'നിങ്ങൾ എനിക്ക് വലിയ നഷ്ടമാണ് കരിയറിലും ജീവിതത്തിലും, 'അതിമനോഹരം' ബെസ്റ്റ് ആയിരുന്നുവെന്ന് ലോകം പറയും'; Tharun

ഷാജികുമാര്‍ തനിക്ക് ഛായാഗ്രാഹകന്‍ മാത്രമായിരുന്നില്ല, സഹോദരനായിരുന്നുവെന്ന് തരുണ്‍ പറഞ്ഞു

അന്തരിച്ച ഛായാഗ്രാഹകന്‍ ഷാജികുമാറിനെ ഓർത്ത് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. ഷാജികുമാര്‍ തനിക്ക് ഛായാഗ്രാഹകന്‍ മാത്രമായിരുന്നില്ല, സഹോദരനായിരുന്നുവെന്ന് തരുണ്‍ പറഞ്ഞു. കരിയറിലും ജീവിതത്തിലും വലിയ നഷ്ടമാണ് ഷാജികുമാറിന്റെ വിയോഗമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈകാരിക കുറിപ്പുമായി എത്തിയിരിക്കുകയാണ് തരുൺ മൂർത്തി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

'അതെ, ഇതായിരുന്നു ഞങ്ങളുടെ അവസാനത്തെ ഫോട്ടോ. അദ്ദേഹത്തെക്കുറിച്ച് മതിയാവോളം എഴുതാന്‍ എനിക്കാകില്ല. അദ്ദേഹം എനിക്കാരായിരുന്നുവെന്ന് വിശദീകരിക്കാനാകില്ല. കാഴ്ചപ്പാടുകളിലും ആറ്റിറ്റിയൂഡിലും സൗന്ദര്യബോധ്യത്തിലും എനിക്ക് ഒരു തരത്തിലും മാച്ച് ചെയ്യാന്‍ സാധിക്കാത്ത ഒരാളാണെന്നായിരുന്നു അദ്ദേഹം. സിനിമയില്‍ ഞങ്ങള്‍ രണ്ടുപേരും തീര്‍ത്തും വിരുദ്ധമായ രണ്ട് ധ്രുവങ്ങളായിരുന്നു. പക്ഷെ, അതെല്ലാം വെറും കാഴ്ചപ്പാടുകള്‍ മാത്രമായിരുന്നു. ഒരുപക്ഷെ, ഞങ്ങള്‍ക്ക് ചുറ്റുമുള്ള ഇന്‍ഡസ്ട്രി സൃഷ്ടിച്ച വിശ്വാസമാകാം'.

'ഞങ്ങളുടെ വര്‍ക്കിലൂടെ, സംഭാഷണങ്ങളിലൂടെ, തുടര്‍ച്ചയായ യാത്രകളിലൂടെ, അവസാനമില്ലാത്ത മെസേജുകളിലൂടെ, കലയുടെ ഒരേ ധ്രുവത്തിലേക്ക് ഞങ്ങള്‍ എത്തിച്ചേര്‍ന്നു. അറിഞ്ഞും അറിയാതേയും, ഞങ്ങളുടെ ചിന്തകള്‍ ഒന്നായി. സൗന്ദര്യബോധ്യം ഒന്നായി. വിഷന്‍ ഒന്നായി. പതിയെ ഞങ്ങളുടെ ലക്ഷ്യം ഒന്നായി. ഒരു ഛായാഗ്രാഹകന്‍ എന്നതിലുപരിയായി, അദ്ദേഹം എനിക്ക് മാലാഖയെ പോലൊരു സഹോദരനായിരുന്നു. ഇന്‍ഡസ്ട്രിയിലെ സീനിയര്‍ എന്ന നിലയില്‍, അദ്ദേഹം എന്നും എന്നെ ഗ്രൗണ്ടഡ് ആയിരിക്കാന്‍ ശീലിപ്പിച്ചു. യാഥാര്‍ത്ഥ്യം മനസിലാക്കി, എന്റെ കാഴ്ചപ്പാടുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ പ്രേരിപ്പിച്ചു'.

എനിക്കിത് വലിയൊരു നഷ്ടമാണ്. കരിയറിലും ജീവിതത്തിലും. നിങ്ങളുടെ സാന്നിധ്യം എന്നും മിസ് ചെയ്യും. ഷാജിയേട്ടാ എന്ന എന്റെ കമാന്‍ഡും ഉടനെയുള്ള റെഡി സാര്‍ എന്ന നിങ്ങളുടെ മറുപടിയും ഞാന്‍ എന്നും മിസ് ചെയ്യും. നിങ്ങളെ മിസ് ചെയ്യും ഷാജിയേട്ടാ. അതിമനോഹരത്തിലൂടെ നിങ്ങള്‍ എനിക്ക് എന്താണ് തന്നതെന്ന് ലോകത്തെ കാണിക്കാന്‍ കാത്തിരിക്കുകയാണ്. ഇതായിരുന്നു നിങ്ങളുടെ ബെസ്റ്റ് എന്ന് ലോകം പറയട്ടെ', തരുൺ മൂർത്തി കുറിച്ചു.

Content Highlights: Tharun Moorthy Remembers shajikumar and posts heartfelt note about him

To advertise here,contact us