'സിനിമയില്‍ എത്തുന്നതിന് മുന്‍പെ കണ്ണൂര് സ്റ്റാറാണ്'; ഷംന കാസിം

തമിഴിലും തെലുങ്കിലും സിനിമ ചെയ്യാനാണ് കൂടുതല്‍ കംഫര്‍ട്ട്

തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരമാണ് ഷംന കാസിം. ഡാന്‍സറായിട്ടായിരിന്നും ഷംനയുടെ തുടക്കം. പിന്നീട് മലയാള സിനിമയിലും അന്യഭാഷ ചിത്രങ്ങളിലുമൊക്കെയായി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറാന്‍ ഷംനക്ക് സാധിച്ചു. അടുത്തിടെ ഇറങ്ങിയ രജനികാന്ത് ചിത്രം ജയിലര്‍ 2വില്‍ ഷംന അവതരിപ്പിച്ച ഡാന്‍സിന് വലിയ രീതിയിലുള്ള അഭിനന്ദനങ്ങള്‍ ലഭിച്ചിരിന്നു.

ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്തെ കുറിച്ചും ഡാന്‍സിനോടുള്ള ഇഷ്ടത്തെ കുറിച്ചും തുറന്നു പറയുകയാണ് താരം. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചില്‍.

'സിനിമയിലെത്തുന്നതിന് മുമ്പെ തന്നെ നാട്ടില്‍ ഞാന്‍ അറിയപ്പെടുന്ന ഒരു ഡാന്‍സറായിരിന്നു. കുട്ടിക്കാലം മുതല്‍ നൃത്തത്തോട് വലിയ താല്‍പര്യമുണ്ടായിരുന്നു. കണ്ണൂരിലെ വിവിധ വേദികളില്‍ നിരവധി പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ന്യൂ ഇയര്‍ ആഘോഷങ്ങളോടനുബന്ധിച്ച് രണ്ടും മൂന്നും സ്റ്റേജ് ഷോകള്‍ വരെ കുട്ടിക്കാലത്ത് ചെയ്യാറുണ്ടായിരുന്നു. നാട്ടിലെ മിക്കവാറും അമ്പലങ്ങളിലും നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.

മാധുരി ദീക്ഷിത്, ശ്രീദേവി തുടങ്ങിയ താരങ്ങളുടെ പാട്ടുകള്‍ക്കായിരുന്നു പ്രധാനമായും ചുവടുവെച്ചിരുന്നത്. അന്ന് വിസിആര്‍ കാസറ്റുകള്‍ ഉപയോഗിച്ചാണ് പാട്ടുകളും നൃത്തച്ചുവടുകളും പഠിച്ചിരുന്നത്. നൃത്തപരിശീലനത്തില്‍ അമ്മയ്ക്കായിരുന്നു പ്രധാന പങ്ക്. താന്‍ ഡാന്‍സ് പ്രാക്ടീസ് ചെയ്യുമ്പോള്‍ അമ്മ അടുത്തിരുന്ന് ശ്രദ്ധിക്കുമായിരുന്നു. സ്റ്റെപ്പുകള്‍ തെറ്റിയാല്‍ കൈയിലുണ്ടായിരുന്ന വടി എടുത്തെറിയുന്ന തരത്തില്‍ കര്‍ശനമായിരുന്നു അമ്മയുടെ പരിശീലനം.

വിവിധ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും തമിഴിലും തെലുങ്കിലുമാണ് തനിക്ക് കൂടുതല്‍ കംഫര്‍ട്ടബിളായി തോന്നിയിട്ടുള്ളത്. ഈ ഭാഷകളിലാണ് കൂടുതല്‍ തവണ ക്യാമറയ്ക്ക് മുന്നിലെത്തിയിട്ടുള്ളത്. തമിഴ് പഠിക്കാന്‍ താരതമ്യേന എളുപ്പമായിരുന്നെങ്കിലും തെലുങ്ക് സിനിമയിലെ ആദ്യ അനുഭവം അത്ര സുഗമമായിരുന്നില്ല. എന്നാല്‍ രണ്ടുമൂന്നുവര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും തെലുങ്ക് സിനിമയില്‍ അഭിനയിച്ചു. ഭാഷ പഠിപ്പിക്കാന്‍ ആളുകളെ ഏര്‍പ്പെടുത്തിയതോടെ പതിയെ തെലുങ്കുമായി അടുക്കാന്‍ കഴിഞ്ഞു-താരം പറയുന്നു.

Content Highlights: She was already a star in Kannur before entering the film industry. Shamna Kasim says she feels more comfortable working in Tamil and Telugu films.

To advertise here,contact us