

ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തില്‍ തിളങ്ങിയ ചിത്രം ആട്ടം വീണ്ടും തിയേറ്ററുകളിലേക്ക്. സിനിമയുടെ സംവിധായകൻ ആനന്ദ് ഏകര്‍ഷി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. 'ആട്ടം വീണ്ടും തിയേറ്റുറുകളിലേക്ക്. കാണാത്തവരും വീണ്ടും കാണാൻ ആഗ്രഹിക്കുന്നവരും ആട്ടം തിയേറ്ററിൽ തന്നെ പോയി കാണണം എന്ന് അതിയായി ആഗ്രഹിക്കുന്നു,' എന്ന് അദ്ദേഹം കുറിച്ചു.
കഴിഞ്ഞ ദിവസം നടന്ന ദേശീയ പുരസ്കാര പ്രഖ്യാപനത്തിൽ മികച്ച ചിത്രം, മികച്ച എഡിറ്റിംഗ്, മികച്ച തിരക്കഥ എന്നീ വിഭാഗങ്ങളിൽ പുരസ്കാരം നേടിയ ചിത്രമാണ് ആട്ടം. 2024 ജനുവരി 5നാണ് ചിത്രം റിലീസ് ചെയ്തത്. 2023ലെ ഐഎഫ്എഫ്കെ അടക്കമുള്ള ഫെസ്റ്റിവലുകളില്‍ ചിത്രം മത്സരിക്കുകയും പുരസ്കാരങ്ങള്‍ സ്വന്തമാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രം റിലീസ് ചെയ്തത്.
പന്ത്രണ്ട് നടന്മാരും ഒരു നടിയുമുള്ള നാടക ഗ്രൂപ്പ്, അവിടുണ്ടാകുന്ന അസ്വാരസ്യങ്ങളും വൈരുധ്യങ്ങളും സംഘർഷങ്ങളും പറയുന്ന ചിത്രമാണ് ആട്ടം. നിരവധി ചലച്ചിത്ര മേളകളിൽ പ്രശംസയേറ്റുവാങ്ങിയ ചിത്രത്തിന് തിയേറ്ററിൽ വലിയ കാഴ്ച്ചക്കാരെ സമ്പാദിക്കാൻ സാധിച്ചിരുന്നില്ല. സിനിമാ നിരൂപകരും ആട്ടം തിയേറ്ററിൽ കണ്ടിറങ്ങിയ പ്രേക്ഷകരും ഒരിക്കലും മിസ് ചെയ്യാനാകാത്ത ചിത്രം എന്നാണ് വിശേഷിപ്പിച്ചത്.
കലാഭവൻ ഷാജോൺ, വിനയ് ഫോർട്ട്,അജി തിരുവാങ്കുളം, ജോളി ആന്റണി, മദൻ ബാബു, നന്ദൻ ഉണ്ണി, പ്രശാന്ത് മാധവൻ, സന്തോഷ് പിറവം, സെല്‍വരാജ് രാഘവൻ, സിജിൻ സിജീഷ്, സുധീര്‍ ബാബു, സെറിൻ ഷിഹാബ് എന്നിവരാണ് പ്രധാനവേഷത്തിലെത്തിയത്. ഛായാഗ്രാഹണം അനുരുദ്ധ് അനീഷായിരുന്നു.