'അവരുടെ ലവ് ഓവറാണ്, അത് കണ്ടു മറ്റു പലർക്കും ചോറ് കിട്ടുന്നില്ലെന്ന് കേട്ടു'; ചിരിപ്പിച്ച് കാർത്തി

അണ്ണി വേറെ ലെവൽ ആണ്. ഇവരുടെ രണ്ടുപേരുടെയും ലവ് ഓവറാണ്. അവിടെ വന്ന മറ്റ് എല്ലാ കപ്പിൾസിനും നല്ല അടിയാണ് കിട്ടിയിരിക്കുന്നത്. എനിക്കൊക്കെ കിട്ടിയ അടിയെക്കുറിച്ച് പുറത്തുപറയാൻ പോലും പറ്റില്ല.

സൂര്യയും ജ്യോതികയും മലയാളികളുടെയും തമിഴകത്തിന്റെയും എക്കാലത്തെയും പ്രിയപ്പെട്ട 'റൊമാന്റിക് ജോഡിയാണ്'. സ്‌ക്രീനിലെ മാസ് പ്രണയം ജീവിതത്തിലും അങ്ങേയറ്റം മനോഹരമായി കൊണ്ടുനടക്കുന്ന ഇവരുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എപ്പോഴും വലിയ ആവേശമാണ്. ഇപ്പോഴിതാ, അണ്ണന്റെയും അണ്ണിയുടെയും ഈ സ്നേഹം കൊണ്ട് തനിക്ക് കിട്ടിയ പണിയെക്കുറിച്ച് പറയുകയാണ് കാർത്തി. സൂര്യയുടെയും ജ്യോതികയുടെയും ഈ സ്നേഹം കണ്ട് പല വീടുകളിലും ഭർത്താക്കന്മാർക്ക് ചോറ് കിട്ടാത്ത അവസ്ഥയാണെന്നും, എങ്ങനെ സ്നേഹിക്കണം എന്ന് ഇവരെ കണ്ട് പഠിക്കണം എന്നാണ് നാട്ടുകാർ പറയുന്നതെന്നും താരം കൂട്ടിച്ചേർത്തു. സൂര്യ നായകനാകുന്ന പുതിയ ചിത്രം 'സീനി'ന്റെ ‍ട്രെയ്‍ലർ ലോഞ്ചിലാണ് കാർത്തി ഇക്കാര്യങ്ങൾ പറയുന്നത്.

'കാക്ക കാക്ക സിനിമ മുതൽ അവരുടെ കെമിസ്ട്രി വളരെ സവിശേഷമാണ്. ഞങ്ങൾ അടുത്തിടെ സ്കോട്ട്ലൻഡ് പോയിരുന്നു. എന്നോട് ‘ചുമ്മാ വാ’ എന്ന് പറഞ്ഞപ്പോൾ‌ ഞാൻ പോയതാണ്. അവിടെ ചെന്നപ്പോൾ സർപ്രൈസിന് മേലെ സർപ്രൈസ്… അവരുടെ പ്രണയം തുടർന്നുകൊണ്ടിരിക്കുകയാണ്. അണ്ണി (ജ്യോതിക) ആ റിലേഷൻഷിപ്പിൽ ഇടുന്ന എഫർട്ട് മറ്റാർക്കും ചെയ്യാൻ കഴിയും എന്നെനിക്ക് തോന്നുന്നില്ല. അണ്ണി വേറെ ലെവൽ ആണ്. ഇവരുടെ രണ്ടുപേരുടെയും ലവ് ഓവറാണ്. അവിടെ വന്ന മറ്റ് എല്ലാ കപ്പിൾസിനും നല്ല അടിയാണ് കിട്ടിയിരിക്കുന്നത്. എനിക്കൊക്കെ കിട്ടിയ അടിയെക്കുറിച്ച് പുറത്തുപറയാൻ പോലും പറ്റില്ല.

അവരുടെ സ്നേഹം കണ്ട ശേഷം പല വീട്ടിലും ഭർത്താക്കന്മാർക്ക് ചോറ് കിട്ടുന്നില്ല എന്നാണ് കേട്ടത്. എങ്ങനെ സ്നേഹിക്കണമെന്ന് ഇതു കണ്ട് പഠിക്ക് എന്നാണ് എല്ലാവരും പറയുന്നത്… തമാശ മാറ്റിവച്ചാൽ, അവരുടെ സ്നേഹം അതിമനോഹരമാണ്. അത് നിങ്ങൾ എല്ലാവരും കണ്ടിരിക്കും. അത് ശരിക്കും സ്പെഷ്യൽ തന്നെയാണ്; കാർത്തി പറഞ്ഞു.

ഇക്കൊല്ലം സെപ്റ്റംബറിൽ, ഒരു സ്കോട്ടിഷ് കൊട്ടാരത്തിൽ വെച്ചാണ് താരങ്ങളായ സൂര്യയും ജ്യോതികയും തങ്ങളുടെ 20-ാം വിവാഹ വാർഷികം ആഘോഷിച്ചത്. കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും സാന്നിധ്യത്തിൽ, ദമ്പതികൾ തങ്ങളുടെ വിവാഹവാഗ്ദാനങ്ങൾ പുതുക്കുന്ന ചടങ്ങ് മനോഹരമായിരുന്നു. 1999ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘പൂവെല്ലാം കേട്ടുപ്പാർ’ എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് സൂര്യയും ജ്യോതികയും പരിചയപ്പെടുന്നത്. പിന്നീട് ‘കാക്ക കാക്ക’, ‘പേരഴകൻ’, ‘മായാവി’, ‘സില്ലിനു ഒരു കാതൽ’ തുടങ്ങിയ സിനിമകളിലും ഇരുവരും ഒരുമിച്ചെത്തി. സൗഹൃദം പ്രണയമായി വളർന്നതോടെ 2006ൽ വിവാഹിതരായി.

Content Highlights: Actor Karthi speaks about Suriya and Jyothika’s relationship, praising their romance and saying that their bond is something others should learn from.

To advertise here,contact us