രാമായണ പാര്‍ട്ട് വണ്‍ റൈസ് ഓഫ് എ ലെജന്‍ഡിന് മികച്ച അഭിപ്രായമാണ് ചിത്രം കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റാണ് രാവണനും ജടായുവും തമ്മിലുള്ള ക്ലൈമാക്സിലെ ഫൈറ്റ് സീന്‍. ഒരു ഹോളിവുഡ് പടത്തിന്റെ ലെവലില്‍ ചിത്രീകരിച്ച ഈ ഭാഗങ്ങള്‍ക്ക് വലിയ പ്രശംസയാണ് ചിത്രം കണ്ടിറങ്ങിയവരില്‍ നിന്നും ലഭിക്കുന്നത്. രാമായണയിലെ ഈ രംഗം ചിത്രീകരിച്ചതിനെ കുറിച്ച് സംവിധായകന് നിതിഷ് തിവാരിയും നടന് രണ്‍ബീര്‍ കപൂറും പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
‘പുഷ്പകവിമാനവും രാവണനും-ജടായുവും തമ്മിലുള്ള ഫൈറ്റ് ഇതിന് മുമ്പ് കണ്ടിട്ടില്ലാത്ത വിധം നന്നായിട്ടുണ്ടെന്ന് പലരും പറയുന്നത് ഞാന്‍ കേട്ടിരുന്നു. അത് തയ്യാറാക്കാന്‍ ഞങ്ങള്‍ക്ക് എത്ര സമയം വേണ്ടിവന്നു എന്നറിയാമോ, അത് ആറര വര്‍ഷത്തോളമാണ്. ഇതിനെ കുറിച്ച് എനിക്ക് മണിക്കൂറുകളോളം സംസാരിക്കാന്‍ സാധിക്കും,’ നിതിഷ് തിവാരി പറഞ്ഞു. എന്നാല്‍ ഇത്രയൊക്കെ വര്‍ക്ക് ചെയ്തിട്ടും ഇതിന്റെ ചില ഭാഗങ്ങള്‍ കണ്ടപ്പോള്‍ അത് എ.ഐ ആണെന്ന് ആളുകള്‍ പറയുന്നത് സങ്കടകരമാണെന്ന് രണ്‍ബീര്‍ കപൂര്‍ പറയുന്നു.
ഇന്ത്യയിലെ ബോക്സ് ഓഫീസിൽ മികച്ച പ്രകടനം നടത്തി മുന്നേറുകയാണ് രാമായണ. നമിത് മല്‍ഹോത്രയുടെ പ്രൊഡക്ഷനില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രം എന്ന വിശേഷണത്തോടെ പുറത്തിറങ്ങിയ ചിത്രം റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ 500 കോടിയിലധികം രൂപയാണ് നേടിയിരിക്കുന്നത്. രാവണനായി യഷും രാമനായി രണ്‍ബീറും സീതയായി സായ് പല്ലവിയും ഒപ്പം ചിത്രത്തില്‍ വന്നുപോയവരെല്ലാം കിടിലൻ പെർഫോമൻസ് കാഴ്ചവെച്ചു എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
Content Highlights: Ranbir Kapoor talks about Ravanan-Jadayu fight in the movie Ramayana