പലപ്പോഴും സംഘിയായിട്ടുണ്ട്, ജിഹാദിയായിട്ടുണ്ട്; എന്റെ ശരിയാണ് ഞാൻ പോസ്റ്റ് ചെയ്യുന്നത്: നിർമൽ പാലാഴി

'പ്രശസ്തി ഒരു ബുദ്ധിമുട്ടായി തോന്നുന്നതിനോട് യോജിപ്പില്ല; ഈ തിരക്കിന് വേണ്ടിയാണ് ഇത്രയും കാലം ഓടിയത്'

തന്റെ നിലപാടുകൾ തുറന്നുപറയുമ്പോൾ പലപ്പോഴും സംഘിയായും ജിഹാദിയായും മുദ്രകുത്തപ്പെടാറുണ്ടെന്ന് തുറന്നുപറഞ്ഞ് നടൻ നിർമൽ പാലാഴി. ആളുകൾ തിരിച്ചറിയുന്നതിനും ഈ തിരക്കുകൾക്കും വേണ്ടിയാണ് താൻ ഇത്രയും കാലം കഷ്ടപ്പെട്ടതെന്നും, പ്രശസ്തി ഒരു ലഹരിയാണെന്നും മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

"എനിക്ക് ശരി എന്ന് തോന്നുന്ന കാര്യം ഞാനെന്തായാലും പോസ്റ്റ് ചെയ്യാറുണ്ട്. ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഞാൻ പലപ്പോഴും സം​ഘിയായിട്ടുണ്ട്, ജിഹാദിയായിട്ടുണ്ട്. പലപ്പോഴും ഇതിങ്ങനെ മാറി മാറിക്കൊണ്ടിരിക്കും. എന്റെ ശരി മാത്രമാണ് ഞാൻ പോസ്റ്റ് ചെയ്യുന്നത്. ഞാൻ ഇന്ന ഒരു ആളായിട്ടല്ല. അത് ഞാൻ അന്നും ഇന്നും ചെയ്യാറുണ്ട്.

ഇതൊക്കെ പ്രൈവസിയെ ബാധിക്കാറില്ലേ എന്ന് ചിലർ ചോദിക്കാറുണ്ട്. ഈ പ്രൈവസിക്ക് ആണെങ്കിൽ ഞാൻ വേറെ എന്തെങ്കിലും പണിയെടുത്താൽ പോരേ. ഈ ആളുകളുടെ തിരക്കും ഓട്ടവും ബുദ്ധിമുട്ടായി തോന്നാറുണ്ടോ. ഞാൻ പത്തിരുപത്തിയഞ്ച് കൊല്ലം ഓടിയിട്ടുണ്ട്. എനിക്ക് എങ്ങനെയാണ് ബുദ്ധിമുട്ടാവുക. ഈ തിരക്ക് കിട്ടാൻ വേണ്ടിയിട്ടല്ലേ ഞാൻ ഓടിയത്. ആളുകൾ തിരിച്ചറിയാൻ വേണ്ടി. അത് നല്ലതല്ലേ, ആളുകൾ അറിയാൻ വേണ്ടിയിട്ടല്ലേ ഇത്രയും കാലം ഇതൊക്കെ ചെയ്തത്.

പൈസയ്ക്ക് വേണ്ടി മാത്രമാണെങ്കിൽ മറ്റെന്തെങ്കിലും ബിസിനസ് ഒക്കെ ചെയ്യാമല്ലോ. ആളുകൾ അറിയുക എന്ന് പറയുന്നത്, വലിയൊരു ലഹരിയാണ്. തിരക്ക് കാണിക്കുന്നതൊക്കെ ഒരു ജാഡയാണെന്നാണ് എനിക്ക് തോന്നുന്നത്. ഒരു കാര്യവുമില്ല. ഇതിനല്ലേ ഇത്രയും കാലം നമ്മളോടിയത്. എന്തെങ്കിലും ആയിക്കഴിഞ്ഞിട്ട് ഇതെനിക്ക് ബുദ്ധിമുട്ടാണെന്ന് പറഞ്ഞാൽ എനിക്കെന്തോ അതിനോട് തീരെ യോജിപ്പിച്ചില്ല; നിർമൽ പാലാഴി പറഞ്ഞു.

Content Highlights: Actor Nirmal Palazhi responds to being labelled a 'Sanghi' or a 'Jihadi'. He says he does not post to satisfy any group and simply shares what he believes to be right.

To advertise here,contact us