'ബെത്ലഹേം കുടുംബ യൂണിറ്റ്' സ്വന്തമാക്കിയ വലിയ വിജയത്തിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് തുറന്നു പറയുകയാണ് നടൻ ഫഹദ് ഫാസിൽ. ചിത്രം നേടിയ 300 കോടി രൂപയുടെ പകുതി പോലും തനിക്ക് വ്യക്തിപരമായി ലഭിക്കില്ലെന്നും, സിനിമയുടെ വിജയം ഒരാളുടെ മാത്രം നേട്ടമായി കാണുന്നില്ലെന്നും ഫഹദ് പറഞ്ഞു. കൂടാതെ BKUവിൽ മമിത ബൈജു ചെയ്ത ആഷ്ലിയുടെ ഫോട്ടോയെ അടിസ്ഥാനമാക്കിയുള്ള റീ-കളക്ഷൻ സീനാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതെന്ന് ഫഹദ് പറഞ്ഞു. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്.
'ഇവർ ഈ പറയുന്ന 300 കോടിയുടെ പകുതി പോലും നമുക്ക് ഒന്നും കിട്ടില്ല. അതൊക്കെ ഗ്രോസ് കളക്ഷൻ ആണ്, എന്തായാലും അത് 'ബെത്ലഹേമി'ന്റെ വിജയം എന്നത് വളരെ സന്തോഷമുള്ളതും പ്രൗഡ് ആയിട്ടുള്ളതുമായ കാര്യം തന്നെയാണ്. ഇത് ഞാൻ ഒറ്റയ്ക്കല്ല. ഗിരീഷുണ്ട്, ശ്യാമുണ്ട്, ദിലീഷ് ഉണ്ട് ഇത് ഞങ്ങളുടെ എല്ലാവരുടെയും കൂട്ടമായ വിജയമായിട്ടാണ് ഞാൻ കാണുന്നത്. അല്ലാതെ എന്റെ ഒറ്റയ്ക്കുള്ള വിജയമായി ഇതിനെ ഞാൻ കാണുന്നില്ല. ബെത്ലഹേമിൽ മമിതയുടെ ആ ഫോട്ടോയുടെ റീ-കളക്ഷൻ സീനാണ് എന്റെ ഫേവറൈറ്റ്. അത് കണ്ടപ്പോൾ എനിക്ക് ഭയങ്കരമായി വർക്ക് ആയി. അത്തരത്തിലുള്ള ടെക്നിക്കുകൾ സിനിമകളിൽ അധികം ഉപയോഗിച്ചിട്ടില്ല. എനിക്ക് ഒരുപാട് ഇഷ്ടമായി', ഫഹദ് ഫാസിൽ പറഞ്ഞു.
അതേസമയം, തിയേറ്ററിൽ മഹാ വിജയം തീർത്ത BKU ഇപ്പോൾ ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. ഓണം റിലീസായി എത്തിയ ചിത്രം മലയാളികൾ ആഘോഷപൂർവ്വമാണ് ഏറ്റെടുത്തത്. നിവിന്റെ ജസ്റ്റിൻ ചേട്ടനും മമിതയുടെ ആഷ്ലിയും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരായി മാറിക്കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ എവിടെ നോക്കിയാലും ഈ സിനിമയുടെ ഓരോ സീനുകളും മീമുകളും ആണ് കാണാൻ കഴിയുന്നത്.
ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തിയ സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, മീനാക്ഷി രവീന്ദ്രൻ, വിനയ് ഫോർട്ട്, ശ്യാം മോഹൻ തുടങ്ങി ഓരോ അഭിനേതാക്കളുടെയും പെർഫോമൻസും ഡയലോഗുകളും ഏവരും ഏറ്റെടുത്തുകഴിഞ്ഞു. വിഷ്ണു വിജയ് ഒരുക്കിയ സിനിമയിലെ ഗാനങ്ങളെല്ലാം ചാർട്ട്ബസ്റ്ററുകളാണ്. പശ്ചാത്തല സംഗീതവും പ്രേക്ഷകരുടെ ഹൃദയം കവർന്നുകഴിഞ്ഞു. ഭാവന സ്റ്റുഡിയോസ് നിർമിച്ച ചിത്രം മറ്റ് ഭാഷകളിലും പ്രേക്ഷകരെ സ്വന്തമാക്കുന്നുണ്ട്. ഗിരീഷ് എ ഡിയും കിരൺ ജോസിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. അജ്മൽ സാബു ഛായാഗ്രഹണം ചെയ്ത ചിത്രത്തിന്റെ എഡിറ്റിങ് ആകാശ് ജോസഫ് വർഗീസാണ് ചെയ്തിരിക്കുന്നത്.
Content Highlights: Fahadh Faasil says about the success of BKU and his favourite scene from the movie