സായ് പല്ലവി മുടി മുറിച്ചു, നടിമാര്‍ സാധാരണയായി ചെയ്യാന്‍ മടിക്കുന്ന കാര്യമാണ് അത്,' പ്രശംസിച്ച് ശ്രീലീല

മമ്മൂട്ടിയുടെ ഫാനാണ്, സായ് പല്ലവിയുടെ ഡെഡിക്കേഷൻ വേറെ ലെവൽ: മനസ്സ് തുറന്ന് ശ്രീലീല

രാജ്കുമാര്‍ പെരിയസാമിയുടെ സംഗീതത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും തമിഴകത്തിന്റെ പ്രിയങ്കരനുമായ ധനുഷും ഒന്നിക്കുന്ന ചിത്രമാണ് 'ഓം'. കഴിഞ്ഞദിവസം ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് അണിയറപ്രവര്‍ത്തകര്‍ സംഘടിപ്പിച്ചിരുന്നു. നായികമാരായ സായ് പല്ലവി, ശ്രീലീല എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ചിത്രത്തിൽ അഭിനയിച്ചതിന്റെ വിശേഷങ്ങളും സഹതാരങ്ങളുടെ പ്രകടനങ്ങളെക്കുറിച്ചും നടി ശ്രീലീല പങ്കുവെച്ച വാക്കുകളാണ് ഇപ്പോൾ സിനിമാലോകത്തിന്റെ ശ്രദ്ധ കവരുന്നത്. കഥാപാത്രത്തിനായി മുടി മുറിക്കാൻപോലും മടികാണിക്കാത്ത സായ് പല്ലവിയുടെ ഡെഡിക്കേഷനെയും ശ്രീലീല പുകഴ്ത്തി.

‘ഈ സിനിമയില്‍ മെയിന്‍ ക്യാരക്ടേഴ്‌സിനെല്ലാം ഓരോ ടീസര്‍ കൊടുത്തിട്ടുണ്ട്. അതില്‍ മമ്മൂട്ടി സാറിന്റെ ടീസര്‍ അടിപൊളിയായിരുന്നു. ഞാന്‍ അദ്ദേഹത്തിന്റെ വലിയൊരു ഫാനാണ്. അതുപോലെ സായ് പല്ലവിയുടെ ടീസറും എന്നെ ഞെട്ടിച്ചു. പൊലീസ് റോളാണ് സായ് ഈ സിനിമയില്‍ ചെയ്തത്. ഞങ്ങള്‍ നടിമാര്‍ സാധാരണയായി ചെയ്യാന്‍ മടിക്കുന്ന കാര്യമാണ് കഥാപാത്രത്തിനായി മുടി മുറിക്കുക എന്നത്. ഈ സിനിമക്ക് വേണ്ടി സായ് പല്ലവി അത് ചെയ്തപ്പോള്‍ എനിക്ക് അവരോട് ബഹുമാനം തോന്നി.

എല്ലാവരും എടുത്തുപറയുന്ന വേറൊരു കാര്യമാണ് സായ് അഭ്യങ്കറിന്റെ മ്യൂസിക്. ലാസ്റ്റ് പുറത്തുവന്ന ‘സെഞ്ചുടരേ’ എന്ന പാട്ടില്‍ എന്താണ് ചെയ്തുവെച്ചിരിക്കുന്നത്. അവസാനത്തെ ഒരു 40 സെക്കന്‍ഡ് പോര്‍ഷന്‍ എന്നെ വേറെ ലോകത്തെത്തിച്ചു. അതുപോലെ ധനുഷ് സാറിനൊപ്പമുള്ള ഷൂട്ടും നല്ല എക്‌സ്പീരിയന്‍സായിരുന്നു. അദ്ദേഹം സെറ്റിലെത്തുമ്പോള്‍ വിഭൂതിയുടെ സ്‌മെല്‍ അവിടം മുഴുവന്‍ നിറയും. വല്ലാത്തൊരു ഡിവൈന്‍ ഫീലാണത്,’ ശ്രീലീല പറയുന്നു.

ആന്ധ്ര- തമിഴ്‌നാട് ബോര്‍ഡറിലെ ചന്ദന കടത്തുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. സിയാ എന്ന കഥാപാത്രമായി മമ്മൂട്ടി വേഷമിടുമ്പോള്‍ നിത്യാ റെഡ്ഡി എന്ന പൊലീസായാണ് സായ് പല്ലവി പ്രത്യക്ഷപ്പെടുന്നത്. വരുംദിവസങ്ങളില്‍ ഓമിന്റെ ട്രെയ്‌ലര്‍ പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ട്. വന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രം നവംബര്‍ 20ന് തിയേറ്ററുകളിലെത്തും.

Content Highlights: Sreeleela shares her surprise over a decision taken by Sai Pallavi for her police character in the film Om. Her remarks have drawn attention to Sai Pallavi's role and preparation for the movie.

To advertise here,contact us