തെന്നിന്ത്യൻ സൂപ്പർതാരം സൂര്യക്കൊപ്പമുള്ള അഭിനയനുഭവങ്ങളും സിനിമ വിശേഷങ്ങളും പങ്കുവെച്ച് നസ്ലെൻ. റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിലാണ് താരം സിനിമയിലെ രസകരമായ മുഹൂർത്തങ്ങൾ വെളിപ്പെടുത്തിയത്. സൂര്യ ചിത്രത്തിലെ ആക്ഷൻ രംഗങ്ങളും തന്റെ സിനിമാ തിരഞ്ഞെടുപ്പുകളെക്കുറിച്ചും നസ്ലെൻ സംസാരിച്ചു.
ചിത്രത്തിൽ ബോട്ടിൽ കൊണ്ട് അടിക്കുന്ന ഒരു രംഗത്തെക്കുറിച്ച് സംസാരിക്കവെയാണ് നസ്ലെൻ ഇക്കാര്യം വ്യക്തമാക്കിയത്. "ആ ബോട്ടിൽ എടുത്ത് അടിക്കുന്ന സീനിൽ ആദ്യത്തെ ടേക്കൊക്കെ കുറച്ച് പണി പാളിപ്പോയിരുന്നു. തലയ്ക്ക് അടിക്കണമല്ലോ. പക്ഷേ എനിക്കത് സ്ട്രോങ്ങായിട്ട് ചെയ്യാൻ പറ്റുന്നില്ല. എന്നാൽ സൂര്യ സാർ തന്നെ ധൈര്യമായി അടിച്ചോയെന്ന് പറഞ്ഞു. അങ്ങനെ ഞാനൊരു അടി കൊടുത്തു," നസ്ലെൻ പറഞ്ഞു. സൂര്യക്കൊപ്പമുള്ള തങ്ങളുടെ ആദ്യ കോമ്പിനേഷൻ രംഗം ഓട്ടോയിൽ വെച്ചുള്ളതായിരുന്നുവെന്നും താരം ഓർത്തെടുത്തു.
സിനിമയുടെ വിജയവും പ്രേക്ഷകരുടെ വലിയ സ്വീകരണവും വലിയ സന്തോഷം നൽകുന്നുണ്ടെങ്കിലും, ഈ വിജയത്തിന് ശേഷം തന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ലെന്ന് നസ്ലെൻ പറയുന്നു. താൻ ആഗ്രഹിച്ച കാര്യങ്ങളാണ് ഇപ്പോൾ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു.
മുൻകൂട്ടി പ്ലാൻ ചെയ്ത് സിനിമകൾ തിരഞ്ഞെടുക്കുന്ന രീതി തനിക്കില്ലെന്ന് നസ്ലെൻ വ്യക്തമാക്കി. കഥ കേൾക്കുമ്പോൾ തനിക്ക് കൗതുകം തോന്നുന്ന സിനിമകളാണ് തിരഞ്ഞെടുക്കാറുള്ളത്. മുൻകൂട്ടി പ്ലാൻ ചെയ്തുപോയാൽ പലപ്പോഴും അത് പാളിപ്പോകുമെന്നും താരം അഭിപ്രായപ്പെട്ടു. ഒരു സിനിമയെ പൂർണ്ണതയിലെത്തിക്കാൻ സംവിധായകരും തിരക്കഥാകൃത്തുക്കളും ഉണ്ടെന്നും, ചിത്രത്തിന്റെ ആവശ്യാനുസരണം കൃത്യമായ പരിശീലനം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യാറുണ്ടെന്നും നസ്ലെൻ കൂട്ടിച്ചേർത്തു.
Content Highlights: Actor Naslen shares his experiences of acting alongside Suriya and offers insights into the film SCENE. He also discusses his journey as an actor and his experiences in the film industry.