ഇന്ത്യയൊട്ടാകെ കാത്തിരുന്ന ചിത്രം രാമായണത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിൽ അമൃത സുരേഷ്. തന്റെ അച്ഛനുണ്ടായിരുന്നെങ്കിൽ അച്ഛന് ഏറ്റവുമധികം സന്തോഷം തോന്നുന്ന ഒരു കാര്യമായിരിക്കും ഇതെന്ന് അമൃത പറഞ്ഞു. റിപ്പോർട്ടർ ഫിലിസിന് നൽകിയ അഭിമുഖത്തിലാണ് അമൃത ഇക്കാര്യം പറഞ്ഞത്.
'ഈ പാട്ട് പാടി ആദ്യം വിഡിയോ കാണുന്ന സമയത്ത് അമ്മ ആദ്യം പറഞ്ഞത് ഇങ്ങനെയായിരുന്നു, ഇതൊന്നും കാണാൻ അച്ഛ ഇല്ലല്ലോ എന്ന്. പിന്നെ ഞാൻ വിശ്വസിക്കുന്നത് എന്താണെന്ന് വച്ചാൽ, അച്ഛൻ ചിലപ്പോൾ മുകളിലിരുന്ന് ഒപ്പിക്കുന്ന പരിപാടികളായിരിക്കും ഇതൊക്കെ. മനുഷ്യനായിട്ട് ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ ചിലപ്പോൾ, മുകളിലിരുന്ന് ചെയ്യുന്നതായിരിക്കും. അങ്ങനെയൊക്കെയാണ് ഞാൻ വിശ്വസിക്കുന്നത്. ഞാനിപ്പോഴും ആ പാട്ടിന്റെ ഷോക്കിൽ തന്നെയാണ് ഇരിക്കുന്നത്. ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. 'രാമായണ'യുടെ എവിടെയെങ്കിലും ഒരു ഭാഗമാകാൻ പറ്റിയിരുന്നെങ്കിൽ എന്ന് ഞാൻ കൊതിച്ചിട്ടുണ്ട്. റഹ്മാൻ സാറിന് വേണ്ടി ഞാൻ പാടുന്ന മൂന്നാമത്തെ പാട്ട് ആണിത്', അമൃത പറഞ്ഞു.
'രാമായണ'യിലെ മനം പോലെ എന്ന പാട്ടാണ് അമൃത ആലപിച്ചിരിക്കുന്നത്. എ ആർ റഹ്മാൻ ആണ് സംഗീതമൊരുക്കിയിരിക്കുന്നത്. രാമനായി രൺബീർ കപൂർ എത്തുമ്പോൾ സീതയായി സായ് പല്ലവിയാണ് ചിത്രത്തിലെത്തുന്നത്. ഇന്ന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് എല്ലായിടത്തും നിന്നും ലഭിക്കുന്നത്. രാവണൻ ആയി യഷ് കലക്കിയെന്നും ഒരു ദൃശ്യവിസ്മയം തന്നെയാണ് നിതീഷ് തിവാരി ഒരുക്കിയിരിക്കുന്നതെന്നും പ്രേക്ഷകരുടെ അഭിപ്രായമുണ്ട്.
Content Highlights: Amrutha Suresh about her father and offers from music industry