യൂട്യൂബറായ അശ്വന്ത് കോക്കിനെ ട്രോളി കേരള പൊലീസ്. ഡ്രിങ്ക് ആൻഡ് ഡ്രൈവ്, ഒരു അനാവശ്യ ത്രില്ലർ എന്ന പേരിൽ ഒരു സിനിമയുടെ പോസ്റ്റർ രൂപത്തിലാണ് കേരള പൊലീസ് പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഒരു സിനിമയുടെ റിവ്യൂ പറയുന്ന രീതിയിലാണ് കേരള പൊലീസ് ഈ വിഷയം അവതരിപ്പിച്ചത്. ഫസ്റ്റ് ഹാഫിൽ ഫുൾ സ്പീഡ് ആണെന്നും സെക്കൻഡ് ഹാഫിൽ ഫൈനും കേസുമായെന്ന് പറയുന്നു.
'ഫസ്റ്റ് ഹാഫിൽ ഫുൾ സ്പീഡ്…സെക്കൻഡ് ഹാഫിൽ ഫൈനും കേസും…Rating: 0/10, പടം വൻ പരാജയം! മദ്യപിച്ച് വാഹനം ഓടിക്കുന്നത് ഒരു തമാശയോ സാഹസമോ അല്ല. സ്വന്തം ജീവൻ മാത്രമല്ല, റോഡിലെ മറ്റ് യാത്രക്കാരുടെയും സുരക്ഷയാണ് ഇതിലൂടെ അപകടത്തിലാകുന്നത്. ഒരു തെറ്റായ തീരുമാനം പലരുടെയും ജീവിതത്തെ ബാധിച്ചേക്കാം. അതുകൊണ്ട് മദ്യപിച്ചാൽ ഡ്രൈവ് ചെയ്യരുത്, സുരക്ഷിതമായി വീട്ടിലെത്താനുള്ള മറ്റൊരു വഴി തിരഞ്ഞെടുക്കൂ', കേരള പൊലീസ് പോസ്റ്റിനൊപ്പം കുറിച്ചു.
കഴിഞ്ഞ ദിവസം മദ്യപിച്ച് വാഹനമോടിച്ചതിന് താരത്തെ കോഴിക്കോട് നടക്കാവ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. നടക്കാവ് കൊട്ടാരം റോഡില്‍ വെച്ച് അശ്വന്ത് ഓടിച്ചിരുന്ന വാഹനം സ്കൂട്ടറിലും കാറിലും ഇടിക്കുകയായിരുന്നു. പിന്നാലെ മദ്യലഹരിയിലായിരുന്ന അശ്വന്തിനെ നാട്ടുകാര്‍ ഇടപെട്ട് പൊലീസില്‍ ഏല്പിക്കുകയായിരുന്നു. ഈ സംഭവത്തിന് ശേഷം സോഷ്യല്‍ മീഡിയയിലും അശ്വന്തിനെതിരെ വലിയ ട്രോളുകളാണ് ഉയരുന്നത്. ഇപ്പോൾ കേരള പൊലീസ് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിൽ അശ്വന്തിനെ പരോക്ഷമായി ട്രോളുന്ന പോസ്റ്റാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.
Content Highlights: Kerala Police trolls ashwanth kok for drunk and drive case