ഇതാ പഴയ ഭുവി; കരിയറിന്റെ തുടക്കത്തെ ഓർമ്മിപ്പിച്ച് ഭുവനേശ്വർ കുമാർ

സഞ്ജു സാംസണെ ക്ലീൻ ബൗൾഡാക്കിയ ദൃശ്യങ്ങൾ ഭുവിയുടെ കരിയറിന്റെ തുടക്കത്തെ ഓർമ്മിപ്പിച്ചു.

2012ലെ ഡിസംബർ മാസം. ഇന്ത്യൻ ക്രിക്കറ്റ് പേസ് ബൗളിംഗിനെ അതുവരെ നയിച്ച സഹീർ ഖാൻ തിരിച്ചടികളേൽക്കുന്ന സമയം. ഇന്ത്യയുടെ പ്രകടനത്തിൽ ആരാധകർ കടുത്ത നിരാശയിലായി. അപ്പോൾ പ്രതീക്ഷ ഉണർത്തി ഒരു യുവതാരം ഇന്ത്യൻ ക്രിക്കറ്റിലേക്കെത്തി. ആദ്യ ട്വന്റി 20യിൽ നാല് ഓവറിൽ ഒമ്പത് റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്ത താരം. ഏകദിന ക്രിക്കറ്റിലെ ആദ്യ പന്തിൽ തന്നെ മുഹമ്മദ് ഹഫീസിനെ ക്ലീൻ ബൗൾഡാക്കി അയാൾ വരവറിയിച്ചു. ആദ്യ ടെസ്റ്റിൽ തന്നെ ബാറ്റുകൊണ്ടും സംഭാവന നൽകാൻ കഴിയുമെന്ന് തെളിയിച്ചു. ഭാവി ഇന്ത്യൻ ക്രിക്കറ്റിന്റെ പേസർ എന്ന് പ്രതീക്ഷകൾ ഉണർത്തി. അയാളുടെ പേരാണ് ഭുവനേശ്വർ കുമാർ.

വിക്കറ്റിന്റെ ഇരുവശങ്ങളിലേക്കും പന്ത് തിരിക്കാനുള്ള കഴിവ്. സ്പീഡ് ഒരൽപ്പം കുറവാണെങ്കിലും ലൈനും ലെങ്തും കൃത്യമായ പന്തുകൾ. ലോകോത്തര ബാറ്റർമാർ അയാളുടെ സ്വിംഗുകൾക്ക് മുന്നിൽ വിറച്ചു. ഏറെ പ്രതീക്ഷ ഉണർത്തിയ ഉത്തർപ്രദേശുകാരൻ പക്ഷേ ഒരു കാലഘട്ടത്തിനും അപ്പുറം ഇന്ത്യൻ ക്രിക്കറ്റിൽ ഉയർന്നില്ല. സ്ഥിരതയില്ലാത്ത പ്രകടനങ്ങൾ അയാളെ പലതവണ ടീമിന് പുറത്താക്കി.

കഴിഞ്ഞ വർഷം ജൂലൈയിൽ അയാൾ ഒരു സന്ദേശം നൽകി. തന്റെ ഇൻസ്റ്റാഗ്രാം ബയോയിൽ നിന്നും ക്രിക്കറ്റർ എന്ന പദം ഒഴിവാക്കി. ഇന്ത്യൻ ക്രിക്കറ്ററല്ല ഇനിമുതൽ ഇന്ത്യൻ മാത്രമെന്നായിരുന്നു ആ സന്ദേശം. അതൊരു നിശബ്ദമായ വിടവാങ്ങലാണെന്ന് ആരാധകർ വിലയിരുത്തി. ഏതൊരു വിക്കറ്റ് തെറുപ്പിക്കുമ്പോഴും ഭുവി അമിതമായി ആവേശം കൊണ്ടിരുന്നില്ല. ഇന്ത്യൻ ക്രിക്കറ്റിലേക്ക് ഇനിയൊരു മടങ്ങിവരവിന് സാധ്യതയില്ല. ആ നിശ്ബദമായ വിടവാങ്ങലിന് കാരണം അതാവും. പക്ഷേ ആ പഴയ ഭുവിയെ ഇന്നലെ ആരാധകർ കളത്തിൽ കണ്ടു.

Vintage Bhuvi 👌🤌#SRHvRR #TATAIPL #IPLonJioCinema #IPLinTelugu pic.twitter.com/kqkQsL9DV6

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് സൺറൈസേഴ്സ് ഹൈദരാബാദ് മത്സരം. ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് 202 എന്ന ലക്ഷ്യം മുന്നോട്ടുവെച്ചു. സീസണിൽ ഏറ്റവും മികച്ച ഫോമിലുള്ള താരങ്ങളുമായി രാജസ്ഥാന് മറുപടിക്കിറങ്ങി. ആദ്യം ഭുവിക്ക് മുന്നിൽ വീണത് ജോസ് ബട്ലർ. പിന്നെ സഞ്ജു സാംസണെ ക്ലീൻ ബൗൾഡാക്കിയ ദൃശ്യങ്ങൾ ഭുവിയുടെ കരിയറിന്റെ തുടക്കത്തെ ഓർമ്മിപ്പിച്ചു. പാറ്റ് കമ്മിൻസ് ചില തന്ത്രങ്ങൾ മെനഞ്ഞു. ഭുവിയുടെ ഒരോവർ ബാക്കിവെച്ചു.

മത്സരത്തിന്റെ അവസാന ഓവറുകളിൽ നടരാജനും കമ്മിൻസും അസാധ്യ ബൗളിംഗ് പ്രകടനം പുറത്തെടുത്തു. ലാസ്റ്റ് ഓവർ എറിയാൻ കമ്മിൻസിന് മുന്നിൽ രണ്ട് താരങ്ങൾ. ഭുവിക്കൊപ്പം ജയ്ദേവ് ഉനദ്കട്ടിനും ഓവർ ബാക്കിയുണ്ട്. കമ്മിൻസ് ഭുവിയെ തിരഞ്ഞെടുത്തു. റോവ്മാൻ പവലെന്ന വെസ്റ്റ് ഇൻഡീസ് പവർ ഹിറ്ററാണ് ക്രീസിലുള്ളത്. അവസാന അഞ്ച് പന്തിൽ രാജസ്ഥാന്റെ വിജയത്തിന് വേണ്ടത് 12 റൺസ് മാത്രം. പവലിന് അതൊന്ന് തൊട്ടുനോക്കാൻ പോലുമില്ല.

മണിക്കൂറുകൾ നീണ്ട സമ്മർദ്ദം; ഒടുവിൽ ആവേശത്തോടെ കാവ്യാ മാരൻ

The moment Uppal ERUPTED! 🔥🔥#PlayWithFire #SRHvRR https://t.co/qKtQW3lVl9

അവസാന പന്ത് വരെ ഇരുടീമുകളും പോരാട്ടം കടുപ്പിച്ചു. പിന്നെ ഭുവിയുടെ ഒരു യോർക്കർ ശ്രമത്തിൽ പവൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി. സൺറൈസേഴ്സിന് സീസണിലെ ഏറ്റവും വലിയ ജയം. ഒരൊറ്റ റൺസിന്റെ അകലത്തിൽ ഭുവനേശ്വർ കുമാർ മത്സരം പിടിച്ചെടുത്തു. ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ സന്തോഷത്തിലാണ്. കാരണം അവർക്ക് ആ പഴയ ഭുവനേശ്വർ കുമാറിനെ കാണാൻ കഴിഞ്ഞു.

To advertise here,contact us