ബോളിവുഡിലും തെന്നിന്ത്യയിലും സ്വന്തമായൊരു മേൽവിലാസമുണ്ടാക്കിയ നടി കാജൽ അഗർവാളിന്റെ സിനിമാ വിശേഷങ്ങളും ഒപ്പം വ്യക്തിജീവിതത്തിലെ പ്രണയകഥയും ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാവുകയാണ്. വിവാഹത്തെ തുടർന്ന് ചെറിയൊരു ഇടവേളയെടുത്ത താരം ഇപ്പോൾ അതിശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. 'ഹ്യൂമൻസ് ഓഫ് ബോംബെ'ക്ക് നൽകിയ അഭിമുഖത്തിലാണ് ഭർത്താവ് ഗൗതം കിച്ച്ലുവുമായുള്ള തങ്ങളുടെ പ്രണയയാത്ര കാജൽ വെളിപ്പെടുത്തിയത്. നീണ്ട വർഷത്തെ സൗഹൃദവും ഡേറ്റിംഗും അതിനിടയിലെ വേർപിരിയലുകളും ഒടുവിൽ കോവിഡ് കാലത്ത് ഒന്നിക്കാൻ എടുത്ത തീരുമാനവുമെല്ലാം താരം ഇതിൽ പങ്കുവെക്കുന്നുണ്ട്. ഈ മനോഹരമായ പ്രണയകഥ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടുകയാണ്.
‘എന്റെ ഭാഗ്യമായിരുന്നു ഉറ്റ സുഹൃത്തിനെ തന്നെ വിവാഹം കഴിക്കുക എന്നുള്ളത്. ഒരു സുഹൃത്തിന്റെ വിവാഹത്തിൽ വെച്ചാണ് ഞങ്ങൾ കണ്ടുമുട്ടുന്നത്. കൃത്യമായി പറഞ്ഞാൽ 13 വർഷം മുമ്പ്. അതിനുശേഷം ഞങ്ങള്‍ ഡേറ്റിങ്ങിലായിരുന്നു. പിന്നീട് വേർപിരിഞ്ഞു, സുഹൃത്തുക്കളായി തുടർന്നു. ഈ സമയം മറ്റു പലരേയും ഞങ്ങള്‍ ഡേറ്റ് ചെയ്തു. പക്ഷേ പിന്നീട് മനസ്സിലായി… ഞങ്ങളുടെ ബന്ധം എത്രത്തോളം സ്പെഷല്‍ ആയിരുന്നുവെന്ന്.
കോവിഡാണ് എല്ലാം വീണ്ടും സാധ്യമാക്കിയത്. അന്ന് ഞങ്ങൾക്ക് തോന്നി, ലോകം ഇനി ഇങ്ങനെയായിരിക്കും. അതിനാല്‍ ഒന്നിച്ചിരിക്കുന്നതാണ് നല്ലത്. അപ്പോൾ ഞാൻ പറഞ്ഞു, ഇത്തവണ ഒന്നെങ്കില്‍ വിവാഹം കഴിക്കണം അല്ലെങ്കില്‍ എന്നന്നേക്കുമായി വേര്‍പിരിയണം. ഗൗതമും അതേ അഭിപ്രായക്കാരനായിരുന്നു. അക്ഷരാർത്ഥത്തിൽ ഞങ്ങള്‍ക്ക് എല്ലാം പരസ്പരം അറിയാമായിരുന്നു. ജോലിതിരക്കുകളില്‍ നിന്നും മാറി വ്യക്തിജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ലോക്ക്ഡൗൺ അവസരമൊരുക്കി. അങ്ങിനെ ആ കോവിഡ് കാലത്ത് ഞങ്ങളും ഒരു ചെറിയ കോവിഡ് വിവാഹം കഴിച്ചു’- കാജല്‍ പറഞ്ഞു.
2020 ഒക്ടോബർ 30-ന് മുംബൈയിൽ വച്ചായിരുന്നു കാജൽ അഗര്‍വാൾ- ഗൗതം കിച്ച്ലു വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. 2022 ഏപ്രിലിൽ ദമ്പതികൾക്ക് നീൽ എന്ന മകനും ജനിച്ചു. മുംബൈ സ്വദേശിയായ കാജൽ ക്യൂൻ ഹോ ഗയാ നാ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് തെലുങ്ക്, തമിഴ് ചിത്രങ്ങളിലേക്കും മറ്റ് തെന്നിന്ത്യൻ ചിത്രങ്ങളിലേക്കും ചേക്കേറുകയായിരുന്നു. തുപ്പാക്കി, ജില്ല, വിവേഗം, മെർസൽ എന്നീ ചിത്രങ്ങളിലൂടെ കാജല്‍ ദക്ഷിണേന്ത്യയുടെ മനം കവര്‍ന്നു. ഭര്‍ത്താവ് ഗൗതം ബിസിനസ്സുകാരനാണ്.
Content Highlights: Actress Kajal Aggarwal shares the story of her relationship, revealing how she and her husband transitioned from being friends to life partners.