കേരള ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച് 'രാമായണ'; 'ദുരന്ധർ 2'വിന്റെ റെക്കോർഡ് തകർത്തു

റിലീസ് ചെയ്ത് വെറും 6 ദിവസത്തിനുള്ളിൽ 'ദുരന്ധർ 2'ന്റെ ലൈഫ് ടൈം കളക്ഷൻ മറികടന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ബോളിവുഡ് ചിത്രമെന്ന വൻ നേട്ടം രാമായണ സ്വന്തമാക്കി

കേരള ബോക്സ് ഓഫീസിൽ ബിഗ് ബജറ്റ് ചിത്രങ്ങളുടെ റെക്കോർഡുകളെല്ലാം കാറ്റിൽപ്പറത്തി 'രാമായണ: പാർട്ട് 1' പുതിയ ചരിത്രം കുറിച്ചു. റിലീസ് ചെയ്ത് വെറും 6 ദിവസത്തിനുള്ളിൽ 'ദുരന്ധർ 2'ന്റെ ലൈഫ് ടൈം കളക്ഷൻ മറികടന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ബോളിവുഡ് ചിത്രമെന്ന വൻ നേട്ടം രാമായണ സ്വന്തമാക്കി.നിതീഷ് തിവാരിയുടെ സംവിധാനത്തിൽ രൺബീർ കപൂർ, സായ് പല്ലവി, യഷ് തുടങ്ങിയ വൻ താരനിര അണിനിരന്ന ചിത്രം തുടക്കം മുതൽ തീയേറ്ററുകളിൽ വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്.

മലയാളികളുടെ പ്രിയതാരം സായ് പല്ലവിയുടെ സാന്നിധ്യവും ദീപാവലി റിലീസും ചിത്രത്തിന് കേരളത്തിൽ വൻ ജനപ്രീതി നേടിക്കൊടുത്തു. ഈ വർഷം ആദ്യം റിലീസ് ചെയ്ത രൺവീർ സിംഗിന്റെ സ്പൈ തില്ലർ ചിത്രം 'ദുരന്ധർ 2' ആയിരുന്നു ഇതുവരെ കേരളത്തിൽ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ബോളിവുഡ് ചിത്രം. എന്നാൽ വെറും 6 ദിവസം കൊണ്ട് രാമായണ ആ റെക്കോർഡ് തിരുത്തിക്കുറിച്ചതോടെ, കേരള ബോക്സ് ഓഫീസിൽ ഇതുവരെയുണ്ടായിരുന്ന എല്ലാ ബോളിവുഡ് കളക്ഷൻ കണക്കുകളും പഴങ്കഥയായി.

ഇന്ത്യയിലൊട്ടാകെ വൻ ബോക്സ് ഓഫീസ് തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ചിത്രം വരും ദിവസങ്ങളിൽ കൂടുതൽ റെക്കോർഡുകൾ ഭേദിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. ഓസ്കാർ ജേതാക്കളായ സംഗീത ഇതിഹാസങ്ങൾ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ആദ്യമായി ഒന്നിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത. ഓസ്കാർ ജേതാവായ ശ്രീധർ രാഘവനാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. എട്ട് തവണ അക്കാദമി അവാർഡ് നേടിയ പ്രശസ്ത വി.എഫ്.എക്സ് സ്റ്റുഡിയോയായ ഡിഎൻഇജി ആണ് ചിത്രത്തിലെ ദൃശ്യവിസ്മയങ്ങൾക്ക് പിന്നിൽ. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന ഈ സിനിമാ പരമ്പരയുടെ ആദ്യ ഭാഗം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയതും വലിയതുമായ പ്രൊജക്ടുകളിൽ ഒന്നാണ്. പിആർഒ ആതിര ദിൽജിത്ത്.

Content Highlights: Ramayana breaks the record of Dhurandhar 2 from kerala

To advertise here,contact us