'ഞാൻ ചെയ്യേണ്ടിയിരുന്ന വേഷത്തിലേക്ക് പിന്നീട് നസ്രിയ വന്നു', കരിയറിലെ നഷ്ടങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് റെജീന

പിന്നീട് എന്റെ റോളിലേക്ക് നസ്രിയ വന്നു. ആ കാസ്റ്റ് മൊത്തം മാറ്റി. കാരണം അന്ന് അതിന്റെ പ്രൊഡ്യൂസേഴ്‌സിന് എസ്റ്റാബ്ലിഷ്ഡായിട്ടുള്ള ആര്‍ട്ടിസ്റ്റുകളെയായിരുന്നു ആവശ്യം.

മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരമാണ് റെജീന കസാൻഡ്ര. നായിക വേഷങ്ങൾക്കൊപ്പം തന്നെ നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങളിലൂടെയും ശക്തമായ കഥാപാത്രങ്ങളിലൂടെയും താരം പ്രേക്ഷകരെ വിസ്മയിപ്പിക്കാറുണ്ട്. സുന്ദർ സി സംവിധാനം ചെയ്ത മിത്തോളജിക്കൽ ഫാന്റസി ചിത്രം 'മൂക്കുത്തി അമ്മൻ 2'-ൽ 'ഭൈരവി' എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച് കൈയടി നേടുന്നതിനിടയിലാണ് കരിയറിന്റെ തുടക്കകാലത്തെക്കുറിച്ചുള്ള ഓർമ്മകൾ താരം പങ്കുവെച്ചിരിക്കുന്നത്.

എസ്.എസ്. മ്യൂസിക്കിന് നൽകിയ അഭിമുഖത്തിലാണ് റെജീന സിനിമയിലെ തന്റെ പഴയകാല അനുഭവങ്ങൾ തുറന്നുപറഞ്ഞത്. തമിഴ് സിനിമയിൽ താൻ കരിയർ ആരംഭിക്കുന്ന സമയത്ത് തന്റെ ഏറ്റവുമടുത്ത സുഹൃത്ത് ശിവകാർത്തികേയൻ ആയിരുന്നുവെന്നും ഇരുവരും ഒന്നിച്ചഭിനയിച്ച 'കേഡി ബില്ല കില്ലാഡി രംഗ' എന്ന ചിത്രത്തിന് ഇന്നും വലിയ ആരാധകവൃന്ദമുണ്ടെന്നും താരം ഓർക്കുന്നു. എന്നാൽ ഈ സിനിമയ്ക്ക് മുൻപ് മറ്റൊരു ബിഗ് പ്രൊജക്റ്റിൽ ഇരുവരും ഒന്നിക്കേണ്ടതായിരുന്നു. സംവിധായകൻ അറ്റ്‌ലിയുടെ ആദ്യ ചിത്രമായ 'രാജാ റാണി'യിലെ ആദ്യ കാസ്റ്റ് താനും ശിവകാർത്തികേയനും പ്രിയ ആനന്ദുമായിരുന്നുവെന്ന് താരം വ്യക്തമാക്കി.

‘ആ സമയത്ത് ശിവകാര്‍ത്തികേയന്‍ ഇന്ന് കാണുന്നതുപോലെ വലിയ സ്റ്റാറായിട്ടൊന്നുമില്ല. സിനിമയിലേക്ക് വന്ന സമയമായിരുന്നു അത്. കേഡി ബില്ല കില്ലാഡി രംഗ ചെയ്യുന്നതിന് മുന്നേ ഞങ്ങള്‍ ഒന്നിച്ച് ഒരു സിനിമ ചെയ്യേണ്ടതായിരുന്നു. അറ്റ്‌ലീയുടെ ആദ്യത്തെ സിനിമ രാജാ റാണിയിലെ ആദ്യത്തെ കാസ്റ്റ് ഞങ്ങളായിരുന്നു. ഞാനും ശിവകാര്‍ത്തികേയനും പ്രിയ ആനന്ദുമായിരുന്നു അന്നത്തെ കാസ്റ്റ്. പിന്നീട് എന്റെ റോളിലേക്ക് നസ്രിയ വന്നു. ആ കാസ്റ്റ് മൊത്തം മാറ്റി. കാരണം അന്ന് അതിന്റെ പ്രൊഡ്യൂസേഴ്‌സിന് എസ്റ്റാബ്ലിഷ്ഡായിട്ടുള്ള ആര്‍ട്ടിസ്റ്റുകളെയായിരുന്നു ആവശ്യം. അതിന് ശേഷമാണ് കേഡി ബില്ല കില്ലാഡി രംഗ ചെയ്യുന്നത്,’ റെജീന കസാന്‍ഡ്ര പറയുന്നു.

Content Highlights: Actress Regina Cassandra reveals that she was initially supposed to play the female lead in Atlee's film Raja Rani. However, Nazriya Nazim later took on the role, as Regina shares details about the casting change.

To advertise here,contact us