സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന ഡർബി നാളെ റിലീസിനൊരുങ്ങുകയാണ്. ഡിമാൻസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ മൻസൂർ അബ്ദുൽ റസാഖാണ് ഡർബിയുടെ നിർമ്മാണം നിർവഹിക്കുന്നത്. ചിത്രം ഒരു പക്കാ എന്റർടൈനർ ആണെന്ന് പറയുകയാണ് സംവിധായകൻ സജിൽ മമ്പാട്. ഫസ്റ്റ് ഇയറിൽ കയറി തേർഡ് ഇയറിൽ ഇറങ്ങി പോകുന്ന ഫീൽ ഈ സിനിമ നൽകുമെന്നും റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ സജിൽ മമ്പാട് പറഞ്ഞു.
ഡർബി ഒരു പക്കാ എന്റർടൈനർ
ഡർബി ഒരു പക്കാ എൻ്റർടെയ്നർ സിനിമയാണ്. ഒരു ക്യാമ്പസിൽ നടക്കുന്നത് എല്ലാം ഈ സിനിമയിലുണ്ട്. കോളേജിനെ മിസ് ചെയ്യുന്നവർ കോളേജിലേക്ക് തിരികെ പോകാൻ ആഗ്രഹിക്കുന്നവർക്ക് ഒക്കെ ഈ സിനിമ ഇഷ്ടമാകും. ഫസ്റ്റ് ഇയറിൽ കയറി തേർഡ് ഇയറിൽ ഇറങ്ങി പോകുന്ന ഫീൽ ഈ സിനിമ നൽകും. ഒരുപാട് ട്വിസ്റ്റുകളോ വലിയ സംഭവങ്ങളോ ഈ സിനിമയിലില്ല, ഇതൊരു ഫൺ എന്റർടൈനർ ആണ്.
കടകൻ മുതൽ ഡർബി വരെ
കടകൻ ആദ്യ സിനിമ ആയതുകൊണ്ട് തന്നെ അതിന്റെതായ ടെൻഷൻ ഉണ്ടായിരുന്നു. അത് മേക്ക് ചെയ്യുന്ന സമയത്തും ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഡർബി വലിയ കാൻവാസ് ആണ്. ആർട്ടിസ്റ്റുകളും ഒരുപാട് ഉണ്ട്, ഒരു സീനിൽ തന്നെ ഒരുപാട് ആർട്ടിസ്റ്റുകൾ ഉണ്ട്. കടകൻ കുറച്ച് ആർട്ടിസ്റ്റുകളെ വെച്ച് സമാധാനപരമായി ചെയ്യാൻ പറ്റിയ പടമായിരുന്നു. ഡർബി പക്കാ ഒരു ബഹളം ആണ്. ആർട്ടിസ്റ്റുകളെ, ജനങ്ങളെ ഹാൻഡിൽ ചെയ്യുന്നത് ഒക്കെ പാടായിരുന്നു. വർക്കിംഗ് ഡെയ്സിൽ ആയിരുന്നു കോളേജിൽ ഷൂട്ട് ചെയ്തത്. അങ്ങനെ ഒരുപാട് പരിമിതികൾക്കിടയിൽ നിന്ന് ഒരു ബഹളം സിനിമ വളരെ വൃത്തിക്ക് സമാധാനമായി നമുക്ക് എടുക്കാൻ പറ്റിയിട്ടുണ്ട്. അഭിനന്ദൻ രാമാനുജം ആണ് സിനിമയുടെ ഛായാഗ്രാഹകൻ. അദ്ദേഹം അജിത് ചിത്രം ഗുഡ് ബാഡ് അഗ്ലി കഴിഞ്ഞു നേരെ വന്നു ചെയ്ത സിനിമയാണിത്. അദ്ദേഹം 100 കോടി 200 കോടി സിനിമ ചെയ്തിട്ട് മിനിമൽ ബജറ്റിൽ ക്യാമ്പസ് ചെയ്യുമ്പോൾ അതിന്റെതായ പ്രയാസം പുള്ളിക്കും ഉണ്ടായി.
കാസ്റ്റിംഗ്
എഴുതി വരുമ്പോൾ തന്നെ അമീനിന്റെ കഥാപാത്രം ഫിക്സ് ആയിരുന്നു. ബാക്കിയുള്ള കഥാപാത്രങ്ങൾ പതിയെ വന്നതാണ്. സാഗർ സൂര്യയും ഈ സിനിമയിൽ വേണമെന്ന് എനിക്കുണ്ടായിരുന്നു. പടം തുടങ്ങി രണ്ടാം ദിനം വന്നു ജോയിൻ ചെയ്തവർ വരെയുണ്ട്. കഥാപാത്രത്തിന് അനുയോജ്യമായവർ തന്നെ ഈ സിനിമയിൽ അഭിനയിക്കണമെന്ന് എനിക്കുണ്ടായിരുന്നു. ക്യാമ്പസ് പടം ചെയ്യുമ്പോൾ വയസ് കൂടിയവരെ വയസ് കുറച്ച് അവതരിപ്പിച്ചാൽ ട്രോളുകൾ വരും അതുകൊണ്ട് അങ്ങനെ സംഭവിക്കരുത് എന്നുണ്ടായിരുന്നു. അമീൻ അടക്കമുള്ളവർ ഇപ്പോൾ കോളേജ് കഴിഞ്ഞവർ ആണ്. അവരിൽ നിന്നുള്ള ഇൻപുട്ടുകളും സിനിമയിൽ ഉണ്ട്.
ആടും ധുരന്ദറുമായുള്ള ക്ലാഷ്
നിലവിൽ ഞങ്ങൾ പ്രതീക്ഷിച്ച തിയേറ്ററുകളേക്കാൾ കൂടുതൽ ഞങ്ങൾക്ക് കിട്ടി. ഞങ്ങളുടെ നാടായ വണ്ടൂരിൽ ഞങ്ങൾക്ക് ഷോ കിട്ടിയില്ല. അതിന്റെ ഒരു പ്രയാസം ഉണ്ട്. ആടും ധുരന്ദറുമെല്ലാം നമ്മൾ കാണാൻ ആഗ്രഹിക്കുന്ന നമ്മൾ റഫറൻസ് എടുക്കുന്ന സിനിമകൾ ആണ്. പക്ഷെ നമ്മുടെ പടത്തിൽ നമുക്കൊരു കോൺഫിഡൻസ് ഉണ്ട്. മുന്നത്തെ സിനിമയേക്കാൾ ഞാനും എന്റെ ടീമും ഹാപ്പിയാണ്.
പ്രേക്ഷകരോട്
ഒരു പക്കാ എൻ്റർടെയ്നർ പടം ആണ്, വളരെ സമാധനപൂർവം വന്നു കാണാൻ കഴിയുമെന്ന വിശ്വാസം എനിക്കുണ്ട്. പ്രേക്ഷകർ എല്ലാവരും തിയേറ്ററിൽ നിന്ന് തന്നെ കാണണം.
Content Highlights: Sajil mampad talks about derby movie and its making