പ്രശസ്ത ക്യാമറാമാൻ ഷാജി കുമാറിന്റെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മോഹൻലാൽ. ഏറെ സങ്കടപ്പെടുത്തുന്ന വിയോഗമാണെന്നും തന്റെ ഏറ്റവും പുതിയ ചിത്രമായ അതിമനോഹരത്തിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും മോഹൻലാൽ കുറിച്ചു. വൈകാരിക ഭാവങ്ങളെ അതീവ ആഴത്തില്‍ ഒപ്പിയെടുക്കാന്‍ കഴിവുള്ള അതുല്യ പ്രതിഭയായിരുന്നു ഷാജിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'പ്രിയപ്പെട്ട ഷാജി കുമാര്‍ നമ്മോട് വിടപറഞ്ഞു. ഏറെ സങ്കടപ്പെടുത്തുന്ന വിയോഗമാണ്. ഛായാഗ്രഹണ കലയില്‍ തന്റേതായ വ്യക്തിമുദ്ര പതിച്ച ഷാജിയുടെ അകാലത്തെ വിയോഗം ഏറെ സങ്കപ്പെടുത്തുന്നു. നരന്,പുലിമുരുകൻ, ഒടിയന്, തുടരും തുടങ്ങി അവസാനമായി ഞങ്ങളൊന്നിച്ച അതിമനോഹരം എന്ന ചിത്രത്തില്‍ വരെ ഷാജി എന്റെ ഒപ്പമുണ്ടായിരുന്നു. വൈകാരിക ഭാവങ്ങളെ അതീവ ആഴത്തില്‍ ഒപ്പിയെടുക്കാന്‍ കഴിവുള്ള അതുല്യ പ്രതിഭയായിരുന്നു ഷാജി. സ്നേഹവും സൗഹൃദവും എക്കാലത്തും ഞങ്ങള്‍ കാത്തുസൂക്ഷിച്ചിരുന്നു. വേദനയോടെ ആദരാഞ്ജലികള്‍', മോഹൻലാൽ കുറിച്ചു.
സിനിമാ സെറ്റില്‍വെച്ച് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം. രണ്ട് ദിവസം മുന്‍പ് ആലപ്പുഴയില്‍ സെറ്റില്‍വെച്ചാണ് ഷാജി കുമാര്‍ കുഴഞ്ഞുവീണത്. ആലപ്പുഴയില്‍ പ്രാഥമിക ചികിത്സ നല്കി കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. പുലിമുരുകന്, ഒടിയന്, നരന് തുടങ്ങി അന്‍പതിലേറെ ചിത്രങ്ങളുടെ ഛായാഗ്രാഹകന്‍ ആയിരുന്നു. അതിമനോഹരം സിനിമ ഡിസംബര്‍ 24ന് പുറത്തിറങ്ങാനിരിക്കെയാണ് വിയോഗം. ഒറ്റക്കൊമ്പന് ചിത്രത്തിന്റെയും ഛായാഗ്രാഹകന്‍ ഷാജി കുമാര്‍ ആണ്. വൈശാഖ്, ഷാജി കൈലാസ്, ജോഷി, അനില്‍ ബാബു എന്നീ സംവിധായകരുടെ കൂടെ ആണ് ഇദ്ദേഹം കൂടുതലായി പ്രവര്‍ത്തിച്ചത്.
Content Highlights: Mohanlal Remembers cinematographer shaji kumar