'പാട്ടിനേക്കാൾ കൗതുകം എന്റെ പേരിൽ, തലവരയിലെ ഗാനങ്ങൾ പതിവ് ഴോണറിൽ നിന്ന് വ്യത്യസ്തം'; ഇലക്ട്രോണിക് കിളി

തലവര സിനിമയിലേക്ക് എത്തിയത് സുഷിൻ ശ്യാം വഴിയാണ്. മഹേഷ് നാരായണനെ ചെന്നുകാണാൻ പറഞ്ഞത് സുഷിൻ ആണെന്ന് ഇലക്ട്രോണിക് കിളി പറയുന്നു

വാഴ സിനിമയിലെ 'ഹേ ബനാനേ' എന്ന പാട്ട് ഹിറ്റായപ്പോഴാണ് ഇതിന് പിന്നിൽ പ്രവർത്തിച്ച സംഗീത സംവിധായകൻ ഇലക്ട്രോണിക് കിളി എന്ന സ്റ്റെഫിന്‍ ജോസിനെ സോഷ്യൽ മീഡിയ ശ്രദ്ധിച്ചു തുടങ്ങുന്നത്. പേരിലെ വ്യത്യസ്തത ഇദ്ദേഹത്തിന്റെ പാട്ടിലും ഉണ്ടായിരുന്നു. 'ഹേ ബനാനേ' പോലെ മറ്റൊരു പാട്ടു കൂടി ഇപ്പോൾ ട്രെൻഡിങ്ങിലാണ്. അഖില്‍ അനില്‍കുമാർ സംവിധാനത്തിൽ റിലീസിനൊരുങ്ങുന്ന തലവര സിനിമയിലെ 'കണ്ട് കണ്ട്' എന്ന ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്. സംഗീത സംവിധാനം മാത്രമല്ല, ആ ഗാനം പാടിയത് സ്റ്റെഫിനും കൂടി ചേര്‍ന്നാണ്. സിനിമയിലേക്ക് എത്തിയതിനെക്കുറിച്ചും പാട്ടുകളെക്കുറിച്ചും റിപ്പോർട്ടർ ടിവിയോട് സംസാരിക്കുകയാണ് സ്റ്റെഫിന്‍.

തലവര സിനിമയിലെ പാട്ടുകൾ പതിവ് ഴോണറിൽ നിന്ന് വ്യത്യസ്തം

ഈ സിനിമ എന്റെ പതിവ് ഴോണറിൽ നിന്ന് വ്യത്യസ്തമാണ്. 'കണ്ട് കണ്ട്' എന്ന ഗാനമാണ് ഞാൻ തലവരയിൽ ആദ്യം ചെയ്തത്. മുഴുവന്‍ ഷൂട്ടിങ്ങും എഡിറ്റിങ്ങും കഴിഞ്ഞാണ് ഞാന്‍ ഈ സിനിമയിലേക്കെത്തുന്നത്. ലിറിക്‌സ് ആണ് ആദ്യം കിട്ടിയത്. മുത്തുവാണ് സിനിമയ്ക്ക് പാട്ടുകൾ എഴുതിയത്. നല്ല കംഫർട്ടബിൾ ആണ് അദ്ദേഹവുമായി വർക്ക് ചെയ്യാൻ. പുതിയ ആളാണ് ഞാൻ എന്നൊരു ചിന്ത അവർക്ക് ഉണ്ടായിരുന്നില്ല. വിശ്വസിച്ചാണ് എല്ലാം ഏൽപിച്ചത്.

ആറ് പാട്ടുകളും ഒരു ബിറ്റ് സോങ്ങുമാണ് സിനിമയിലുള്ളത്. ഫ്ളൂട്ടും തബലയും ഉപയോ​ഗിച്ചുള്ള പാട്ടുകളുണ്ട്. എനിക്ക് ഇപ്പോഴാണ് ഈ ടൈപ്പ് പാട്ടുകളും എന്നെ കൊണ്ട് ചെയ്യാൻ പറ്റും എന്ന് മനസിലായത്. ഞാൻ ഇന്‍ഡിപെന്‍ഡന്റായി സ്‌കോര്‍ ചെയ്യുന്നതും ഈ സിനിമയിലാണ്. സംവിധായകന്റെ അഭിപ്രായങ്ങള്‍ ചോദിച്ചുതന്നെയാണ് വര്‍ക്ക് ചെയ്തത്. സിനിമ വരുന്നതിന് മുന്‍പ് കണ്ട് കണ്ട് ഉള്‍പ്പെടെ മൂന്ന് പാട്ടുകളുടെ റിലീസാണ് പ്ലാന്‍ ചെയ്തിരിക്കുന്നതെന്ന് തോന്നുന്നു. സംവിധായകന്‍ അഖില്‍ അനില്‍കുമാറിന് കുറേ ആശയങ്ങളുണ്ടായിരുന്നു. അതനുസരിച്ചാണ് ചെയ്തത്.

സുഷിൻ ശ്യാം വഴിയാണ് തലവരയിലേക്ക് എത്തിയത്

സുഷിൻ ശ്യാം വഴിയാണ് തലവര സിനിമയിലേക്ക് എത്തിയത്. മഹേഷ് നാരായണനെ ചെന്നുകാണാൻ പറഞ്ഞത് സുഷിനാണ്. സിനിമയുടെ പ്രൊഡ്യൂസർമാരിൽ ഒരാളാണ് മഹേഷേട്ടൻ. എനിക്ക് ചെയ്യാനറിയുന്നതും കംഫര്‍ട്ടബിളായതും ഇലക്ട്രോണിക് മ്യൂസിക്കാണ്. പക്ഷേ, തലവരയില്‍ കുറച്ച് നാടന്‍ ശൈലിയിലുള്ള മ്യൂസിക്കാണ് വേണ്ടിയിരുന്നത്. എനിക്ക് മാനേജ് ചെയ്യാന്‍ പറ്റുമെന്ന് തോന്നി. ഒന്നുരണ്ട് പാട്ടുകള്‍ ചെയ്തിട്ട് ഇത് വര്‍ക്കാകുമോ എന്ന് നോക്കാമെന്ന് ഞാന്‍ മഹേഷേട്ടനോട് പറഞ്ഞു. തലവരയില്‍ ബാക്ക്​ഗ്രൗണ്ട് സ്‌കോറും ചെയ്യുന്നുണ്ട്.

ഇലക്ട്രോണിക് കിളി എന്ന പേര് വന്ന വഴി

ഒരു ട്രാക്കിനുവേണ്ടി ഇട്ട പേരാണ് ഇലക്ട്രോണിക് കിളി എന്നത്. പിന്നെ ഇൻസ്റ്റയിലും ആ പേര് തന്നെ ഇട്ടു. സ്റ്റെഫിന്‍ ജോസ് എന്ന പേരിലേക്ക് തിരിച്ച് വരാൻ വീട്ടിൽ നിന്ന് പറയാറുണ്ട്. പക്ഷെ ഇപ്പോൾ അവരും ഈ പേരിനോട് പൊരുത്തപ്പെട്ടു. ആദ്യം വീട്ടുകാർക്ക് ഈ പേരിൽ ബുദ്ധിമുട്ട് ഉണ്ടായിരുന്നു ഇപ്പോൾ ഓക്കേ ആണ്. എനിക്ക് തോന്നുന്നത് എന്റെ പാട്ടിനേക്കാൾ ആളുകൾക്ക് കൗതുകം എന്റെ പേരിനോടാണ്. അറിയാതെ തന്നെ ഒരു പ്രമോഷൻ ആയെന്നാണ് തോന്നുന്നത്.

അധികം ആള്‍ക്കാരുമായി ഇടപഴകുന്നതും അറിയപ്പെടുന്നതും ഇഷ്ടമില്ലാതിരുന്നതിനാല്‍ ആ പേരില്‍തന്നെ തുടരാമെന്ന് വെച്ചു. ഞാൻ ഒരു ഇൻട്രോവേർട്ട് അല്ല. എന്റെ കംഫോർട്ട് സോണിൽ ആണ് എനിക്ക് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ പറ്റുന്നത്. അതുകൊണ്ട് തന്നെയാണ് സോഷ്യൽ മീഡിയയിൽ നിന്നും ആളുകൾക്കിടയിൽ നിന്നെല്ലാം മാറി നടക്കുന്നത്.

സംഗീത സംവിധാനത്തിലേക്ക് എത്തിയതിനെക്കുറിച്ച്

അങ്കിത് മേനോനുമായി പരിചയപ്പെട്ടതിന് ശേഷമാണ് ജയ ജയ ജയഹേ സിനിമയിൽ മ്യൂസിക് പ്രൊഡ്യൂസറാകുന്നത്. നാലു കൊല്ലത്തോളം അങ്കിത് മേനോനെ അസിസ്റ്റ് ചെയ്തു. എക്‌സ്ട്രാ ഡീസന്റ്, ഗുരുവായൂരമ്പലനടയില്‍ തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്തു. 'വാഴ'യിലെത്തിയപ്പോള്‍ ഇന്‍ഡിപെന്‍ഡന്റായി ഒരു ട്രാക്ക് ചെയ്യാന്‍ ഒരവസരം കിട്ടി. വാഴയ്ക്ക് ശേഷം കുറച്ചുനാള്‍ വെറുതെയിരുന്നു. വാഴയിലെ പാട്ട് മാത്രമാണ് വലിയ ഇംപാക്ട് ഉണ്ടാക്കിയത്.

വരാനിരിക്കുന്ന പ്രോജക്ടുകൾ

മേനെ പ്യാര്‍ കിയ എന്ന ചിത്രത്തിൽ പാട്ടുകൾ ചെയ്യുന്നുണ്ട്. ഭാസിയുടെ സിനിമയിൽ പാട്ടുകൾ ഉണ്ട്. സിനിമയുടെ റിലീസ് ഡിസംബറിൽ ആണ്. സിനിമകൾ കേൾക്കുന്നുണ്ട്. സമയം പോലെ നല്ല വർക്കുകൾ ചെയ്യണം എന്നുണ്ട്. എല്ലാം ചെറിയ ചെറിയ ചിത്രങ്ങളാണ് പക്ഷെ നല്ല കഥകൾ ആണ്.

Content Highlights: Music director Electronic Kili talks about the movie songs in thalavara

To advertise here,contact us