ഗിരീഷ് എ.ഡി ചിത്രങ്ങളുടെ വലിയ ആരാധികയാണെന്ന് നടി അനിഷ്മ. ‘പൂവൻ’ സിനിമയുടെ ഓഡിഷൻ വേളയിൽ ഗിരീഷ് എ.ഡിയോട് ഒരവസരം ചോദിക്കാൻ പേടിയായിരുന്നുവെന്ന് മാഡിസം ഡിജിറ്റലിന് നൽകിയ അഭിമുഖത്തിൽ താരം വെളിപ്പെടുത്തി. തമിഴ് സിനിമകളിലൂടെ തിളങ്ങിനിൽക്കുന്നതിനിടയിലാണ് ഗിരീഷ് എ.ഡിയുടെ ചിത്രങ്ങളോടുള്ള തന്റെ ഇഷ്ടം അനിഷ്മ പങ്കുവെച്ചത്.
‘ഞാൻ ഗിരീഷേട്ടന്റെ ഭയങ്കര ഫാനാണ്. ഗിരീഷേട്ടന്റെ പടമൊക്കെ ഭയങ്കര ഇഷ്ടമാണ്. പൂവൻ സിനിമയുടെ ഓഡിഷന്റെ സമയത്ത് വിനീതേട്ടനും ഗിരീഷേട്ടനൊക്കെ അവിടെ ഉണ്ടായിരുന്നു. ഗിരീഷേട്ടനെ കണ്ടപ്പോൾ എനിക്കിങ്ങനെ 'ചേട്ടാ അടുത്ത പടത്തിൽ എന്തെങ്കിലും ചാൻസ് തരണേ’യെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ പേടി കാരണം ഞാൻ ചോദിച്ചില്ല. പിന്നെ പുള്ളീടെ കാതലനിൽ ഓഡിഷൻ ചെയ്തിട്ട് സെലക്ട് ചെയ്തു. പുള്ളീടെ എല്ലാ പടവും എനിക്കിഷ്ടമാണ്,’ അനിഷ്മ പറഞ്ഞു.
അദ്ദേഹത്തിന്റെ ഹ്യൂമർ സെൻസ് സെറ്റിലായാലും പടത്തിലായാലും മികച്ചതാണെന്നും അദ്ദേഹത്തിന്റെ സിനിമകളിൽ സാധാരണ മനുഷ്യർക്കുണ്ടാവുന്ന ഇൻസെക്യൂരിറ്റീസൊക്കെയുള്ള എല്ലാവർക്കും റിലേറ്റബിളായ കഥാപാത്രങ്ങളാവും പ്രധാന കഥാപാത്രങ്ങളെന്നും അനിഷ്മ കൂട്ടിച്ചേർത്തു.
അനിഷ്മയുടേതായി ഒടുവില്‍ പുറത്തിയ മൊതരാത്രി തമിഴ്നാട്ടില്‍ വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. മലയാളത്തിൽ അഭിനയിച്ച് തുടങ്ങിയ അനിഷ്മ പിന്നീട് ചെയ്ത തമിഴ് സിനിമകൾ എല്ലാം സൂപ്പർഹിറ്റ് ആയിരുന്നു. സിറൈ, യൂത്ത്, മൊതരാത്രി എന്നീ സിനിമകളുടെ വിജയത്തിളക്കത്തിലാണ് അനിഷ്മ.
Content Highlights: Actress Anishma shares her admiration for filmmaker Girish A.D., saying she is particularly fond of his sense of humor and the films he makes.