'മറ്റ് നടിമാരുമായി താരതമ്യം ചെയ്യുന്നത് എന്നെ ബാധിക്കാറില്ല, അത് ചിന്തിച്ച് സമയം കളയാറില്ല'; അനശ്വര രാജൻ

എന്റെ കഴിവുകൾ എങ്ങനെ മെച്ചപ്പെടുത്താം, ജോലിയിൽ എങ്ങനെ കൂടുതൽ ശ്രദ്ധിക്കാം എന്നതിലാണ് ഇപ്പോൾ ശ്രദ്ധ. മറ്റുള്ളവരെക്കുറിച്ച് ചിന്തിച്ച് സമയം കളയാറില്ല'

മറ്റു നടിമാരുമായി താരതമ്യം ചെയ്യുന്നതും അതൊരു മത്സരമായി കാണാറില്ലെന്നും അത്തരം കാര്യങ്ങൾ തന്നെ ബാധിക്കാറില്ലെന്നും നടി അനശ്വര രാജൻ. എന്നാൽ ചില കാര്യങ്ങൾ ഇപ്പോഴും വേദനിപ്പിക്കാറുണ്ടെന്നും താരം കൂട്ടിച്ചേർത്തു. ഗേൾ ഫോർമുല എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അനശ്വര ഇക്കാര്യം പറഞ്ഞത്.

'താരതമ്യങ്ങൾ ട്വിറ്ററിൽ മാത്രമല്ല, മറ്റു ഇടങ്ങളിലും ഉണ്ടാകാറുണ്ട്. അതൊക്കെ ഞാൻ ഇപ്പോൾ ശീലിച്ചുകഴിഞ്ഞു. ഇതിനെ ഒരു മത്സരമായി കാണുന്നില്ല. ഒരുകാലത്ത് ഇത്തരം കാര്യങ്ങളെല്ലാം എന്നെ ഒരുപാട് ബാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ എന്നെക്കുറിച്ച് വ്യക്തമായി മനസിലാക്കുന്നുണ്ട്. ഞാൻ എന്താണ് ചെയ്യുന്നതെന്നും എനിക്ക് അറിയാം. ഇപ്പോൾ ഞാൻ എന്നിൽ മാത്രമാണ് ശ്രദ്ധിക്കുന്നത്. ചെയ്യുന്ന സിനിമകൾ, കഥാപാത്രങ്ങൾ, എന്റെ കഴിവുകൾ മെച്ചപ്പെടുത്തുക അതിനാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നത്. അതുകൊണ്ട് മറ്റുള്ള കാര്യങ്ങളൊന്നും ഇപ്പോൾ എന്നെ ബാധിക്കാറില്ല', അനശ്വര പറഞ്ഞു.

'താരതമ്യങ്ങൾ കൊണ്ടല്ല, മറ്റൊരു കാരണത്താൽ ഞാൻ വളരെ മോശമായൊരു ഘട്ടത്തിലൂടെ കടന്നുപോയിട്ടുണ്ട്. എല്ലാവരും എന്നെ വെറുക്കുന്നതുപോലെ തോന്നിയിരുന്ന ഒരു സമയമായിരുന്നു അത്. എന്തിനാണ് ആളുകൾ എന്നെ വെറുക്കുന്നതെന്ന് എനിക്ക് മനസിലായിരുന്നില്ല. ആ അവസ്ഥയിൽ നിന്ന് ഞാൻ തന്നെ പുറത്തുകടന്നു. ഇപ്പോഴുള്ള എന്നെക്കുറിച്ച് എനിക്ക് ഒരുപാട് സന്തോഷമുണ്ട്. ആരോഗ്യകരമായ മാനസികാവസ്ഥയിലാണ് ഇപ്പോൾ ഞാൻ. എന്റെ കഴിവുകൾ എങ്ങനെ മെച്ചപ്പെടുത്താം, ജോലിയിൽ എങ്ങനെ കൂടുതൽ ശ്രദ്ധിക്കാം എന്നതിലാണ് ഇപ്പോൾ ശ്രദ്ധ. മറ്റുള്ളവരെക്കുറിച്ച് ചിന്തിച്ച് സമയം കളയാറില്ല', അനശ്വര കൂട്ടിച്ചേർത്തു.

Content Highlights: Anaswara Rajan talks about her film career and experience from social media

To advertise here,contact us