അന്ന് കണ്ണ് മിഴിച്ച് നോക്കിയിരുന്നത്തിന് കാരണം ഉണ്ട്, ആ മീമുകൾ ഞാൻ ആസ്വദിക്കാറുണ്ട്; ഫഹദ് ഫാസിൽ

'അന്ന് സ്റ്റേജിൽ കണ്ടത് കണ്ട് ഞാൻ വണ്ടറടിച്ചു'; വൈറൽ മീമിന് പിന്നിലെ കഥ വെളിപ്പെടുത്തി ഫഹദ് ഫാസിൽ

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഫഹദ് ഫാസിൽ. കാലങ്ങളായുള്ള അഭിനയ ജീവിതത്തിൽ ഒട്ടനവധി കഥാപാത്രങ്ങൾ സമ്മാനിച്ച ഫഹദ് ഇന്ന് പാൻ ഇന്ത്യൻ താരം കൂടിയാണ്. മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും അഭിനയിച്ച് ആരാധകരെ ഫഹദ് സമ്പാദിച്ചിട്ടുണ്ട്. അടുത്തിടെ ഫഹദിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. കണ്ണ് മിഴിച്ച്, ഇമ ചിമ്മാതെ ഒരു വശത്തേക്ക് മാത്രം കുറേ നേരം നോക്കിയിരിക്കുന്ന ഫഹദിന്റെ വീഡിയോ ആയിരുന്നു അത്.

ഇത് പിന്നീട് മീം മെറ്റീരിയലായി മാറി. ഇപ്പോഴിതാ ആ മീമിന്റെ പിന്നിലുള്ള കഥ വിവരിക്കുകയാണ് ഫഹദ്. താന്‍ എന്താണ് നോക്കിയിരുന്നതെന്ന് ഇതുവരെ ആര്‍ക്കും അറിയില്ലെന്ന് താരം പറഞ്ഞു. ഡോണ്ട് ട്രബിള്‍ ദി ട്രബിളിന്റെ പ്രൊമോഷന്‍ ഇന്റര്‍വ്യൂവില്‍ സംസാരിക്കുകയായിരുന്നു ഫഹദ്. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

‘സത്യം പറഞ്ഞാല്‍ എന്റെ കണ്ണിന് എന്തോ പ്രത്യേകതയുണ്ടെന്ന് പലരും പറയാറുണ്ട്. എനിക്ക് അങ്ങനെ ഇതുവരെ തോന്നിയിട്ടില്ല. അന്നത്തെ പരിപാടിയില്‍ ഞാന്‍ ഇരുന്നത് വലിയ മീം മെറ്റീരിയലായി മാറുമെന്ന് കരുതിയില്ല. സ്റ്റേജില്‍ എന്ത് കണ്ടിട്ടാണ് ഞാന്‍ അങ്ങനെ ഇരുന്നതെന്ന് ആര്‍ക്കും അറിയില്ല. ഒരു പെണ്‍കുട്ടി സ്റ്റേജില്‍ എന്നെ ഇമിറ്റേറ്റ് ചെയ്യുന്നത് നോക്കി ഇരിക്കുകയായിരുന്നു.

ആവേശത്തിലെ എന്റെ അതേ ഗെറ്റപ്പില്‍ സ്റ്റേജില്‍ പെര്‍ഫോം ചെയ്യുന്നത് കണ്ടപ്പോള്‍ ഞാന്‍ ശരിക്കും വണ്ടറടിച്ചു. കുറച്ച് നേരം അത് നോക്കിയിരുന്നത് ആരോ വീഡിയോ എടുത്തു. അയാള്‍ എന്റെ മുഖത്തേക്ക് ക്യാമറ പാന്‍ ചെയ്തത് മീം മെറ്റീരിയലായി. അങ്ങനെയാകുമെന്ന് ഞാന്‍ ഒട്ടും കരുതിയില്ല. അതിന്റെ മീമുകള്‍ ഞാന്‍ എന്‍ജോയ് ചെയ്യാറുണ്ട്,’ ഫഹദ് പറഞ്ഞു.

അതേസമയം, ഫഹദ് ഫാസിൽ നായകനായി എത്തുന്ന ഡോണ്ട് ട്രബിൾ ദി ട്രബിൾ തിയേറ്ററിൽ എത്തിയിരിക്കുകയാണ്. ബാലതാരം സാറ പാലേക്കർ, സൗരഭ് സച്ദേവ് എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ ശശാങ്ക് യെലേട്ടിയാണ് സംവിധാനം ചെയ്യുന്നത്. എസ്.എസ്. രാജമൗലി അവതരിപ്പിക്കുന്ന ചിത്രം എസ്.എസ്. കാർത്തികേയ, ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.ഭാവനാ റിലീസാണ് ചിത്രം കേരളത്തിലെ വിതരണം നിർവഹിക്കുന്നത്.

Content Highlights: Fahadh Faasil shares the story behind a viral meme and recalls the stage moment that left him amazed. He explains the context surrounding the widely circulated image and reflects on what he saw that day.

To advertise here,contact us