ഇത് ആസിഫ് അലിയുടെ 'വിജയ കാണ്ഡം'

പതിവ് ആസിഫ് അലി സിനിമകളുടെ ബോക്‌സ് ഓഫീസ് ട്രെന്‍ഡുകളെയെല്ലാം 'കിഷ്‌കിന്ധാ കാണ്ഡം' തകര്‍ത്തെറിയുകയാണ്

1 min read|20 Sep 2024, 03:53 pm

ആദ്യ ദിനം 47 ലക്ഷം മാത്രം കളക്ഷന്‍ നേടിയൊരു സിനിമ. കാണാന്‍ പത്ത് പേരില്ലാത്തതിനാല്‍ ഷോ ക്യാന്‍സല്‍ ചെയ്യുന്ന അവസ്ഥ. അതില്‍ നിന്ന് ഒരു ദിവസം 3 കോടി കളക്ഷനിലേക്കുള്ള വമ്പന്‍ തിരിച്ചുവരവ്. കിഷ്‌കിന്ധാ കാണ്ഡം ബോക്‌സ് ഓഫീസില്‍ പുതിയ കളക്ഷന്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമ്പോള്‍ അവിടെ ആസിഫ് അലി എന്ന നടന്‍ തന്റെ കരിയറിലെ പുതിയൊരു അധ്യായത്തിന് തുടക്കമിടുകയാണ്.

തുടരെത്തുടരെയുള്ള പരാജയങ്ങള്‍, മോശം സിനിമകള്‍ കാരണം സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള ട്രോളുകളും കളിയാക്കലും. പക്ഷെ അപ്പോഴും പ്രകടനങ്ങളില്‍ പിന്നോക്കം പോയൊരു ആസിഫ് അലി ചിത്രമില്ല. തനിക്ക് സ്വന്തമായൊരു ലുക്കില്ല എന്ന് ആസിഫ് തന്നെ തമാശരൂപേണ പറയും പോലെ ഓരോ സിനിമയിലും ലുക്കിലും കഥാപാത്രത്തിന്റെ അവതരണരീതിയിലും ആസിഫ് അലി തന്നെ പുതുക്കിപണിതുകൊണ്ടിരുന്നു.

കണ്ണുകള്‍ കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ച റോഷാക്കിലെ ദിലീപും, കാണികളുടെ

വെറുപ്പ് സമ്പാദിച്ച ഉയരയിലെ ഗോവിന്ദും, പ്രതികാരത്തിന്റെ വക്രബുദ്ധിയുമായി എത്തിയ കൂമനിലെ ഗിരിയുമെല്ലാം പ്രകടനങ്ങളില്‍ ഞെട്ടിച്ചവയില്‍ ചിലത് മാത്രം. എന്നാല്‍ പലപ്പോഴും ബോക്‌സ് ഓഫീസില്‍ കാര്യമായ ചലനങ്ങളുണ്ടാക്കാന്‍ ആസിഫ് സിനിമകള്‍ക്കായില്ല.

എന്നാല്‍, ആസിഫ് അലിയുടെ തന്നെ ബോക്‌സ് ഓഫീസ് മാതൃകകളെ തച്ചുടക്കുന്ന തരത്തിലാണ് 'കിഷ്‌കിന്ധാ കാണ്ഡം' മുന്നേറുന്നത്. ഓണം പോലെയൊരു ഫെസ്റ്റിവല്‍ സീസണില്‍ കൊമേര്‍ഷ്യല്‍ എലമെന്റുകള്‍ ഒന്നുമില്ലാതെ എത്തിയ ചിത്രം. കഥയുടെയും തിരക്കഥയുടെയും ശക്തമായ പ്രകടനങ്ങളുടെയും ബലംകൊണ്ടു മാത്രം ആ സിനിമ തിയേറ്ററുകളെ ഹൗസ്ഫുള്‍ ആക്കുന്നു. മെല്ലെ തുടങ്ങിയടത്ത് നിന്ന് അതിവേഗം നിറയെ സ്‌ക്രീനുകളിലേക്കും ഷോകളിലേക്കും 'കിഷ്‌കിന്ധാ കാണ്ഡം' എത്തുന്നു.

എന്റര്‍ടൈന്‍മെന്റ് സിനിമകള്‍ കൊട്ടിയാഘോഷിക്കപ്പെടുന്ന ഓണം സീസണില്‍ ഓഫ് ബീറ്റ് എന്ന് പറയാവുന്ന ഒരു സിനിമ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാകുന്നു. പതിവ് ആസിഫ് അലി സിനിമകളുടെ ബോക്‌സ് ഓഫീസ് ട്രെന്‍ഡുകളെയെല്ലാം 'കിഷ്‌കിന്ധാ കാണ്ഡം' തകര്‍ത്തെറിയുന്നു, പുതിയൊരു ട്രെന്‍ഡിന് തുടക്കം കുറിക്കുന്നു.

കരിയറിന്റെ തുടക്കം മുതല്‍ ആസിഫ് പിന്തുടര്‍ന്നൊരു ആംഗ്രി യങ് മാൻ ഇമേജ് ഉണ്ടായിരുന്നു. ക്ഷുഭിത യൗവനത്തിന്റെ കുപ്പായം അഴിച്ചുവെച്ച് 'കക്ഷി അമ്മിണിപ്പിള്ള'യിലും 'കെട്ട്യോളാണ് എന്റെ മാലാഖ'യിലും ആസിഫ് സാധാരണക്കാരന്റെ പ്രതിരൂപമായി. സാധാരണക്കാരനാകുമ്പോള്‍ അയാളിലെ അഭിനേതാവിനൊരു തിളക്കം അനുഭവപ്പെടാറുണ്ട്. ഇമോഷണല്‍ സീനുകളില്‍ കണ്ണുകള്‍ കൊണ്ട് കഥപറയുന്ന രീതി. 'കിഷ്‌കിന്ധാ കാണ്ഡ'ത്തിലും ആസിഫ് പിന്തുടരുന്നത് അതേ രീതിയാണ്. അയാളവിടെ മണ്ണിലേക്ക് ഇറങ്ങി നിന്നാണ് ഞെട്ടിക്കുന്നത്. കാണുന്നവരെ പ്രകടനത്താല്‍ തന്റെ അടുക്കലേക്ക് ചേര്‍ത്തുനിര്‍ത്തുന്നൊരു മാന്ത്രികത.

തുടര്‍പരാജയങ്ങള്‍ പിന്തുടര്‍ന്ന ആസിഫ് അലിക്ക് 2024 വിജയം നിറഞ്ഞ മാറ്റങ്ങളുടെ വര്‍ഷമായിരിക്കുകയാണ്. മികച്ച സിനിമകളും അതിലേറെ വ്യത്യസ്തമായ കഥാപാത്രങ്ങളും. ജിസ് ജോയ് ചിത്രം തലവന്‍ മമ്മൂട്ടിയുടെ ടര്‍ബോക്കൊപ്പമെത്തി ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചു. പതിയെ തുടങ്ങി 25 കോടിയോളമാണ് തലവന്‍ നേടിയത്, അതായത് ആസിഫിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍. തൊട്ടു പിന്നാലെയെത്തിയ 'ലെവല്‍ ക്രോസ്സും' 'അഡിയോസ് അമിഗോ'യും ആസിഫിലെ അഭിനേതാവിനെ പരമാവധി ചൂഷണം ചെയ്തു.

ഒന്‍പത് മാസത്തിനുള്ളില്‍ നാല് കഥാപാത്രങ്ങള്‍, ആ നാലിലും ആസിഫ് ഇല്ല പകരമുള്ളത് എസ്‌ഐ കാര്‍ത്തിക്കും, രഘുവും, പ്രിന്‍സും അജയനും മാത്രം. ആസിഫ് അലിയുടെ ഓരോ വിജയങ്ങളും പ്രേക്ഷകര്‍ക്ക് അത്രമേല്‍ അടുപ്പമുള്ളതാണ്, ഒരു പേര്‍സണല്‍ വിക്ടറി പോലെ അവര്‍ ആ വിജയങ്ങളെ ചേര്‍ത്തുനിര്‍ത്തുന്നു.

മലയാള സിനിമകള്‍ക്കും നടന്മാര്‍ക്കും അന്യഭാഷാ പ്രേമികള്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടുന്ന സമയത്തും ആസിഫ് അലി എന്ന ഗംഭീര അഭിനേതാവ് അവരില്‍ നിന്ന് മറഞ്ഞു നില്‍ക്കുകയാണോയെന്ന് പലപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്. 'കിഷ്‌കിന്ധാ കാണ്ഡ'ത്തിന് അന്യഭാഷാ സിനിമാപ്രേമികള്‍ക്കിടയില്‍ ലഭിക്കുന്ന സ്വീകാര്യതയിലൂടെ ആസിഫ് അലിയെന്ന നടനും അവര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമാകുന്നുണ്ട്. 'ഈ നടന്‍ ആരാണ് അയാള്‍ ഗംഭീരമായി അഭിനയിച്ചിട്ടുണ്ടല്ലോ' എന്ന് തമിഴ്, തെലുങ്ക്, ഹിന്ദി പ്രേക്ഷകര്‍ അടക്കം ആരായുമ്പോള്‍ ആസിഫ് അലി എന്ന് അഭിമാനപൂര്‍വം പറയാവുന്ന തരത്തില്‍ അയാളിലെ അഭിനേതാവ് വളര്‍ന്നിട്ടുണ്ട്.

To advertise here,contact us