കൊച്ചി: നീണ്ട ഇടവേളയ്ക്ക് ശേഷം സ്വതന്ത്ര സംഗീത ലോകത്തേക്ക് കരുത്തുറ്റ തിരിച്ചുവരവിന് ഒരുങ്ങി കൊച്ചി ആസ്ഥാനമായ മ്യൂസിക് ബാൻഡ് 'എവർഗ്രീൻ' (Evrgr:n). ഒക്ടോബർ 1-ന് റിലീസ് ചെയ്യുന്ന രണ്ടാമത്തെ സംഗീത ആൽബം, പുതിയ മ്യൂസിക് വീഡിയോ, മൾട്ടി-സിറ്റി ടൂർ എന്നിവയിലൂടെ വലിയ മാറ്റങ്ങൾക്കാണ് ബാൻഡ് തുടക്കമിടുന്നത്. പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളെ ഒഴിവാക്കി സ്വന്തമായി വികസിപ്പിച്ച മൊബൈൽ ആപ്പിലൂടെ മാത്രം പാട്ടുകൾ റിലീസ് ചെയ്യാനാണ് ഇവരുടെ തീരുമാനം.
അൽഗോരിതങ്ങൾക്ക് പ്രാധാന്യമുള്ള നിലവിലെ സ്ട്രീമിംഗ് രീതികളിൽ നിന്ന് മാറി, സംഗീത പ്രേമികൾക്ക് പാട്ടുകളുടെ പൂർണ്ണ ഉടമസ്ഥാവകാശം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ബാൻഡിലെ രണ്ട് അംഗങ്ങൾ ചേർന്ന് ഈ പുതിയ ആപ്പ് നിർമ്മിച്ചിരിക്കുന്നത്.
'സബ്സ്ക്രിപ്ഷൻ അധിഷ്ഠിത ആപ്പുകളിലെ പ്ലേലിസ്റ്റുകൾക്കിടയിൽ നഷ്ടപ്പെടുന്നതിനേക്കാൾ, ഞങ്ങളുടെ സംഗീതം സ്വന്തമാക്കാൻ ആരാധകർ കാണിക്കുന്ന താല്പര്യമാണ് ഞങ്ങൾക്ക് പ്രധാനം,' എന്ന് എവർഗ്രീൻ ബാൻഡ് അംഗങ്ങൾ വ്യക്തമാക്കി. കലാസൃഷ്ടികളെ കേവലം ഉപഭോഗവസ്തുവായി കാണാതെ, സംഗീതത്തെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മ രൂപീകരിക്കാനാണ് ഇവർ ശ്രമിക്കുന്നത്.
ഒക്ടോബർ 1-ന് ആൽബവും ആപ്പും പുറത്തിറങ്ങുന്നതിനൊപ്പം ലിവിംഗ്സ്റ്റൺ മാത്യു സംവിധാനം ചെയ്ത ദൃശ്യമനോഹരമായ പുതിയ മ്യൂസിക് വീഡിയോയും പ്രേക്ഷകരിലേക്ക് എത്തും. തുടർന്ന് ഒക്ടോബർ 3 മുതൽ വിവിധ നഗരങ്ങളിൽ എവർഗ്രീൻ സംഗീത നിശകൾ(MultiCity Tour) സംഘടിപ്പിക്കും. പ്രമുഖ ഇൻഡി-റോക്ക് ബാൻഡായ 'തകര', പുതിയ ഇൻഡി ബാൻഡായ 'ചാർലി നൗ' എന്നിവരും ഈ ടൂറിൽ എവർഗ്രീനൊപ്പം അണിനിരക്കും.
ബാംഗ്ലൂർ, ഹൈദരാബാദ്, മുംബൈ, പുനെ, ചെന്നൈ, പോണ്ടിച്ചേരി തുടങ്ങി ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലാണ് ഷോകൾ നടക്കുക. സ്വതന്ത്ര സംഗീത വിതരണ രംഗത്ത് വൻ മാറ്റങ്ങൾക്ക് വഴിതുറക്കുന്നതാണ് എവർഗ്രീന്റെ ഈ പുതിയ ചുവടുവയ്പ്പ്.
Content Highlights: Kochi's famous music band Evergreen is coming back after years with a new app, album and multi city tours