31-ാം രാജ്യാന്തര ചലച്ചിത്ര മേളയിലേ്ക്ക (IFFK) തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍ പ്രഖ്യാപിച്ച് കേരള ചലച്ചിത്ര അക്കാദമി. ഡിസംബര്‍ 11 മുതല്‍ 18 വരെയാണ് ചലച്ചിത്രമേള അരങ്ങേറുക. രാജ്യാന്തര മത്സരം, മലയാളം സിനിമ ടുഡെ, ഇന്ത്യന്‍ സിനിമ നൗ എന്നീ വിഭാഗങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ പട്ടികയാണ് പുറത്ത് വിട്ടിരിക്കുന്നത്. ക്രിട്ടിക്സ് ഡിസ്കവറി എന്ന വിഭാഗത്തിലേക്ക് തെരഞ്ഞെടുത്ത സിനിമകളും പ്രഖ്യാപിച്ചിട്ടുണ്ട്.
14 സിനിമകളാണ് രാജ്യാന്തര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മലയാളം സിനിമ ടുഡെയിലേക്ക് 12 സിനിമകളും ഇന്ത്യന്‍ സിനിമ നൗവിലേക്ക് ഏഴ് സിനിമകളുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ചൈന, ബ്രസീല്‍, മെക്സിക്കോ, ഫിലിപ്പൈന്‍സ്, ഇറാന്, ഉസ്ബക്കിസ്ഥാന്, ഉറുഗ്വായ്, ബംഗ്ലാദേശ്, കസാഖ്സ്ഥാന് എന്നിവിടങ്ങളില്‍ നിന്നുള്ള സിനിമകളാണ് രാജ്യാന്തര മത്സരവിഭാഗത്തിലുള്ളത്.
ചൈനീസ് ചിത്രം എമ്പേര്സ്, ബ്രസീല്‍ ചിത്രം ഗുരൂസ് വേള്‍ഡ്, മെക്സിക്കോയില്‍ നിന്നുമുള്ള ഐ ആം മാരിയോ, ഇറാനിയന്‍ ചിത്രം സ്ലമ്പര്‍ തുടങ്ങിയവയാണ് രാജ്യാന്തര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവ. ചെവിട്ടോര്‍മ എന്ന ലിയോ തദ്ദേവൂസ് ചിത്രവും അടൂര്‍ ഗോപാലകൃഷ്ണന്റെ പദയാത്രയും ഈ വിഭാഗത്തിലുണ്ട്.
മലയാളം സിനിമ ടുഡെയില്‍ 12 സിനിമകളാണുള്ളത്. അരുണ്‍ വര്‍ഗീസിന്റെ എ ഡക്ക് ടേല്, അജ്മല്‍ ഹംസയുടെ ഡൊമസ്റ്റിക് സര്‍ക്കസ്, ഷിനോസ് റഹ്മാനും സജാസ് റഹ്മാനും ഒരുക്കിയ മെട്രോ പരാമോ, ദിന്‍ജിത്ത് അയ്യത്താന്‍ ചിത്രം എക്കോ, ശ്രുതി ശരണ്യം സംവിധാനം ചെയ്ത ഒറ്റഞാവല്‍മരം എന്നിവയാണ് ഈ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. സലിം അഹമ്മദ് ഒരുക്കിയ ലെഫ്റ്റോവര്‍, നൈനാന് ആന്റോയുടെ മോസ്കോ, മനു വിശ്വംഭരന്റെ നോട്ട എ സിനിമ, ഡോണ്‍ പാലത്തറയുടെ ഏകദേശം, ജാച്ചി ഐയുടെ റിവോ റുക്കായ, അജയ് പ്രസീദിന്റെ കള്ളലന്, ഷാരോണ്‍ മാനുവല്‍ ജോയ് ഒരുക്കിയ ട്രാന്‍സ് ഓഫ് വിന്‍ഡും ഈ വിഭാഗത്തിലുണ്ട്.
Content Highlights: film selections for the 31st iffk announced