മലയാളി പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച കേരള ക്രൈം ഫയല്‍സ് എന്ന സീരീസിന്റെ രണ്ടാം ഭാഗം എത്തിയിരിക്കുകയാണ്. ആദ്യ ഭാഗം ഒരുക്കിയ അഹമ്മദ് കബീര്‍ തന്നെ സംവിധാനം നിര്‍വഹിക്കുന്ന രണ്ടാം സീസണിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് കിഷ്കിന്ധാകാണ്ഡത്തിന്റെ തിരക്കഥാകൃത്ത് ബാഹുല്‍ രമേശാണ്. മികച്ച അഭിപ്രായം നേടുന്ന സീരിസില്‍, ഹിഷാം അബ്ദുള്‍ വഹാബ് ഒരുക്കിയ പാട്ടുകളും ബാക്ക്ഗ്രൗണ്ട് സ്കോറും കയ്യടി വാരിക്കൂട്ടുന്നുണ്ട്. സീരിസിലെ ഓരോ കഥാപാത്രങ്ങള്‍ക്കും മൃഗങ്ങള്‍ക്കും വരെ ഏറെ ശ്രദ്ധയോടെയാണ് മ്യൂസിക് നല്‍കിയതെന്നും ആദ്യ സീസണിന്റെ വിജയം മുന്നില്‍ ഉള്ളതുകൊണ്ട് രണ്ടാം സീസണില്‍ ഉത്തരവാദിത്തം കൂടുതലായിരുന്നുവെന്നും ഹിഷാം അബ്ദുള്‍ വഹാബ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
കേരള ക്രൈം ഫയല്‍ സീസണ് 2വിന് ലഭിച്ച സ്വീകാര്യത
ആദ്യ ഭാഗം റിലീസ് ചെയ്യുമ്പോള്‍ ഇത്രയധികം ക്രൈം സീരീസുകള്‍ ഉണ്ടായിരുന്നില്ല. ത്രില്ലറുകള്‍ മലയാളി ഓഡിയന്‍സ് കണ്ടു വരുന്നേ ഉണ്ടായിരുന്നുള്ളു. പക്ഷെ രണ്ടാം സീസണ് ഇറങ്ങുമ്പോള്‍ സൂപ്പര്‍ ഹിറ്റായ നിരവധി ക്രൈം സീരീസുകള്‍ പ്രേക്ഷകര്‍ കണ്ടുകഴിഞ്ഞു. അതുകൊണ്ടുതന്നെ വൈകാരികമായി ആളുകളെ പിടിച്ചിരുത്തുന്ന രീതിയില്‍ കെസിഎഫ് രണ്ടാം സീസണ് എടുക്കണമെന്ന വെല്ലുവിളി ഉണ്ടായിരുന്നു. ഞാന്‍ ഇതുവരെ ചെയ്ത റൊമാന്റിക് ട്രാക്ക്, ഫാമിലി ഡ്രാമയില്‍ നിന്നും തികച്ചും വ്യത്യസ്തമായാണ് ഇതില്‍ ചെയ്തത്. അതുകൊണ്ട് തന്നെ ആളുകള്‍ക്കും അതിലൊരു ആകാംക്ഷ ഉണ്ടായിരുന്നു. നല്ല രീതിയില്‍ പ്രേക്ഷകര്‍ അതിനെ സ്വീകരിച്ചു എന്നതില്‍ സന്തോഷം ഉണ്ട്.
സീരിസിലെ റാപ്പ് മ്യൂസിക്
ഏറെ റിസര്‍ച്ച് നടത്തിയതിന് ശേഷമാണ് റാപ്പ് മ്യൂസിക് ഉള്‍പ്പെടുത്തിയത്. ക്ലീഷേ പോലെയോ അലോസരപ്പെടുത്തുന്ന രീതിയിലോ ആകാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു. ഈ സീരീസ് ക്രൈമിലും അതുമായി ബന്ധപ്പെട്ട ഇമോഷന്‍സിലുമാണ് ഫോക്കസ് ചെയ്യുന്നത് എന്നും, അതുകൊണ്ട് തന്നെ മ്യൂസിക് വല്ലാതെ ത്രില്ലറിലേക്ക് പോകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അഹമ്മദിന്റെ നിര്‍ദേശം ഉണ്ടായിരുന്നു.
ഡാര്‍ക്ക് മോഡിലേക്ക് പോകാതെ ഒരു സറ്റല്‍ ഫീല്‍ കൊണ്ടുവന്ന് കൂടുതലും സംഭാഷണങ്ങളില്‍ ശ്രദ്ധിച്ചാണ് മ്യൂസിക് ചെയ്തത്. നോണ്‍ ലീനിയര്‍ എഡിറ്റിലാണ് ഇതിന്റെ സീനുകള്‍ പോകുന്നത്. അതുകൊണ്ട് തന്നെ അതിനനുസരിച്ചാണ് മ്യൂസിക്. ഒരു വര്‍ഷത്തോളം സീരിസിനായി വര്‍ക്ക് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷമാണ് സ്കോര്‍ ചെയ്യാന്‍ തുടങ്ങിയത്, ഇതിനിടയില്‍ ഒരിക്കല്‍ ബ്രേക്ക് എടുത്തിരുന്നു. പിന്നീട് ബാഹുലിന്റെ കിഷ്കിന്ധാകാണ്ഡം ഇറങ്ങി, അപ്പോഴാണ് അദ്ദേഹത്തിന്റെ സ്റ്റൈലില്‍ കഥ പറയുന്ന രീതിയില്‍ മ്യൂസിക് ട്രൈ ചെയ്തത്.
മൃഗങ്ങള്‍ വരുന്ന രംഗങ്ങളിലെ മ്യൂസിക്
മൂന്നാമത്തെ എപ്പിസോഡ് വരെ വളരെ സോഫ്റ്റ് മോഡിലാണ് പെറ്റ്സിന്റെ(വളര്‍ത്തുമൃഗങ്ങള്‍) മ്യൂസിക്. എന്ത് ഇമോഷന് ആണ് പെറ്റ്സിന് നല്‍കേണ്ടതെന്ന് നാലാമത്തെ എപ്പിസോഡിലാണ് എനിക്കും മനസിലാകാന്‍ തുടങ്ങിയത്. കാരണം നാലാമത്തെ എപ്പിസോഡ് മുതലാണ് കഥയുമായി പെറ്റ്സ് കണക്ട് ആകുന്നത്.
ഇമോഷണല്‍ ത്രില്ലര്‍ ഫീല്‍
സാധാരണ ത്രില്ലര്‍ സിനിമകള്‍ എടുക്കുമ്പോള്‍ വില്ലന്മാരടക്കം ഓരോ കഥാപാത്രത്തിനും വ്യത്യസ്തമായ തീംസ് മ്യൂസിക്കില്‍ സെറ്റ് ചെയ്യും. രംഗങ്ങളിലും സമാനമായ രീതിയില്‍ മ്യൂസിക് സെറ്റുണ്ടാകും. പക്ഷേ ഈ സീരിസില്‍ അങ്ങനെയല്ല. സീരീസ് അവസാനിക്കുന്ന സമയത്ത് ക്ലൈമാക്സില്‍ പോലീസ് ഓഫീസറും വില്ലനും ഒരു ചിരി ചിരിക്കുന്നുണ്ട്. അവിടെയാണ് മ്യൂസിക്കിന്റെ ഹൈ വരുന്നത്. ആ ഭാഗത്ത് മാത്രം ഹൈ വരണമെന്ന് സംവിധായകന് ആദ്യം തന്നെ പറഞ്ഞിരുന്നു. ആ ഒരു കാര്യം ഉള്‍ക്കൊണ്ടുകൊണ്ടാണ് ആദ്യ എപ്പിസോഡ് മുതല്‍ ഞാന്‍ മ്യൂസിക് ചെയ്തു പോയിട്ടുള്ളത്. ഒരു സ്ഥലത്ത് പോലും ഹൈ കൊടുക്കാതെയാണ് അവസാനം വരെ കൊണ്ടുപോയിട്ടുള്ളത്. എങ്കിലേ അവസാനത്തെ ഹൈ വേണ്ടപോലെ ഇഫ്ക്റ്റീവ് ആകൂ. അതുതന്നെയായിരുന്നു ഇതിന്റെ ഏറ്റവും വലിയ വെല്ലുവിളി. കാരണം മറ്റു ത്രില്ലര്‍ സിനിമകളില്‍ എല്ലാം കഥയുടെ കൂടെ തന്നെ ഹൈ മ്യൂസിക് കൂടി കൊടുക്കുമ്പോഴാണ് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടാറുള്ളത്. അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ഈ സീരിസ്.
വരുംകാല പ്രോജക്ടുകള്‍
അര്ജുന് ദാസ് ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ലിസ്റ്റില്‍ ആദ്യം. അജിത് വിനായക പ്രൊഡക്ഷന്സില് ഷറഫുദ്ധീന്‍ നായകനാകുന്ന സിനിമയുടെ ഷൂട്ട് നടന്നുകൊണ്ടിരിക്കുകയാണ്. തമിഴില്‍ വണ്‍സ് മോര് എന്ന ഒരു സിനിമയും തെലുങ്കില്‍ രശ്മിക മന്ദാനയുടെ ഗേള്‍ ഫ്രണ്ട് എന്ന സിനിമയും റിലീസിനുണ്ട്. കന്നടയിലും എന്റെ ഒരു ചിത്രം അനൗണ്‍സ് ചെയ്തിട്ടുണ്ട്.
Content Highlights: Hisham Abdul Wahab shares music details from Kerala Crime File Season 2 with the reporter