'പ്രേമയുഗം ബോയ്സ്' തുടക്കം മാത്രം; ആടുജീവിതം മുതൽ ഗുരുവായൂരമ്പലനടയിൽ വരെ, തിയേറ്ററിൽ 'ആവേശം' ഉറപ്പ്

ഈ സിനിമാ തരംഗം ഒരു തുടക്കം മാത്രമാണ് എന്ന് ഉറപ്പ് നൽകുന്ന റിലീസുകളാണ് ഇനി മലയാളം കാത്തിരിക്കുന്നത്

മലയാള സിനിമയ്ക്ക് ഇത് 'ലക്കി ഫെബ്രുവരി'യാണ്. തിയേറ്ററുകളിലേക്ക് ആളുകയറുന്നില്ല എന്ന കഴിഞ്ഞ വർഷങ്ങളിലെ പരാതികൾ എല്ലാം അവസാനിച്ച മാസമാണിത്. പ്രേമലു, ഭ്രമയുഗം എന്നീ സിനിമകൾ 50 കോടി ക്ലബിൽ ഇടം നേടിയപ്പോൾ മഞ്ഞുമ്മൽ ബോയ്സ് 50 കോടിയിലേക്കുള്ള യാത്രയിലാണ്. അന്വേഷിപ്പിൻ കണ്ടെത്തും എന്ന സിനിമയാകട്ടെ 40 കോടിയിലധികം രൂപ നേടി. അങ്ങനെ ഈ നാല് സിനിമകൾ കൊണ്ട് 200 കോടിയോളം രൂപയാണ് ഈ മാസം മലയാള സിനിമയിലേക്ക് എത്തിയത്.

എന്നാൽ ഈ തരംഗം ഒരു തുടക്കം മാത്രമാണ് എന്ന് ഉറപ്പ് നൽകുന്ന റിലീസുകളാണ് ഇനി മലയാളം കാത്തിരിക്കുന്നത്. അതിൽ തന്നെ സിനിമാപ്രേമികൾ ഏറ്റവുമധികം കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് ബ്ലെസിയുടെ ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന സിനിമയ്ക്ക് മേൽ പ്രതീക്ഷവയ്ക്കുന്നതിന് കാരണങ്ങൾ പലതാണ്. അതിൽ ഏറ്റവും പ്രധാനം ബ്ലെസി എന്ന സംവിധായകൻ വർഷങ്ങളോളമായി ഈ സിനിമയുടെ പണിപ്പുരയിലായിരുന്നു എന്നത് തന്നെയാണ്. 2013 ൽ പുറത്തിറങ്ങിയ 'കളിമണ്ണ്' എന്ന ചിത്രത്തിന് ശേഷം ബ്ലെസിയുടെതായി ചിത്രങ്ങളൊന്നും പുറത്തിറങ്ങിയിരുന്നില്ല.

ആടുജീവിതത്തിന് മേൽ പ്രതീക്ഷ നൽകുന്ന മറ്റൊരു കാര്യം പൃഥ്വിരാജ് ഈ സിനിമയ്ക്കായി നടത്തിയ മേക്കോവറുകളാണ്. ശരീര ഭാരം കുറച്ചുള്ള, ചിത്രീകരണ വേളകളിലെ നടന്റെ ഗെറ്റപ്പുകൾ ഏറെ ചർച്ചയായിരുന്നു. ഇനി ഒരിക്കലും ഇത്തരത്തിൽ ശരീര ഭാരം കുറയ്ക്കില്ലെന്ന് നടൻ തന്നെ ഒരഭിമുഖത്തിൽ പറഞ്ഞിട്ടുമുണ്ട്. എ ആർ റഹ്മാൻ മരുഭൂമിയുടെ സംഗീതം ഒരുക്കുന്നതും ആ മരുഭൂമിയുടെ ശബ്ദത്തെ റസൂൽ പൂക്കുട്ടി പകർത്തിയെടുക്കുന്നതും ശ്രീകർ പ്രസാദിന്റെ ചിത്ര സംയോജനവുമെല്ലാം ഈ സിനിമക്ക് മേലുള്ള പ്രതീക്ഷ വർധിപ്പിക്കുന്ന കാര്യങ്ങളാണ്. മാർച്ച് 28 ന് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യും.

മാർച്ച് മാസത്തിൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു സിനിമ കൂടി റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. മലയാളത്തിന്റെ സ്വന്തം മോഹൻലാൽ ആദ്യമായി സംവിധായകനായി അവതരിക്കുന്ന ബറോസ് മാർച്ച് 28 നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിഗാമയുടെ നിധി കാക്കുന്ന ബറോസ് എന്ന ഭൂതത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ബറോസ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മോഹന്ലാല് തന്നെയാണ്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര് കുട്ടിച്ചാത്തന്' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്ലാല് സിനിമയൊരുക്കുന്നത്. എന്നാൽ സിനിമയുടെ റിലീസ് നീളുമെന്ന റിപ്പോർട്ടുകളുമുണ്ട്.

ഏപ്രിൽ മാസത്തിൽ തിയേറ്ററുകളിൽ ആവേശം തീർക്കാനെത്തുന്നത് നിരവധി സിനിമകളാണ്. കഴിഞ്ഞ വർഷത്തെ ആദ്യത്തെ ഹിറ്റ് ഒരുക്കിയ ജിത്തു മാധവന്റെ രണ്ടാമത്തെ ചിത്രമായ ആവേശം ഏപ്രിൽ 11 ന് റിലീസ് ചെയ്യും. രോമാഞ്ചവുമായി വന്നു ബോക്സോഫീസിന് ആദരാഞ്ജലികൾ നേർന്ന ജിത്തു മാധവനും സുഷിൻ ശ്യാമുമാണ് സിനിമയുടെ മേൽ ഹൈപ്പ് ഏറുന്നതിൽ പ്രധാന കാരണങ്ങൾ. രംഗൻ എന്ന ഗുണ്ടയായുള്ള ഫഹദ് ഫാസിലിന്റെ റീ ഇൻട്രൊഡക്ഷനും ഹൈപ്പിന് ഒരു കാരണമാണ്.

അതേ ദിവസം തന്നെയാണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന വർഷങ്ങൾക്ക് ശേഷം എന്ന സിനിമയും റിലീസ് ചെയ്യുന്നത്. വിനീത് ശ്രീനിവാസൻ എന്ന ഒറ്റ പേര് മാത്രം മതിയല്ലോ ഹൈപ്പിന്. ഒപ്പം പ്രണവ് മോഹൻലാലും ധ്യാൻ ശ്രീനിവാസനും നായകന്മാർ, കല്യാണി പ്രിയദർശൻ, അജു വർഗീസ്, ബേസിൽ ജോസഫ്, നീരജ് മാധവ് തുടങ്ങിയ താരനിര, ഷാൻ റഹ്മാന്റെ സംഗീതം എന്നിങ്ങനെ പോകുന്നു സിനിമയ്ക്ക് മേൽ പ്രതീക്ഷ കൂട്ടുന്ന ഘടകങ്ങൾ. എന്നാൽ അതുകൊണ്ടും കഴിയുന്നില്ല, നിവിൻ പോളി കാമിയോ വേഷത്തിൽ എത്തുന്നു എന്നതും കൂടിയാകുമ്പോൾ വർഷങ്ങൾക്ക് ശേഷത്തിനായി ടിക്കറ്റ് എടുക്കാൻ മറ്റൊന്നും വേണ്ടല്ലോ എന്നാണ് ആരാധകരുടെ അഭിപ്രായം.

ഉണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ജയ് ഗണേഷും ഏപ്രിൽ മാസത്തിലെ മറ്റൊരു പ്രധാന റിലീസാണ്. ചിത്രത്തിൽ മഹിമ നമ്പ്യാരാണ് നായിക. ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു, ശ്രീകാന്ത് കെ വിജയൻ, ബെൻസി മാത്യൂസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ആസ്വദിക്കാൻ സാധിക്കുന്ന ഒരു ഫാമിലി എന്റർടെയിനറാണിതെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.

ഏപ്രിൽ 18 ന്, ആസിഫ് അലിയെയും ബിജു മേനോനെയും പ്രധാന കഥാപാത്രങ്ങളാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന തലവനും റിലീസ് ചെയ്യുന്നുണ്ട്. രണ്ടു പൊലീസ് ഉദ്യോഗസ്ഥർ തമ്മിലെ പ്രശ്നങ്ങളാണ് സിനിമ പറയുന്നത്. ബിജു മേനോൻ - ആസിഫ് അലി കൂട്ടുകെട്ട് എന്നെല്ലാം ഒന്നിച്ചിട്ടുണ്ടോ അപ്പോഴെല്ലാം മികച്ച വിജയങ്ങൾ ലഭിച്ചിട്ടുണ്ട്. അനുരാഗ കരിക്കിൻ വെള്ളം, വെള്ളിമൂങ്ങ തുടങ്ങിയ ചിത്രങ്ങൾ ഈ കൂട്ടുക്കെട്ടിൽ പിറന്ന വിജയ ചിത്രങ്ങളാണ്. ഇരുവരും പ്രധാന കഥാപാത്രങ്ങളാകുന്നു എന്നത് കൊണ്ട് തന്നെ സിനിമയ്ക്ക് മേൽ വലിയ പ്രതീക്ഷയുണ്ട്.

മെയ് മാസത്തിലേക്ക് വന്നാൽ നിവിൻ പോളി നായകനാകുന്ന മലയാളി ഫ്രം ഇന്ത്യ എന്ന ചിത്രം മെയ് ഒന്നിന് റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ട്. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് മേൽ പ്രതീക്ഷ നൽകുന്ന പ്രധാന ഫാക്ടർ, കഴിഞ്ഞ ഡിസംബറിൽ റിലീസ് ചെയ്ത പ്രൊമോ വീഡിയോ തന്നെയാണ്. ഒരു ഗംഭീര ചിരി വിരുന്നാകും സിനിമ എന്ന് ഉറപ്പ് നൽകുന്നുണ്ട് ആ പ്രൊമോ. കുറച്ച് നാളായി മലയാളികൾക്ക് മിസ്സായിരുന്ന എന്റർടെയ്ന്ര് നിവിനെ വീണ്ടും കാണാന് കഴിയുമെന്നും പ്രൊമോയ്ക്ക് പിന്നാലെ പലരും പറയുന്നുണ്ട്. ധ്യാൻ ശ്രീനിവാസൻ, അനശ്വര രാജൻ തുടങ്ങിയവരും സിനിമയിൽ ചിരിപ്പിക്കാൻ എത്തുന്നുണ്ട്.

നടികർ എന്ന സിനിമ മെയ് മൂന്നിന് റിലീസ് തീയതി അനൗൺസ് ചെയ്തിട്ടുണ്ട്. ടൊവിനോ തോമസ് നായകനാകുന്ന ചിത്രത്തിൽ സൗബിന് ഷാഹിറും ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ടൊവിനോയും സൗബിനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും നടികര്ക്കുണ്ട്. ലാൽ ജൂനിയറിൽ സംവിധാനം തന്നെയാണ് പ്രധാന ഹൈപ്പ് ഫാക്ടർ. ഒപ്പം പുഷ്പ - ദ റൈസ് പാര്ട്ട് 1' ഉള്പ്പെടെ ഒട്ടേറെ ജനപ്രിയ ചിത്രങ്ങള് നിര്മിച്ച മൈത്രി മൂവി മെക്കേഴ്സും സിനിമയുടെ ഭാഗമാകുന്നു എന്ന കാര്യവും ഹൈപ്പ് കൂട്ടുന്നുണ്ട്. ഭാവന, ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, ലാൽ, ബാലു വർഗീസ്, സുരേഷ് കൃഷ്ണ, സംവിധായകൻ രഞ്ജിത്ത്, ഇന്ദ്രൻസ്, മധുപാൽ, ഗണപതി, വിജയ് ബാബു, അൽത്താഫ് സലിം, മണിക്കുട്ടൻ, മേജർ രവി തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.

ജയ ജയ ജയ ജയഹേ എന്ന ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ഗുരുവായൂരമ്പല നടയിൽ എന്ന സിനിമയും മെയ് ആദ്യവാരം റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ട്. ബേസിൽ ജോസഫും പൃഥ്വിരാജും പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയിൽ പൃഥ്വി നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായിരിക്കും ചെയ്യുക എന്നും റിപ്പോർട്ടുകളുണ്ട്. തമിഴ് നടൻ യോഗി ബാബുവും സിനിമയിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

മമ്മൂട്ടി ഹിറ്റുകൾക്ക് തുടർച്ചയാകുമെന്ന് പ്രതീക്ഷിക്കുന്ന ടർബോയും ടൊവിനോയുടെ എആർഎമ്മും(അജയന്റെ രണ്ടാം മോഷണം) ഉൾപ്പടെയുള്ള സിനിമകളും പിന്നാലെ വരുന്നുണ്ട്. അങ്ങനെ തിയേറ്ററുകളിൽ ആവേശ തിരയിളക്കം ഉണ്ടാക്കാൻ കെൽപ്പുള്ള ചിത്രങ്ങളുമായി മോളിവുഡ് റെഡിയാണ്... ടിക്കറ്റെടുക്കാൻ നിങ്ങളും തയ്യാറല്ലേ ?

To advertise here,contact us