രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങൾ തള്ളി ധനുഷ്: എനിക്ക് പിന്നിൽ ദൈവവും ആരാധകരുമെന്ന് താരം

തമിഴ്നാട്ടിലെ രാഷ്ട്രീയ ചർച്ചകൾക്കിടെ നിലപാട് വ്യക്തമാക്കി ധനുഷ്: തനിക്ക് പിന്നിൽ ബാഹ്യശക്തികളില്ലെന്ന് തുറന്നടിച്ച് താരം

രാജ്കുമാര്‍ പെരിയസാമിയുടെ സംഗീതത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും തമിഴകത്തിന്റെ പ്രിയങ്കരനുമായ ധനുഷും ഒന്നിക്കുന്ന ചിത്രമാണ് 'ഓം'. ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റ് ഇന്നലെ നടന്നിരുന്നു. വിജയ്ക്ക് പിന്നാലെ നടൻ ധനുഷും രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ തമിഴ്നാട്ടിൽ ശക്തമായി നിലനിൽക്കുന്നുണ്ട്. താൻ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നുവെന്ന വാർത്തകളെയെല്ലാം നിഷേധിച്ചിരിക്കുകയാണ് ധനുഷിപ്പോൾ.

ദൈവവും തന്റെ ആരാധകരുമാണ് തന്റെ ഏറ്റവും വലിയ പിന്തുണയെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരെ ചിലർ ബോധപൂർവ്വമായ പ്രചാരണങ്ങൾ നടത്തുന്നുണ്ടെന്നും ചില ബാഹ്യശക്തികൾ തനിക്ക് പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്ന തരത്തിൽ തെറ്റായ വാർത്തകൾ പ്രചരിക്കുന്നുണ്ടെന്നും ധനുഷ് തുറന്നടിച്ചു.

"ആദ്യം നിങ്ങളുടെ കുടുംബത്തിനായി പണം ചെലവഴിക്കുക. അതിനുശേഷം, മറ്റുള്ളവർക്കായി ചെലവഴിക്കുക.വരും മാസങ്ങളിൽ കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. അതിനാൽ, ആളുകൾക്ക് സഹായം ആവശ്യമുള്ളപ്പോൾ അവരെ സഹായിക്കണം. ചിലർ പറയുന്നു, ഈ വ്യക്തിയാണ് എന്നെ നയിക്കുന്നതെന്ന്, അല്ലെങ്കിൽ മറ്റൊരാൾ എനിക്ക് പിന്നിൽ നിന്ന് എല്ലാം നിയന്ത്രിക്കുന്നുണ്ടെന്ന്.എനിക്ക് പിന്നിൽ ആരുമില്ല. ദൈവമാണ് എനിക്ക് പിന്നിലുള്ളത്; എന്റെ ആരാധകരാണ് എന്നെ നയിക്കുന്നത്. ആരാധകരുടെ സ്നേഹവും പിന്തുണയുമാണ് എനിക്ക് എല്ലാം".- ധനുഷ് പറഞ്ഞു.

തമിഴ്‌നാട്ടിൽ ധനുഷ് ഉടൻ സ്വന്തം രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചേക്കുമെന്നും, കേന്ദ്രഭരണ കക്ഷിയുടെ പിന്തുണയോടെയാണ് താരം ഈ നീക്കം നടത്തുന്നതെന്നും ചില പ്രതിപക്ഷ കക്ഷികൾ ആരോപിച്ചിരുന്നു. ഈ അഭ്യൂഹങ്ങൾക്കും ഊഹാപോഹങ്ങൾക്കുമെല്ലാമുള്ള വ്യക്തമായ മറുപടിയായാണ് ധനുഷിന്റെ ഈ തുറന്നപറച്ചിൽ വിലയിരുത്തപ്പെടുന്നത്.

Content Highlights: Dhanush's speech at the pre-release event of the Mammootty-Dhanush film Om has put an end to the political controversies surrounding the actor. His remarks at the event have attracted attention.

To advertise here,contact us