ലോകമാകെ തരംഗമായി ബോക്സ് ഓഫീസിൽ പുതിയ തരംഗം സൃഷ്ടിച്ച് നിതീഷ് തിവാരി ചിത്രം 'രാമായണ' മുന്നേറുമ്പോള് സോഷ്യൽ മീഡിയയിൽ ചിത്രത്തെ പ്രകീർത്തിച്ച് കേരള മുഖ്യമന്ത്രി വി.ഡി സതീശൻ. പോരാട്ടത്തിന്റെയും ധീരതയുടെയും പ്രതീകമായ ജടായുവിന്റെ ഓർമ്മകൾ വീണ്ടും വീണ്ടും ഉണർത്തുന്നതാണ് നിതീഷ് തിവാരി ചിത്രം 'രാമായണ' എന്ന് അദ്ദേഹം പോസ്റ്റിൽ കുറിച്ചു. ഇതിഹാസത്തിലെ ആ ത്യാഗജ്വാലയെ നേരിട്ടുകാണാൻ ഇന്ത്യാമൊട്ടാകെയുള്ള സഞ്ചാരികളെ കൊല്ലം ചടയമംഗലത്തുള്ള 'ജടായു എർത്ത്സ് സെന്ററി'ലേക്ക് ക്ഷണിച്ചുകൊണ്ട് മുഖ്യമന്ത്രി പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരിക്കുകയാണ്.
ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശില്പം സ്ഥിതി ചെയ്യുന്നത് കേരളത്തിലാണെന്നത് ഓരോ മലയാളിക്കും അഭിമാനകരമാണെന്നും, സിനിമയിലൂടെ ജടായുവിന്റെ വീരഗാഥ കണ്ടറിഞ്ഞവർ അത് നേരിട്ടറിയാൻ 'ഗോഡ്സ് ഓൺ കൺട്രി'യിലേക്ക് എത്തണമെന്നും അദ്ദേഹം കുറിച്ചു. കേരളത്തിന്റെ ടൂറിസം ടീമിനും, ഈ ഗംഭീരമായ അടയാളം യാഥാർത്ഥ്യമാക്കാൻ ദീർഘവീക്ഷണത്തോടെ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയംഗമമായ നന്ദിയും അദ്ദേഹം കുറിച്ചു. വെള്ളിത്തിരയിൽ ഈ ഇതിഹാസത്തെ കണ്ടറിഞ്ഞ എല്ലാവരെയും, ജടായുപാറയിൽ നേരിട്ടെത്തി അത് അനുഭവിച്ചറിയാൻ ഞാൻ ക്ഷണിക്കുന്നു, എന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.
'ദംഗൽ' എന്ന ചിത്രത്തിലൂടെ ചൈന അടക്കമുള്ള ആഗോള വിപണികളിൽ ബോക്സ് ഓഫീസ് റെക്കോർഡുകൾ സൃഷ്ടിക്കുകയും, അതേസമയം ഇന്ത്യൻ വൈകാരികതയിലും സംസ്കാരത്തിലും ആഴത്തിൽ വേരൂന്നിയ കഥപറച്ചിൽ രീതിയിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരെ സ്വീകരിച്ചതുമായ പ്രശസ്ത സംവിധായകൻ നിതീഷ് തിവാരിയെയും, ഇന്ത്യൻ സിനിമയിലെ വിവിധ തലമുറകളിലെ പ്രതിഭകളെയും നമിത് മൽഹോത്രയുടെ 'രാമായണ' ഒന്നിപ്പിച്ചിരിക്കുകയാണ്.
തലമുറകളായി ആരാധിക്കപ്പെടുന്ന ധർമ്മബോധത്തിന്റെ പ്രതീകമായ ശ്രീരാമനെ രൺബീർ കപൂറാണ് അവതരിപ്പിച്ചിരിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും ആദരിക്കപ്പെടുന്ന വനിതകളിലൊരാളായ സീതാദേവിയായി സായ് പല്ലവി എത്തുമ്പോൾ, ലാളിത്യവും കരുത്തും അനുകമ്പയും ആ കഥാപാത്രത്തിന് അവർ പകർന്നു നൽകുന്നു. 'റോക്കിംഗ് സ്റ്റാർ' യഷ്, ലോകസിനിമ കണ്ട ഏറ്റവും ശക്തനും അജയ്യനുമായ പ്രതിനായകന്മാരിൽ ഒരാളായ രാവണനായി ചിത്രത്തിൽ എത്തിയിരിക്കുന്നു. മലയാളികളുടെ പ്രിയനടി ശോഭന കൈകേയിയായി വേഷമിടുന്നു എന്നതാണ് മലയാളികൾക്ക് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന ആകർഷണം. പണ്ട് ടെലിവിഷൻ രാമായണ പരമ്പരയിൽ ശ്രീരാമനായി എത്തി ജനഹൃദയങ്ങൾ കീഴടക്കിയ അരുൺ ഗോവിൽ ദശരഥ മഹാരാജാവായി ചിത്രത്തിലുണ്ട്.
ലക്ഷ്മണനായി രവി ദുബെയും വിശ്വാമിത്ര മഹർഷിയായി അജിങ്ക്യ ദേവും ഇന്ദ്രദേവനായി കുനാൽ കപൂറൂം ശൂർപ്പണഖയായി രാകുൽ പ്രീത് സിംഗുമാണ് എത്തുന്നത്. ഓസ്കാർ ജേതാക്കളായ സംഗീത ഇതിഹാസങ്ങൾ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ആദ്യമായി ഒന്നിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ഓസ്കാർ ജേതാവായ ശ്രീധർ രാഘവനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. എട്ട് തവണ അക്കാദമി അവാർഡ് നേടിയ പ്രശസ്ത വി.എഫ്.എക്സ് സ്റ്റുഡിയോയായ ഡിഎൻഇജി ആണ് ചിത്രത്തിലെ ദൃശ്യവിസ്മയങ്ങൾക്ക് പിന്നിൽ. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന ഈ സിനിമാ പരമ്പരയുടെ ആദ്യ ഭാഗം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയതും വലിയതുമായ പ്രൊജക്ടുകളിൽ ഒന്നാണ്. പിആർഒ ആതിര ദിൽജിത്ത്.
Content Highlights: Kerala CM VD Satheesan invites tourists to jadayupara