'കയറി പിടിക്കാനുള്ള അവസരം കൊടുത്തിട്ട്, പിന്നെ അയാളെന്നെ അങ്ങനെ ചെയ്തു എന്ന് പറഞ്ഞിട്ട് കാര്യമില്ല'; ഇനിയ

സിനിമാ ഇൻഡസ്ട്രിയിൽ ആരും ബലമായി താരങ്ങളെക്കൊണ്ട് ഒന്നും ചെയ്യിക്കാറില്ലെന്ന് നടി ഇനിയ

സിനിമാ ഇൻഡസ്ട്രിയിൽ ആരും ബലമായി താരങ്ങളെക്കൊണ്ട് ഒന്നും ചെയ്യിക്കാറില്ലെന്ന് നടി ഇനിയ. സിനിമാ ഇൻഡസ്ട്രിയിൽ തുറന്നു പറയാനുള്ള ​ഗട്സ് ഇല്ലാതെ വരുമ്പോഴാണ് പ്രശ്നം ഉണ്ടാകുന്നതെന്നും പറ്റില്ലാത്ത കാര്യങ്ങൾ അപ്പോൾ തന്നെ പറയണമെന്നും, പിന്നീട് അതേക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ലെന്നും ഇനിയ പറഞ്ഞു. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങൾ പറഞ്ഞത്.

'ഇൻഡസ്ട്രിയിൽ നമ്മളെ ആരും ബലമായി ഒരു കാര്യം ചെയ്യിക്കില്ല. നമ്മുടെ സമ്മതം ഇല്ലാതെ ആരും ഒരു കാര്യവും ചെയ്യില്ല. എനിക്കിങ്ങനെ ഇഴുകി ചേർന്നുള്ള രം​ഗങ്ങൾ, ബെഡ് റൂം സീനുകൾ, കിസിങ് സീനുകൾ, ഹ​ഗ്​​ഗിങ് സീനുകൾ, ഇതൊന്നും ചെയ്യാൻ കംഫർട്ടബിൾ അല്ല എന്ന് പറയണം. അല്ലെങ്കിൽ കുട്ടി ഉടുപ്പ് ഇടാൻ എനിക്ക് ബുദ്ധിമുട്ടാണ്. എന്നുള്ളത് പറഞ്ഞ് കഴിഞ്ഞാൽ, ആ സീനിന് ആവശ്യമുണ്ടെങ്കിൽ അവർ അത് സിനിമയുടെ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് എടുക്കും. ഇത് എല്ലാത്തിനും റെഡിയായിട്ടും വഴങ്ങി കൊടുത്തിട്ടും, പിന്നെ എന്നെ അങ്ങനെ ഉപയോ​ഗിച്ചു, എന്റെ അനുവാദമില്ലാതെ അത് ചെയ്തു എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല', ഇനിയ പറഞ്ഞു.

'എന്റെ അച്ഛനെപ്പോഴും പറയാറുണ്ട്, നിന്റെ റൂം നിന്റെ പ്രൈവസിയാണ്. എന്റെ റൂമിലേക്ക് ഒരാൾ വാതിൽ തുറന്ന് കടന്നുവരണമെങ്കിൽ, ഞാൻ വാതിലിന്റെ ലോക്ക് തുറന്നു കൊടുത്താലേ വാതിലിന് ഉള്ളിലേക്ക് കടന്നുവരാൻ കഴിയുകയുള്ളൂ. വന്ന് കഴിഞ്ഞ്, പുള്ളി അടുത്തിരുന്നതിന് ശേഷം, പുള്ളി കയറി പിടിക്കാനോ അല്ലെങ്കിൽ എന്തെങ്കിലും ചെയ്യാനോ ഒക്കെയുള്ള അവസരം കൊടുത്തിട്ട് പിന്നെ എന്നെ അത് ചെയ്തേ, ഇത് ചെയ്തേ എന്ന് പറഞ്ഞിട്ട് കാര്യമില്ല. ലോക്ക് തുറക്കുന്നതിനു മുൻപേ ആ വ്യക്തിയെ എവിടെ നിർത്തണമെന്ന് അറിയണം. സംഭവം കഴിഞ്ഞതിന് ശേഷം എനിക്കങ്ങനെ പറ്റി, ഇങ്ങനെ പറ്റി എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല', ഇനിയ കൂട്ടിച്ചേർത്തു.

Content Highlights: Actress Iniya about her opinion about industry cases in mollywood

To advertise here,contact us