'വാണിജ്യപരമോ സർഗ്ഗാത്മകമോ ആയ മൂല്യങ്ങളെ അടിസ്ഥാനമാക്കി സിനിമകളെ ഞാൻ പരിഗണിച്ചിട്ടില്ല, ഞാൻ തിരഞ്ഞെടുക്കുന്നത് കഥാഗതിയെയും കഥാപാത്രത്തെയും അടിസ്ഥാനമാക്കിയാണ്' മധു ഇങ്ങനെ പറയുമ്പോൾ മനസ്സിലൂടെ മിന്നി മറയുന്നത് എത്രയോ കഥാപാത്രങ്ങളാണ്. കാമുകനായും നായകനായും വില്ലനായും അച്ഛനായും മുത്തച്ഛനായുമൊക്കെ മലയാള സിനിമയിൽ ചരിത്രം തീർത്തു മാധവൻ നായർ എന്ന മധു. കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി മലയാള സിനിമയോടൊപ്പം ഒരു കാരണവരായി അദ്ദേഹമുണ്ട് നവതിയുടെ നിറവിലാണെങ്കിലും സ്റ്റിൽ യങ് എന്ന് തോന്നിപ്പിക്കും അദ്ദേഹത്തിന്റെ സംസാരവും അതിലെ വാക്ചാതുര്യവും. ദൂരെ നിന്ന് മാത്രം അറിഞ്ഞവർക്ക് മധു എന്ന നടൻ ഗൗരവക്കാരനും അധികം സംസാരിക്കാത്തയാളുമാണ്. എന്നാൽ അടുത്തറിയുന്നവർക്ക് രസികത്വം ആവോളമുള്ളയാളും.
അഭിനയത്തില് മാത്രമല്ല, കഥയെഴുതാനും സംവിധാനം ചെയ്യാനും സിനിമ നിർമ്മിക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഏതാണ്ട് പന്ത്രണ്ടോളം സിനിമയാണ് അദ്ദേഹം സംവിധാനം ചെയ്തത്. പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചിറങ്ങിയ മധു ഫ്രെയ്മിലേക്കിറങ്ങുന്നത് ഭാവ നായകനായാണ്. നാനൂറിൽ പരം സിനിമകളിൽ വേഷമിട്ട മധുവിന്റെ കഥാപാത്രങ്ങളുടെ വൈവിധ്യങ്ങളെ കുറിച്ച് പറഞ്ഞാൽ തീരില്ല. ഒരുപക്ഷെ മലയാളത്തിൽ ഏറ്റവും കൂടുതൽ സാഹിത്യകാരന്മാരുടെ കഥകൾക്ക് മുഖമായ നായകന്മാരിൽ ഒരാളാണ് മധു. എംടി, വൈക്കം മുഹമ്മദ് ബഷീർ, തകഴി, ഉറൂബ്, എസ് കെ പൊറ്റക്കാട് തുടങ്ങിയ എഴുത്തുകാർ അക്ഷരം കൊണ്ട് ജീവന് നല്കിയ കഥാപാത്രങ്ങള്ക്ക് മധു തിരശീലയില് ജീവന് നല്കി.
വൈക്കം മുഹമ്മദ് ബഷീർ -ഭാർഗവീനിലയം
ഒരുപാട് പ്രത്യേകതകളുള്ള സിനിമയാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന നോവലിനെ അടിസ്ഥാനമാക്കി എ വിൻസെന്റ് സംവിധാനം ചെയ്ത ഭാർഗവീനിലയം. ബഷീറിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് അത്ഭുതം. ചിത്രത്തിലെ കഥാകൃത്തിന്റെ വേഷത്തിലെത്തിയ മധുവിന്റെ വേറിട്ട കഥാപാത്രമായിരുന്നു അത്. മോളിവുഡ് അക്കാലത്ത് സ്റ്റുഡിയോ ഫ്ലോറുകൾ മാത്രം കണ്ടിരുന്നിടത്ത് കഥയും കഥാപാത്രങ്ങളുമെല്ലാം പൂർണമായും പുറംലോകം കണ്ടത് ഭാർഗവീനിലയത്തിലൂടെയാണ്. ഇറ്റാലിയൻ നിയോ റിയലിസത്തെ മലയാളത്തിലേക്ക് കൊണ്ടുവന്ന ചിത്രം. മലയാളത്തിലെ ആദ്യ ഹൊറർ സിനിമ. കുതിരവട്ടം പപ്പു എന്ന് പപ്പുവിന് പേര് ലഭിച്ച സിനിമ. യക്ഷിയെ വെള്ളസാരിയിൽ മലയാളികൾ ആദ്യം കണ്ട സിനിമ, അങ്ങനെ പ്രത്യേകതകളേറെയാണ് ഭാർഗവീനിലയത്തിന്. ആരോഗ്യദൃഢഗാത്രനായ സുന്ദരനും സുമുഖനുമായ എഴുത്തുകാരനെ വളരെ തന്മയത്വത്തോടെയും കഥാപാത്രത്തിന്റേതായ ഗൗരവത്തോടുകൂടിയുമാണ് മധു കൈകാര്യം ചെയ്തത്. പിന്നീട് ആഷിഖ് അബു സിനിമ പുനഃസൃഷ്ടിച്ചപ്പോൾ ടൊവിനോ തോമസ് ആണ് മധുവിന്റെ റോളില് അഭിനയിച്ചത്. എങ്കിലും മലയാളിക്ക് മനസിൽ പതിപ്പിച്ച ഭാർഗവീനിലയത്തിലെ എഴുത്തുകാരന്റെ സ്ഥാനത്ത് മറ്റാരെയും സങ്കൽപ്പിക്കാൻ കഴിയുമായിരുന്നില്ല.
തകഴി ശിവശങ്കരപ്പിള്ളയുടെ സിനിമകൾ
തകഴിയുടെ കൃതികളിലെ നായകനായാണ് മധു ഏറെയും അക്കാലത്ത് അഭിനയിച്ചത്. ചെമ്മീൻ, ഏണിപ്പടികൾ, ചുക്ക്, നുരയും പതയും, ഗന്ധർവ ക്ഷേത്രം എന്നീ ചിത്രങ്ങളാണവ. ഇതിൽ മലയാളികൾ ഏറ്റെടുത്തത് ചെമ്മീൻ എന്ന അനശ്വര ചിത്രം. തകഴിയുടെ ചെമ്മീന് എന്ന നോവലിനെ അടിസ്ഥാനമാക്കി രാമു കാര്യാട്ടാണ് സിനിമ സംവിധാനം ചെയ്തത്. മധുവിനൊപ്പം സത്യന്, ഷീല, കൊട്ടാരക്കര ശ്രീധരന് നായര് തുടങ്ങി നിരവധി പ്രമുഖര് ഈ സിനിമയുടെ ഭാഗമായി. ചെമ്മീനോളം ഹിറ്റായ സിനിമ തന്റെ കരിയറിൽ ഉണ്ടായിട്ടില്ല എന്ന് മധു തന്നെ പറഞ്ഞിട്ടുണ്ട്. കറുത്തമ്മയ്ക്ക് വേണ്ടി ജീവിതം മാറ്റിവെച്ച വിരഹ നായകനായി മധു അഭിനയിച്ചു തകർത്തു. മധു എന്ന നടനെ ഓർമ്മിക്കുമ്പോൾ ആദ്യം മനസിൽ നിറയുന്ന കഥാപാത്രങ്ങളിലൊന്നാണ് മലയാളികൾക്ക് പരീക്കുട്ടി.
സി രാധാകൃഷ്ണൻ - പ്രിയ
മലയാളത്തിലെ ആദ്യ മർഡർ മിസ്റ്ററി എന്നറിയപ്പെടുന്ന ചിത്രമാണ് പ്രിയ. മധു ആദ്യമായി സംവിധാനം ചെയ്ത് അഭിനയിച്ച ചിത്രം എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. സി രാധാകൃഷ്ണന്റെ തേവിടിശ്ശി എന്ന എപ്പിസ്റ്റോളറി നോവലിന്റെ ചലച്ചിത്ര രൂപാന്തരമാണ് ആ ചിത്രം. സിനിമയെ കുറിച്ച് മലയാളത്തിന്റെ ലെജന്ററി ഫിലിം മേക്കർ പത്മരാജന്റെ മകനും ചലച്ചിത്ര നിരൂപകനുമായ അനന്ത പദ്മനാഭൻ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ,
ബോംബെയിൽ വെച്ച് ചിത്രീകരിച്ച ആദ്യ മലയാള സിനിമ. ബോംബെയിൽ ബിസിനസ്സ്കാരനായിരുന്ന തന്റെ സുഹൃത്ത് ഗോപന്റെ (മധു) തിരോധാനത്തെ തുടർന്ന് പ്രിയ സുഹൃത്ത് ഭാസി തിരക്കി വരുന്നിടത്താണ് സിനിമ തുടങ്ങുന്നത്. ചിത്രത്തിലെ വില്ലൻ ഗോപൻ ആയത് സംവിധായകൻ തന്നെ. തീർത്തും നവ്യമായ ദൃശ്യപരിചരണം. യു രാജഗോപാലിന്റെ ക്യാമറ ഇന്നും വിസ്മയപ്പെടുത്തുന്നു. ചിത്രത്തിലെ ബി.ജി.എം നെ പറ്റി ഒരിക്കൽ മധു സാറിനോട് ചോദിച്ചു. അദ്ദേഹം ചിരിച്ചു കൊണ്ട് പറഞ്ഞു. "വ്യത്യസ്തമായി തോന്നി അല്ലെ? കാരണമുണ്ട്. പ്രിയക്ക് ഒരു പശ്ചാത്തല സംഗീത സംവിധായകൻ ഇല്ല, മലയാളത്തിന് മധു സാർ കൊടുത്ത സംഭാവനകളിൽ "പ്രിയ" അഗ്രസ്ഥാനത്ത് നിൽക്കുന്നു കാലം അതിനിയും വീണ്ടെടുക്കും'.
ഉറൂബ് (പിസി കുട്ടിക്കൃഷ്ണൻ) -ഉമ്മാച്ചു
മലയാള നോവലിന്റെ ചരിത്രത്തില് പുതിയൊരു അദ്ധ്യായം എഴുതിച്ചേര്ത്തുകൊണ്ടാണ് ഉമ്മാച്ചു സാഹിത്യ ലോകത്തെത്തുന്നത്. ഉമ്മാച്ചുവിന്റെ മാത്രമല്ല, മായന്റെയും ബീരാന്റെയും ചാപ്പുണ്ണിനായരുടെയും ലക്ഷ്മിയമ്മയുടെയുമൊക്കെ കഥയാണ് ഉമ്മാച്ചു. മായൻ എന്ന കഥാപാത്രത്തെയാണ് മധു അവതരിപ്പിച്ചത്. 1971-ലെ ഏറ്റവും മികച്ച കഥക്കുള്ള സംസ്ഥാന അവാർഡ് ഉറൂബിന് ഈ സിനിമയിലൂടെ ലഭിച്ചിട്ടുണ്ട്. ഷീല ഉമ്മാച്ചുവായും നെല്ലിക്കോട് ഭാസ്കരൻ ബീരാനായും അണിനിരന്ന സിനിമ മറ്റൊരു ക്ലാസിക്കാണ്.
മുറപ്പെണ്ണ് (സ്നേഹത്തിന്റെ മുഖങ്ങൾ), ഓളവും തീരവും, വിത്തുകൾ, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, നഗരമേ നന്ദി, മാപ്പുസാക്ഷി എന്നിങ്ങനെ നീണ്ട നിരയാണ് എം ടി വാസുദേവൻ നായർ-മധു കൂട്ടുകെട്ടിലൊരുങ്ങിയ സിനിമകൾ. കൂടാതെ ജി വിവേകാനന്ദന്റെ കള്ളിചെല്ലമ്മ, മഴക്കാറ്, അരിക്കാരി അമ്മു എന്നീ സിനിമകളും പി പത്മരാജന്റെ ഇതാ ഇവിടെ വരെ, വാടകയ്ക്ക് ഒരു ഹൃദയം എന്നീ നോവലുകളുടെ ചലച്ചിത്ര രൂപാന്തരങ്ങളിലും എം കെ ചന്ദ്രശേഖരനോടൊപ്പം അപരൻ, മുട്ടത്തു വർക്കിയുടെ പട്ടു തൂവാല എന്നിങ്ങനെയുള്ള സിനിമകളിലും മധു വേഷമിട്ടിട്ടുണ്ട്. ഇങ്ങനെ നിരവധി പുസ്തക താളിലെ കഥാപാത്രങ്ങൾക്ക് മധു ജീവന് നല്കി.