്പോൾ കല്പനയായി അദ്ദേഹത്തിന് അസിനല്ലാതെ മറ്റൊരു ഓപ്ഷൻ ഇല്ലായിരുന്നു. ഇന്ത്യന്‍ സിനിമയിലെ ആദ്യ 100 കോടി ചിത്രം 'ഗജിനി'യിലൂടെ പിറന്നപ്പോൾ ഒറ്റ രാത്രി കൊണ്ട് അസിൻ ബോളിവുഡ് സെൻസേഷൻ ആയി മാറി. അഭിനയത്തിന് രണ്ടാം ഇടം മാത്രം നൽകി ഗ്ലാമറസ് വേഷങ്ങൾക്ക് മുൻതൂക്കം നൽകിയിരുന്ന

അക്കാലത്തെ ബോളിവുഡിന്റെ സ്ഥിരം പാതയിൽ വീണുപോകാതെ അസിൻ തന്റേതായ ഒരു സ്ഥാനം അവിടെയും ഉണ്ടാക്കിയെടുത്തു.

തമിഴിലെ പോലെ ഹിന്ദിയിലും അസിന് തിരിഞ്ഞു നോക്കേണ്ടിവന്നില്ല. 'റെഡി', 'ഹൗസ്ഫുൾ 2', 'ബോൽ ബച്ചൻ', 'ഖിലാഡി 786' തുടങ്ങി ബാക് ടു ബാക് ഹിറ്റ്‌സ്. അതിൽ അധികവും 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചെന്നത് അസിന്റെ താരമൂല്യത്തെ ഉയർത്തി. വിവാഹത്തെത്തുടർന്ന് 2015 ൽ തന്റെ ഇരുപത്തിയഞ്ചാമത്തെ സിനിമക്ക് ശേഷമാണ് അസിൻ അഭിനയരംഗത്ത് നിന്ന് വിടപറയുന്നത്. ഒരുപക്ഷെ അഭിനയം തുടർന്നിരുന്നെങ്കിൽ ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളായി അസിൻ മാറുമായിരുന്നു. എന്നാലും പതിനാല് വർഷത്തെ കരിയറിൽ അസിൻ എന്ന അഭിനേത്രി ചെയ്തു വച്ച കഥാപാത്രങ്ങളൊക്കെയും സിനിമാപ്രേമികളുടെ മനസ്സിൽ എന്നും നിലനിൽക്കും.

Content Highlights : A look back into actress Asin's career on her birthday

To advertise here,contact us