'ശാരീരികമായി തളർന്നുപോയ പല ഘട്ടങ്ങളിലും മമിത കൈപിടിച്ചു കൂടെ നിന്നു'; അനശ്വര രാജൻ

ഒരു വ്യക്തിയെന്ന നിലയിലും അഭിനേത്രിയെന്ന നിലയിലും മമിതയെ ഒരുപോലെ ഇഷ്ടമാണെന്നും അനശ്വര കൂട്ടിച്ചേർത്തു

മമിത ബൈജുവുമായുള്ള സൗഹൃദത്തെക്കുറിച്ച് തുറന്നുപറഞ്ഞ് അനശ്വര രാജൻ. ശാരീരികമായി അസുഖം ബാധിച്ച പല ഘട്ടങ്ങളിലും മമിത തനിക്കൊപ്പം നിന്ന് പിന്തുണച്ചിട്ടുണ്ടെന്നും ആ കരുതലും പിന്തുണയും ഏറെ വിലമതിക്കുന്നുവെന്നും അനശ്വര പറഞ്ഞു. ഒരു വ്യക്തിയെന്ന നിലയിലും അഭിനേത്രിയെന്ന നിലയിലും മമിതയെ ഒരുപോലെ ഇഷ്ടമാണെന്നും അനശ്വര കൂട്ടിച്ചേർത്തു. 'ഗേൾ ഫോർമുല' എന്ന തെലു​ഗ് യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് അനശ്വര ഇക്കാര്യം പറഞ്ഞത്.

'എപ്പോഴും നമ്മുടെ കൂടെയുണ്ടാകുന്ന ആളാണ് മമിത. ശാരീരികമായി അസുഖം ബാധിച്ച ഒരുപാട് സാഹചര്യങ്ങളിൽ അവൾ എന്റെ കൈപിടിച്ച് കൂടെയുണ്ടായിരുന്നു. എനിക്ക് താങ്ങായി നിന്നു. അവൾ നൽകുന്ന ആ ഉറപ്പും പിന്തുണയും എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഒരു വ്യക്തിയെന്ന നിലയിലും അഭിനേത്രിയെന്ന നിലയിലും എനിക്ക് മമിതയെ ഇഷ്ടമാണ്', അനശ്വര പറഞ്ഞു.

മലയാള സിനിമയിൽ നിരവധി വേഷങ്ങൾ ചെയ്ത അനശ്വര ഇപ്പോൾ തമിഴിലും തെലുങ്കിലും ഒരുപോലെ തിളങ്ങി നിൽക്കുകയാണ്. ഒട്ടനവധി അന്യഭാഷാ ചിത്രങ്ങളാണ് നടിയുടേതായി ഇനി പുറത്തുവരാനുള്ളത്. മറ്റു നടിമാരുമായി താരതമ്യം ചെയ്യപ്പെടുന്നതിനെ ഇപ്പോൾ മത്സരമായി കാണാറില്ലെന്നും അത്തരം കാര്യങ്ങൾ തന്നെ ബാധിക്കാറില്ലെന്നും നടി അനശ്വര രാജൻ ഈ ഇന്റർവ്യൂയിൽ പറയുക ഉണ്ടായി.

Content Highlights: Anaswara Rajan about her friendship with Mamitha Baiju

To advertise here,contact us