ആക്ഷന്‍ മൂഡില്‍ ആവേശം നിറച്ച് ധനുഷ്-മമ്മൂട്ടി ചിത്രം 'ഒ.എം ഓപ്പറേഷന്‍ മോള്‍' ട്രെയ്ലര്‍ പുറത്ത്

ചിത്രത്തിന്റെ ആഗോള റിലീസ് നവംബര്‍ 20ന്, കേരളത്തിലെത്തിക്കുന്നത് ബിനു ജോര്‍ജ് അലക്‌സാണ്ടര്‍ പ്രൊഡക്ഷന്‍സ്

ധനുഷിനെയും മമ്മൂട്ടിയെയും പ്രധാന കഥാപാത്രങ്ങളാക്കി രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന 'ഒ.എം - ഓപ്പറേഷന്‍ മോള്‍' എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. ആക്ഷനും വൈകാരിക മുഹൂര്‍ത്തങ്ങളും ത്രില്ലിംഗ് രംഗങ്ങളും സമന്വയിപ്പിക്കുന്ന വമ്പന്‍ സിനിമാറ്റിക് അനുഭവത്തിന്റെ സൂചനകളാണ് ട്രെയ്ലര്‍ നല്‍കുന്നത്. ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസും ആര്‍ ടേക്ക് സ്റ്റുഡിയോസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം നവംബര്‍ 20ന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ കേരള വിതരണാവകാശം ബിനു ജോര്‍ജ് അലക്‌സാണ്ടര്‍ പ്രൊഡക്ഷന്‍സാണ് സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍.

കാടിന്റെ പശ്ചാത്തലത്തില്‍ അരങ്ങേറുന്ന സംഘര്‍ഷങ്ങളും ചന്ദനക്കടത്തുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും ചിത്രത്തിന്റെ പ്രധാന കഥാതലങ്ങളാകുമെന്ന സൂചനയാണ് ട്രെയ്ലര്‍ നല്‍കുന്നത്. അധികാരവും നിയമവും അതിജീവനവും ഏറ്റുമുട്ടുന്ന ലോകത്തേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ക്കൊപ്പം ശക്തമായ ആക്ഷന്‍ രംഗങ്ങളും വൈകാരിക മുഹൂര്‍ത്തങ്ങളും ട്രെയ്ലറിന്റെ ആകര്‍ഷണമാണ്. ഓരോ കഥാപാത്രത്തിനും കഥയില്‍ നിര്‍ണായകമായ സ്ഥാനമുണ്ടെന്ന തോന്നലും അവതരണത്തിലെ തീവ്രതയും ചിത്രത്തെക്കുറിച്ചുള്ള ആകാംക്ഷ വര്‍ധിപ്പിക്കുന്നു.

ധനുഷിന്റെയും മമ്മൂട്ടിയുടെയും ഗംഭീര പ്രകടനങ്ങളാണ് ട്രെയ്ലറിലെ പ്രധാന ഹൈലൈറ്റുകളിലൊന്ന്. റെഡ് ഹില്‍സ് കാര്‍ത്തികേയന്‍ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുമ്പോള്‍, ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ ധനുഷ് അവതരിപ്പിക്കുന്നു. ഐ.പി.എസ്. ഉദ്യോഗസ്ഥ നിത്യ റെഡ്ഡിയായാണ് സായ് പല്ലവി വേഷമിടുന്നത്. നിയമവിരുദ്ധമായ ചന്ദനക്കടത്ത് തടയാനുള്ള നിര്‍ണായക ദൗത്യത്തിന് നേതൃത്വം നല്‍കുന്ന കഥാപാത്രമാണ് നിത്യ. സായ് പല്ലവിയുടെ ശക്തമായ സാന്നിധ്യത്തിനൊപ്പം ശ്രീലീല, നസിറുദ്ദീന്‍ ഷാ, ഇന്ദ്രന്‍സ് എന്നിവരുടെ കഥാപാത്രങ്ങളും ട്രെയ്ലറില്‍ ശ്രദ്ധ നേടുന്നു. വ്യത്യസ്ത തലമുറകളിലെ മികച്ച അഭിനേതാക്കള്‍ ഒരുമിക്കുന്ന താരനിരയാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.

ആക്ഷന്‍ രംഗങ്ങളുടെ തീവ്രതയ്‌ക്കൊപ്പം കഥാപാത്രങ്ങള്‍ കടന്നുപോകുന്ന വൈകാരിക സംഘര്‍ഷങ്ങള്‍ക്കും ചിത്രം പ്രാധാന്യം നല്‍കുന്നുവെന്നാണ് ട്രെയ്ലര്‍ വ്യക്തമാക്കുന്നത്. സായ് അഭ്യങ്കറിന്റെ സംഗീതവും പശ്ചാത്തലസംഗീതവും ട്രെയിലറിലെ ദൃശ്യങ്ങളുടെ തീവ്രത വര്‍ധിപ്പിക്കുന്ന പ്രധാന ഘടകമാണ്. നേരത്തെ പുറത്തിറങ്ങിയ ഗാനങ്ങളും മമ്മൂട്ടിയുടെ ബര്‍മ്മ കാര്‍ത്തികേയന്‍ കഥാപാത്രത്തെ പരിചയപ്പെടുത്തിയ ഗ്ലിംപ്‌സ് വീഡിയോയും സായ് പല്ലവിയുടെ നിത്യ റെഡ്ഡി ക്യാരക്ടര്‍ വീഡിയോയും വലിയ ശ്രദ്ധ നേടിയിരുന്നു.

'അമരന്‍' എന്ന ചിത്രത്തിന് ശേഷം രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധനുഷും സായ് പല്ലവിയും 'മാരി 2'ന് ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം ആഗോളതലത്തില്‍ റിലീസ് ചെയ്യുന്നത്.

പ്രൊഡ്യൂസര്‍ - ശ്രദ്ധ അഗര്‍വാള്‍, ധനുഷ്, അസ്മത് ജഗ്മഗ്, ക്രീയേറ്റീവ് പ്രൊഡ്യൂസര്‍- വിഷു രാമസാമി, കോ പ്രൊഡ്യൂസര്‍- ശ്രേയസ് ശ്രീനിവാസന്‍, സന്ദേശ് അഗര്‍വാള്‍, ഛായാഗ്രഹണം - എഴില്‍ അരസന്, സംഗീതം - സായ് അഭയങ്കര്‍, എഡിറ്റിംഗ് - ആര്‍ കലയ്വാനന്‍, ആക്ഷന്‍- യാനിക് ബെന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ - രാജീവന്‍, കലാസംവിധാനം- ആര്‍ പണ്ണീര്‍ സെല്‍വം, നൃത്തം - സാന്‍ഡി , സൗണ്ട് ഡിസൈന്‍- സിങ്ക് സിനിമ, സൗണ്ട് മിക്‌സ്- കണ്ണന്‍ ഗണപത് , കോസ്റ്റ്യൂം ഡിസൈനര്‍ - കാവ്യ ശ്രീറാം, ഡിഐ - പ്രസാദ് ലാബ്, കളറിസ്റ്റ്- രംഗ , വിഎഫ്എക്‌സ്- ഫാന്റം എഫ് എക്‌സ്, സ്പെക്ടര്‍ പോസ്റ്റ്, വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍- ശ്യാം പിഎം, സ്റ്റില്‍സ് - വി സിട്രറസ്, മേക്കപ്പ് - ബി രാജ, കോസ്റ്റുമെര്‍ - നാഗ്, പബ്ലിസിറ്റി ഡിസൈന്‍- കബിലന്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഡി രമേശ് കുചിരായര്‍, പ്രൊഡക്ഷന്‍ എക്‌സികുട്ടീവ്- മീനുശ്രീ ഹരിഹരന്‍, ഹെഡ് ഓഫ് ഓപ്പറേഷന്‍സ് - അവന്തിക കനകരാജ്, മാര്‍ക്കറ്റിങ് ഹെഡ്- മനോജ് മാഡി, ഡിജിറ്റല്‍ പി ആര്‍ - വിഷ്ണു സുഗതന്‍, അഖില്‍ വിഷ്ണു വി എസ്, അക്ഷയ് പ്രകാശ്, പിആര്‍ഒ & മാര്‍ക്കറ്റിങ് - വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.

Content Highlights: Trailer for the Dhanush-Mammootty film 'O.M. Operation Mole' released

To advertise here,contact us