ദുൽഖർ സൽമാന്റെ ‘ആകാശത്തിൽ ഒരു താരകം’ ട്രെയിലർ പുറത്തിറങ്ങി; ചിത്രം നവംബർ 20ന് തിയേറ്ററുകളിൽ

അല്ലു അർജുൻ പ്രകാശനം ചെയ്തു; ദുൽഖർ സൽമാന്റെ 'ആകാശത്തിൽ ഒരു താരകം' ട്രെയിലർ പുറത്ത്

ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ആകാശത്തിൽ ഒരു താരകം (AOT)’ സിനിമയുടെ ഒഫീഷ്യൽ ട്രെയിലർ യൂട്യൂബിൽ റിലീസായി. ഹൈദരാബാദിലെ ജെ.ആർ.സി കൺവെൻഷൻ സെന്ററിൽ പ്രൗഢഗംഭീരമായി നടന്ന പ്രീ-റിലീസ് ഇവന്റിൽ മുഖ്യാതിഥിയായി എത്തിയ ഐക്കൺ സ്റ്റാർ അല്ലു അർജുനാണ് ചിത്രത്തിന്റെ ട്രെയിലർ പ്രകാശനം ചെയ്തത്. ദുൽഖർ സൽമാനും ചിത്രത്തിലെ നായിക സാത്വിക വീരവല്ലിയും മറ്റ് അണിയറപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമ്മിക്കുന്ന ചിത്രം നവംബർ 20ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും.

ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നീ പ്രമുഖ ബാനറുകൾ സംയുക്തമായാണ് ചിത്രം അവതരിപ്പിക്കുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്നത്. പ്രണയവും വൈകാരിക മുഹൂർത്തങ്ങളും ഫീൽ ഗുഡ് ഘടകങ്ങളും കോർത്തിണക്കിയ മനോഹരമായ ഒരു ദൃശ്യവിരുന്നായിരിക്കും ചിത്രമെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്.

‘ഓരോ സ്വപ്നത്തിനും ഒരു യാത്രയുണ്ട്, ഓരോ യാത്രയ്ക്കും ഒരു കഥയുണ്ട്’ എന്ന ആശയവുമായി എത്തുന്ന ചിത്രത്തിന് അല്ലു അർജുൻ വേദിയിൽ എല്ലാവിധ ആശംസകളും നേർന്നു. പ്രിയതാരങ്ങളായ അല്ലു അർജുനും ദുൽഖർ സൽമാനും ഒരേ വേദിയിലെത്തിയത് ആരാധകർക്ക് ഇരട്ടി ആവേശമായി. പവൻ സാദിനേനിയുടെ വ്യത്യസ്തമായ കഥപറച്ചിൽ ശൈലിയിൽ ഒരുങ്ങുന്ന ചിത്രത്തിൽ ദുൽഖർ സൽമാൻ 'കൃഷ്ണ' എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. പുതുമുഖം സാത്വിക വീരവല്ലിയാണ് 'കല്പന' എന്ന നായികാ കഥാപാത്രമായെത്തുന്നത്.

സമൂഹം മുന്നിൽ വെക്കുന്ന അതിർവരമ്പുകൾ മറികടന്ന് സ്വന്തം സ്വപ്നങ്ങളിലേക്ക് മുന്നേറാൻ ശ്രമിക്കുന്ന കല്പനയ്ക്ക് പിന്തുണയുമായി നിൽക്കുന്ന കൃഷ്ണയുടെ കഥയാണ് ചിത്രം പറയുന്നത്. ദുൽഖറിന്റെയും സാത്വികയുടെയും മികച്ച പ്രകടനവും ജി.വി. പ്രകാശ് കുമാറിന്റെ ഹൃദയസ്പർശിയായ പശ്ചാത്തല സംഗീതവുമാണ് ട്രെയിലറിന്റെ പ്രധാന ആകർഷണം. തമിഴ് താരം ശ്രുതി ഹാസൻ ചിത്രത്തിൽ 'രോഹിണി' എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കേന്ദ്ര കഥാപാത്രങ്ങളുടെ ജീവിതത്തിൽ നിർണായകമായ സ്വാധീനം ചെലുത്തുന്ന വേഷമാണ് രോഹിണിയുടേത്. റൂഹാനി ശർമ, മുരളി ശർമ, സ്വാസിക എന്നിവരും ചിത്രത്തിലെ പ്രധാന താരനിരയിലുണ്ട്. ചിത്രത്തിലെ ‘കുട്ടി കുട്ടി പൂവേ’, ‘കണ്ണേ കണ്ണേ’ എന്നീ ഗാനങ്ങൾ ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.

‘മഹാനടി’, ‘സീതാ രാമം’, ‘ലക്കി ഭാസ്കർ’ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ തെലുങ്ക് സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച ദുൽഖർ സൽമാന്റെ അടുത്ത തെലുങ്ക് റിലീസ് എന്ന പ്രത്യേകതയും ‘AOT’യ്ക്കുണ്ട്. ‘കൽക്കി 2898 എഡി’യിലെ അതിഥിവേഷത്തിലൂടെയും താരം തെലുങ്ക് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയിരുന്നു. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലായി പാൻ ഇന്ത്യൻ തലത്തിൽ എത്തുന്ന ചിത്രം നവംബർ 20ന് ആഗോളതലത്തിൽ പ്രദർശനം ആരംഭിക്കും.

രചന, തിരക്കഥ: ഗുന്നം ഗംഗരാജു, കഥ: പവൻ സാദിനേനി & വസന്ത് ജുറു, അധിക തിരക്കഥ: വസന്ത് ജുറു, ഛായാഗ്രഹണം: സുജിത് സാരംഗ്, സംഗീതം: ജി.വി. പ്രകാശ് കുമാർ, എഡിറ്റർ: പ്രവീൺ കെ.എൽ, പ്രൊഡക്ഷൻ ഡിസൈനർ: ശ്വേത സാബു സിറിൽ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ചന്തു നിമ്മഗദ്ദ, സഹസംവിധായകൻ: സുരേഷ് പരുച്ചൂരി, ലൈൻ പ്രൊഡ്യൂസർ: യെലെപ്പെട്ടി ശ്രീനിവാസ്, പ്രൊഡക്ഷൻ ടീം: ബത്തലൂരി ലോകേഷ് കുമാർ, ജതിൻ സി.എച്ച്, മുവ്വ ഗോപി, തേജ രാംകി, ഡയറക്ഷൻ വിഭാഗം: ഡിപിവി സന്തോഷ്, ഗയം ഈശ്വർ, സൗരബ് റെഡ്ഡി, സിഎച്ച്. നരസിംഹ റെഡ്ഡി, മഹാംകാളി വിനയ് കുമാർ, ചന്ദ്ര ശേഖർ ഹുഗ്ഗിഹെല്ല, വിശാഖ് പട്ടേൽ കോതപ്പള്ളി, കൊങ്ക രോഹൻ, പ്രീതം ശകുനാല, നിമ്മഗദ്ദ ആസീഷ് പ്രീതം, രാം മോഹൻ കോമണ്ഡൂരി, കോസ്റ്റ്യൂം ഡിസൈനർ: പല്ലവി സിംഗ്, കലാസംവിധാനം: വംശി കൃഷ്ണ, സൗണ്ട് ഡിസൈനർ: സിങ്ക് സിനിമ, പബ്ലിസിറ്റി ഡിസൈനർ: അനിൽ ഭാനു, വിഎഫ്എക്സ്: എഗ്വൈറ്റ് വിഎഫ്എക്സ്, വിഎഫ്എക്സ് സൂപ്പർവൈസർ: തൗഫീഖ് ഹുസൈൻ, കളറിസ്റ്റ്: ഷൺമുഖ പാണ്ഡ്യൻ എം, സ്റ്റിൽസ്: സായ് ശശാങ്ക്, മാർക്കറ്റിംഗ്: വാൾസ് ആൻഡ് ട്രെൻഡ്സ്, പിആർഒ: ശബരി.

Content Highlights: The trailer of Dulquer Salmaan's upcoming film 'Aakashathil Oru Tharakam' has been released. Telugu superstar Allu Arjun unveiled the trailer, adding to the anticipation surrounding the film.

To advertise here,contact us