ജീവിതപങ്കാളിയിൽ താൻ ആഗ്രഹിക്കുന്ന ഗുണങ്ങളെക്കുറിച്ചും 'രാമായണ'ത്തിൽ സീതയെ അവതരിപ്പിക്കാൻ അവസരം ലഭിച്ചപ്പോഴുണ്ടായ അനുഭവങ്ങളെക്കുറിച്ചും മനസ് തുറന്ന് നടി സായ് പല്ലവി. അമിതാഭ് ബച്ചൻ അവതാരകനായെത്തുന്ന ജനപ്രിയ ഗെയിം ഷോയായ 'കോൻ ബനേഗാ ക്രോർപതി'യുടെ ദീപാവലി പ്രത്യേക എപ്പിസോഡിലാണ് താരം ഇക്കാര്യങ്ങൾ പങ്കുവെച്ചത്. രൺബീർ കപൂറിനും രവി ദുബേയ്ക്കുമൊപ്പമാണ് സായ് പല്ലവി ഷോയിൽ അതിഥിയായി എത്തിയത്.
ഷോയ്ക്കിടയിൽ ജീവിതപങ്കാളിയിൽ ഉണ്ടായിരിക്കേണ്ട ഗുണങ്ങളെക്കുറിച്ച് അമിതാഭ് ബച്ചൻ ചോദിച്ചപ്പോഴാണ് സായ് പല്ലവി തന്റെ നിലപാട് വ്യക്തമാക്കിയത്. 'വലിയ നിബന്ധനാ പട്ടികയൊന്നുമില്ലെന്നും, ഒരാൾ നല്ല മനുഷ്യനായിരിക്കണം എന്നതാണ് തന്റെ പ്രധാന നിബന്ധനയെന്നും താരം വ്യക്തമാക്കി. അദ്ദേഹം ഒരു നല്ല മനുഷ്യനായിരിക്കണം. അമിതമായി സ്വാർത്ഥ താത്പര്യമുള്ള ഒരാളാകരുത്. സ്വന്തം പ്രവൃത്തികളെക്കുറിച്ച് ചിന്തിക്കാനും സ്വയം വിലയിരുത്താനും കഴിയുന്ന ആളായിരിക്കണം.
ജീവിതത്തിൽ താൻ എവിടെയാണ് നിൽക്കുന്നതെന്ന കാര്യത്തിൽ വ്യക്തമായ ധാരണയുള്ള ഒരാളായിരിക്കണം അദ്ദേഹം. തെറ്റുകൾ സംഭവിക്കാം. പക്ഷേ, അത് തിരുത്താനും തയ്യാറാകണം. സ്വന്തം തെറ്റുകൾക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന ആളാകരുത്. വലിയൊരു നിബന്ധനാ പട്ടികയൊന്നും എനിക്കില്ല. അദ്ദേഹം ഒരു നല്ല മനുഷ്യനായിരിക്കണം. ഒപ്പം പാചകം ചെയ്യാനും അറിയാമെങ്കിൽ അത് വളരെ നല്ലതാണ്,' സായ് പല്ലവി പറഞ്ഞു.
അതേസമയം, ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രമാണ് രാമായണം. രാമായണയുടെ വേള്‍ഡ് പ്രീമിയര്‍ ലോസ് ഏഞ്ചലസിലെ അക്കാദമി മ്യൂസിയം പിക്ചര്‍ ഹാളില്‍ സംഘടിപ്പിച്ചിരുന്നു. 4000 കോടിയിലേറെ ഇന്‍വെസ്റ്റ് ചെയ്ത് രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന രാമായണയുടെ ആദ്യഭാഗമാണ് നവംബറിൽ റിലീസ് ചെയ്യുന്നത്. സണ്ണി ഡിയോൾ ഹനുമാനായും രവി ദുബെ ലക്ഷ്മണനായും എത്തുന്നു. ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ചേർന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. വമ്പൻ താരനിരയും വിഷ്വൽ ഇഫക്ട്സും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളാണ്.
Content Highlights: Actress Sai Pallavi shares her thoughts on finding a life partner, saying she does not have an extensive list of requirements. Her statement offers a glimpse into her personal views on relationships and marriage.