സൗഹൃദവും നര്‍മവും അപ്രതീക്ഷിത സംഭവങ്ങളും കോര്‍ത്തിണക്കിയ തെലുങ്ക് കോമഡി ചിത്രം 'ജിഗ്രിസി'ന്റെ മലയാളം പതിപ്പ് ഒടിടിയിലെത്തി. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചത്. തെലുങ്ക് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയ ചിത്രം മലയാളത്തിലും മികച്ച പ്രതികരണങ്ങള്‍ നേടും എന്നാണ് പ്രതീക്ഷിക്കുന്നത്.
നാല് സുഹൃത്തുക്കളുടെ ഗോവന്‍ യാത്രയും അതിനെ തുടര്‍ന്നുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളും രസകരമായ പ്രതിസന്ധികളുമാണ് ചിത്രത്തിന്റെ പ്രമേയം.സംവിധായകന് ഹരീഷ് റെഡ്ഡി ഉപ്പല ഒരുക്കിയ ചിത്രത്തില്‍ കാര്‍ത്തിക്, പ്രവീണ്‍, വിനയ്, പ്രശാന്ത് എന്നീ നാല് സുഹൃത്തുക്കളാണ് കേന്ദ്ര കഥാപാത്രങ്ങള്‍. കുട്ടിക്കാലം മുതല്‍ സൗഹൃദത്തിലുള്ള ഇവര്‍ യാതൊരു മുന്നൊരുക്കവുമില്ലാതെയാണ് ഗോവയിലേക്ക് യാത്ര തിരിക്കുന്നത്.
ആവശ്യത്തിന് പണമില്ല, മൊബൈല്‍ ഫോണില്ല, വഴികാട്ടാന്‍ ജിപിഎസുമില്ല. ആകെയുള്ളത് ഒരു പഴയ മാരുതി 800 കാര്‍ മാത്രം. ഈ യാത്രയില്‍ തുടര്‍ന്നുണ്ടാകുന്ന സംഭവ മുഹൂര്‍ത്തങ്ങളാണ് ചിത്രത്തെ രസകരമായ യാത്രാനുഭവമാക്കി മാറ്റുന്നത്. ഹാസ്യരംഗങ്ങള്ക്കൊപ്പം സൗഹൃദത്തിന്റെ ഊഷ്മളതയും വൈകാരിക മുഹൂര്‍ത്തങ്ങളും ചിത്രത്തില്‍ ഇടംപിടിക്കുന്നു. പഴയകാല സൗഹൃദങ്ങളുടെയും ഒരുമിച്ചുള്ള യാത്രകളുടെയും ഓര്‍മകള്‍ ഉണര്‍ത്തുന്ന രീതിയിലാണ് കഥയുടെ അവതരണം.
ചിത്രത്തിലെ പ്രകടനത്തിന് നടന് കൃഷ്ണ ബുരുഗുലയ്ക്ക് മികച്ച ഹാസ്യനടനുള്ള തെലങ്കാന ഗദ്ദര്‍ സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു. കാര്‍ത്തിക് എന്ന പ്രധാന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. സ്വാഭാവികമായ ഹാസ്യവും വൈകാരികതയും ചേര്‍ന്ന അദ്ദേഹത്തിന്റെ പ്രകടനം ചിത്രത്തിലെ ശ്രദ്ധേയമായ ഘടകമാണ്. 'ജിഗ്രിസ്' സൗഹൃദവും യാത്രയും നര്‍മവും ഇഷ്ടപ്പെടുന്ന ഒടിടി പ്രേക്ഷകര്‍ക്ക് ഒരു ഫാമിലി എന്റര്‍ടെയ്നറായി ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ആസ്വദിക്കാം.
Content Highlights: 'Jigris'—a comedy film that won a Telangana State Film Award—is now coming to Malayalam via OTT.