അഭിനേതാക്കളെ പൊതുവേ രണ്ടായി തരം തിരിക്കാറുണ്ട്. കഥാപാത്രത്തെ തന്നിലേക്ക് സാംശീകരിക്കുന്ന നടന്മാരും കഥാപാത്രമായി അടിമുടി മാറുന്ന നടന്മാരും. മെത്തേഡ് ആക്ടിങ് എന്ന് വിളിക്കാവുന്ന ഈ രണ്ടാമത്തെ വിഭാഗത്തിലാണ് മമ്മൂട്ടി ഉൾപ്പെടുന്നതെന്ന് സിനിമാ നിരീക്ഷകർ അഭിപ്രായപ്പെടുന്നു. ഓരോ കഥാപാത്രത്തിലും മമ്മൂട്ടി എന്ന നടൻ സൂക്ഷിക്കുന്ന ഒരു ജാഗ്രതയുണ്ട്. ഇതിന് മമ്മൂട്ടിയുടെ പൊലീസ് കഥാപാത്രങ്ങൾ ഏറ്റവും മികച്ച ഉദാഹരണമാണ്. യൂണിഫോമിൽ നിൽക്കുന്ന മമ്മൂട്ടിയുടെ വിവിധ ഫോട്ടോകൾക്കിടയിലും 'ഇൻസ്പെക്ടർ ബൽറാമി'നെയും, 'ഉണ്ട'യിലെ മണി സാറിനെയും, 'കസബ'യിലെ രാജൻ സക്കറിയേയും, 'രാക്ഷസരാജാവി'ലെ രാമനാഥനെയും മലയാളിയ്ക്ക് പകൽ പോലെ വേർതിരിച്ചറിയാൻ കഴിയും.
'അമര'ത്തിലെ അച്ചൂട്ടി അടിമുടി അരയനാണ്. ശബ്ദം കൊണ്ടും ഭാവം കൊണ്ടും വേഷം കൊണ്ടും അച്ചൂട്ടിയെ അല്ലാതെ മമ്മൂട്ടിയെ അതിൽ കാണാൻ കഴിയില്ല. 'മൃഗയ'യിലും 'തനിയാവർത്തന'ത്തിലുമൊക്കെ ഇതേ അദ്ഭുതം കാണാം. ഒരേ വർഷം 'പൊന്തൻമാട'യായും ഭാസ്കര പട്ടേലരായും ഭാവപകർച്ച നടത്താൻ കഴിയുന്ന പ്രതിഭാസത്തിന്റെ പേര് കൂടിയാണ് മമ്മൂട്ടി. 'വടക്കൻ വീരഗാഥ'യിൽ മമ്മൂട്ടി ചെയ്ത പോലെയൊരു വേഷം തനിക്ക് ചെയ്യാൻ കഴിഞ്ഞേക്കില്ലെന്ന് തുറന്ന് പറഞ്ഞത് മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാൽ തന്നെയാണ്. അംബേദ്കറായി മമ്മൂട്ടി സ്ക്രീനിലെത്തിയപ്പോൾ അത് ലോക നിലവാരത്തിലുള്ള കാഴ്ചാനുഭവമായി. വാണിജ്യ സിനിമ എന്നതിലുപരി മമ്മൂട്ടിയിലെ നടന്റെ റേഞ്ച് കാണിച്ചു തരുന്നതായിരുന്നു 'രാജമാണിക്യം' എന്ന ചിത്രം.
മിമിക്രി പരിപാടികളിലൂടെ പൊതുവേ ഹാസ്യവത്കരിക്കപ്പെട്ട തിരുവനന്തപുരം ശൈലിയിൽ മകനെ തള്ളിപ്പറഞ്ഞ അമ്മയ്ക്ക് മുന്നിൽ മാണിക്യം, വൈകാരികമായി തൊണ്ടയിടറി സംസാരിച്ചപ്പോൾ പ്രേക്ഷകനെഞ്ചും ഒപ്പം ഉലഞ്ഞിട്ടുണ്ടാകും. അയാൾ സ്ക്രീനിൽ കരയണമെന്നില്ല. ആ തൊണ്ട ഒന്നിടറിയാൽ പ്രേക്ഷകർ ഒപ്പം കരഞ്ഞു പോകും. 'കഥപറയുമ്പോൾ', 'വർഷം', 'പേരൻപ്' തുടങ്ങിയ അനേകം സിനിമകൾ ഇതിന് ഉദാഹരണമാണ്.
കൊവിഡിന് ശേഷം തിയേറ്ററുകളിലേക്ക് ആളെക്കയറ്റിയ തിയേറ്ററുകളുടെ രക്ഷകനായി മമ്മൂട്ടി എത്തിയപ്പോൾ 'പ്രീസ്റ്റാ'യി മറ്റൊരു ഭാവാഭിനയമാണ് താരം കൈകാര്യം ചെയ്തത്. പിന്നെ മലയാളി പ്രേക്ഷകർ കണ്ടത് മമ്മൂട്ടിയുടെ മറ്റൊരു ഞട്ടിക്കുന്ന ലുക്കായിരുന്നു. നെറ്റിയിൽ ചാഞ്ഞു കിടക്കുന്ന മുടിയും ഗോൾഡൻ ഫ്രെയ്മുള്ള കണ്ണടയും വെച്ചിരിക്കുന്ന ഭീഷ്മ പർവ്വത്തിലെ മൈക്കിളപ്പൻ ഒരേ സമയം ശാന്തനായ കാരണവരും ഒപ്പം തന്റെ കുടുംബത്തെ നോവിക്കുന്നവരെ ഉന്മൂലനം ചെയ്യാൻ മടിയില്ലാത്ത, ആരേയും കൈക്കരുത്ത് കൊണ്ട് അടിച്ചിടാൻ കെൽപ്പുള്ള മാസ് കഥാപാത്രവുമാണ്.
2022, മാർച്ചിൽ ഭീഷ്മയിലെ മമ്മൂട്ടിയെ മാസ് ബിജിഎമ്മിൽ യുവാക്കൾ തകർത്താഘോഷിച്ചപ്പോൾ സേതുരാമയ്യരെ നെഞ്ചിലേറ്റിയ ജനറേഷനിലുള്ള സിനിമപ്രേമികൾക്ക് വിരുന്നായത് സിബിഎ-5 ആയിരുന്നു. 1988-ൽ പുറത്തിറങ്ങിയ 'ഒരു സിബിഐ ഡയറിക്കുറിപ്പി'ലെ സേതുരാമയ്യർ എങ്ങനെയായിരുന്നോ, അണുവിട വ്യത്യാസമില്ലാതെ 34 വർഷങ്ങൾക്ക് ശേഷവും അതേ അയ്യരാകാൻ മമ്മൂട്ടിക്ക് കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ സിനിമയോടുള്ള അർപ്പണ ബോധവും കൂടിയാണ് പ്രകടമാക്കുന്നത്. ലുക്കും സംസാരവും മാത്രമല്ല, നോട്ടത്തിലും ഭാവത്തിലും നടത്തത്തിലും അങ്ങനെ എല്ലാ മാനറിസത്തിലും അയ്യർ കാണികളെ വിസ്മയിപ്പിച്ചു.
പ്രവർത്തിച്ചു പരിജയമുള്ള സംവിധായകർക്കും അണിയറപ്രവർത്തകർക്കൊപ്പവും മാത്രമല്ല, നവാഗത-യുവ സംവിധായകർക്കും പ്രവർത്തകർക്കുമൊപ്പം പ്രവർത്തിച്ച്, തന്നെ സ്വയം നവീകരിക്കുകയായിരുന്നു മമ്മൂട്ടി. അതിനുദാഹരണമാണ് രത്തീനയുടെ 'പുഴു'വും നിസാം ബഷീറിന്റെ 'റോഷാക്കു'മൊക്കെ. ടോക്സിക് പാരന്റിങ്ങും സവർണ മേധാവിത്തം കാത്തുസൂക്ഷിക്കുന്ന അഭിമാനിയായ, ഉന്നത കുലജാതനായ പുഴുവിലെ കുട്ടൻ പ്രേക്ഷകരെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്ന കഥാപാത്രമാണ്. എന്നാൽ ഇതിൽ നിന്നും മറ്റൊരു അന്തരത്തിലുള്ള കഥാപാത്രമാണ് റോഷാക്കിലെ ലൂക്ക് ആൻ്റണിയുടേത്. തന്റെ ഭാര്യ മരിക്കാൻ കാരണക്കാരനായവനെയും അയാളുടെ കുടുംബത്തെയും മുച്ചൂടും മുടിക്കാനായെത്തുന്ന ഒരു തനി സൈക്കോ കില്ലറെയാണ് മമ്മൂട്ടി റോഷാക്കിൽ അവതരിപ്പിച്ചത്.
നായകനുമല്ല, വില്ലനുമല്ല, സൈക്കോയുമല്ല, അടുത്ത ചിത്രത്തിൽ ജെയിംസ് എന്ന തനി നാടക്കാരനെയും സുന്ദരമെന്ന തമിഴനെയും ഒരുപോലെ അഭിനയിച്ച മമ്മൂട്ടിയുടെ പകർന്നാട്ടം ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'നൻപകൽ നേരത്ത് മയക്ക'ത്തിലെ ഹൈലൈറ്റാണ്. ഒരു സിനിമയിൽ രണ്ട് ഭാഷ കൈകാര്യം ചെയ്യുന്ന, രണ്ട് സ്വഭാവമുള്ള, രണ്ട് പെരുമാറ്റങ്ങളുള്ള കഥാപാത്രം. ലിജോയുടെ ഡയറക്ടർ ബ്രില്യൻസിനെ അഭിനന്ദിക്കാതെ വയ്യെങ്കിലും മമ്മൂട്ടി തിരശീലയിൽ ആടിത്തകർക്കുന്നത് അത്ഭുതത്തോടെയല്ലാതെ മലയാളി പ്രേക്ഷകർക്ക് കാണാൻ കഴിയില്ല.
ഭാഷയും ദേശവും വിട്ട് രജിനീകാന്ത്, അരവിന്ദ് സ്വാമി, അമിരേഷ് പുരി തുടങ്ങി ഇന്ത്യൻ സിനിമയിലെ മികച്ച താരങ്ങൾക്കൊപ്പം അഭിനയിക്കുമ്പോഴും സ്ക്രീനിൽ മമ്മൂട്ടി അഭിനയമികവോടെ തലയുയർത്തി നിൽക്കുന്നത് ഒരു നോട്ടത്തിൽ പോലും അദ്ദേഹത്തിലെ നടൻ പുലർത്തുന്ന സൂക്ഷ്മത കൊണ്ടാണ്. മലയാള സിനിമയുടെ പകരക്കാരില്ലാത്ത ഈ അമരക്കാരന്റെ അഭിനയ മുഹൂർത്തങ്ങൾക്കായി മലയാളികൾ എത്ര കാത്തിരിക്കുന്നുവോ അതിന്റെ നൂറിരട്ടി വേറിട്ട കഥാപാത്രങ്ങൾക്കായി ആവേശത്തോടെ ആർത്തിയോടെ കാത്തിരിക്കുകയാണ് ഈ അതുല്യ പ്രതിഭയും.