'സൂക്ഷട മട രാശിനി' അതേത് സിനിമ? നസ്രിയയുടെ സിനിമാ ലിസ്റ്റ് കേട്ട് പൊട്ടിച്ചിരിച്ച് നസ്‌ലിനും ജിത്തുവും

'സൂക്ഷട മട രാശിനി' ഏത് സിനിമ? നസ്‌ലിന്റെ സംശയവും നസ്രിയയുടെ ചിരിയും സോഷ്യൽ മീഡിയയിൽ വൈറൽ!

ആവേശം എന്ന ചിത്രത്തിനുശേഷം ജിത്തു മാധവൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചലച്ചിത്രമാണ് സീൻ. സൂര്യ നായകനാകുന്ന ചിത്രത്തിൽ നസ്രിയ ഫഹദ് ആണ് നായിക. നസ്ലെൻ ആണ് സിനിമയിൽ വില്ലൻ വേഷത്തിൽ എത്തുന്നത്. ചിത്രത്തിന്റെ ഹൈപ്പ് ഇരട്ടിയാക്കിക്കൊണ്ട് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയ്‌ലർ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. ട്രെയ്‌ലർ ലോഞ്ച് ചടങ്ങിനിടയിൽ നിന്നുള്ള താരങ്ങളുടെ രസകരമായ ചില നിമിഷങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തുന്നത്.

ചടങ്ങിന്റെ ഭാഗമായി പ്രധാന താരങ്ങളെ വേദിയിലേക്ക് ക്ഷണിക്കുന്നതിന് മുൻപ് അവരുടെ സിനിമാജീവിതം കോർത്തിണക്കിയുള്ള ഒരു പ്രിവ്യൂ വീഡിയോ (AV) പ്രദർശിപ്പിച്ചിരുന്നു. നസ്രിയയുടെ കരിയറിലെ മികച്ച സിനിമകൾ പരിചയപ്പെടുത്തുന്നതിനിടെ സ്ക്രീനിൽ വന്ന ഒരു പരാമർശമാണ് വേദിയിൽ കൂട്ടച്ചിരിയുണർത്തിയത്.

നസ്രിയ അഭിനയിച്ച സിനിമകളുടെ പേരുകൾ പറയുന്നതിനിടയിൽ ‘സൂക്ഷട മട രാശിനി’ എന്ന് വീഡിയോയിൽ പരാമർശിച്ചിരുന്നു. ഇത് ഏത് സിനിമയാണെന്ന് മനസ്സിലാകാതെ അടുത്തുണ്ടായിരുന്ന നസ്‌ലിൻ തിരിഞ്ഞ് നസ്രിയയോട് ചോദിക്കുന്നതും, സംവിധായകൻ ജിത്തു മാധവനും ഇരുവരും ചേർന്ന് പൊട്ടിച്ചിരിക്കുന്നതുമായ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു. അടുത്തടുത്താണ് ഇരുവരും ഇരുന്നിരുന്നത്. ഓരോ തവണയും ഇവർ നൽകുന്ന ക്യൂട്ട് റിയാക്ഷനുകൾ ആരാധകർ ഇതിനോടകം തന്നെ സ്ക്രീൻഷോട്ടുകളായും റീലുകളായും പങ്കുവെക്കുന്നുണ്ട്.

ഴഗരം സ്റ്റുഡിയോസിന്റെയും 2D എന്റർടൈൻമെന്റ് സ്റ്റുഡിയോസിന്റെയും ബാനറിൽ ജ്യോതികയും സൂര്യയും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ സഹനിർമാതാവ് ജയശ്രീ ദാമോദരനാണ്. നവംബർ ആറിന് ദീപാവലി റിലീസായി ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുന്ന ചിത്രം കേരളത്തിൽ ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് പ്രദർശനത്തിനെത്തിക്കുന്നത്. വമ്പൻ റിലീസായി ആണ് ചിത്രം കേരളത്തിൽ എത്തുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ കേരള ഡിസ്ട്രിബ്യൂഷൻ പാർട്ണർ. സുഷിൻ ശ്യാം ആദ്യമായി തമിഴിൽ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് ‘സീൻ’.

‘രോമാഞ്ചം’, ‘ആവേശം’ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രം കൂടിയാണ് ‘സീൻ’. സൂര്യയുടെ മാസ് രംഗങ്ങളും കോമഡി രംഗങ്ങളുമുള്ള ചിത്രം സ്റ്റൈലിഷ് ആയാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് ടൈറ്റിൽ ടീസർ സൂചിപ്പിക്കുന്നത്. ഇമ്പരാജ് ഐപിഎസ് എന്ന പൊലീസ് ഓഫീസർ കഥാപാത്രമായാണ് സൂര്യ ചിത്രത്തിൽ വേഷമിടുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടൈറ്റിൽ ടീസറിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.

Content Highlights: The trailer launch of the Malayalam film Scene featured delightful moments between actors Nazriya Nazim and Naslen. A video capturing their fun interactions at the event has gone viral on social media, attracting attention from fans.

To advertise here,contact us