രാമായണത്തിലെ ആദ്യ ഗാനം 'ജയ് ജയ് റാം' പുറത്തിറങ്ങി

എആര്‍ റഹ്‌മാന്‍ ആണ് ഗാനത്തിന് ഈണം പകര്‍ന്നിരിക്കുന്നത്

നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രം 'രാമായണ'ത്തിന്റെ ആദ്യ ഗാനം പുറത്തിറങ്ങി. 'ജയ് ജയ് റാം'ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഓസ്‌കാര്‍ ജേതാവ് എആര്‍ റഹ്‌മാന്‍ ഈണം പകര്‍ന്നിരിക്കുന്ന ഗാനത്തിന്റെ മലയാളം വരികള്‍ രചിച്ചിരിക്കുന്നത് വിനായക് ശശികുമാറാണ്. ഹരിചരണും അമൃത രാജനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഒരു ആരതിയുടെ ആത്മീയ ബോധവും സിനിമാറ്റിക് ഗാനത്തിന്റെ വൈകാരികതയും സമന്വയിപ്പിച്ചാണ് ഈ ഭക്തിഗാനം ഒരുക്കിയിരിക്കുന്നത്. ശ്രീരാമന്റെ കാരുണ്യം, സംരക്ഷണം, ധര്‍മ്മനിഷ്ഠ എന്നിവയെ പ്രതിഫലിപ്പിക്കുന്നതാണ് ഗാനത്തിലെ വരികള്‍.

തലമുറകളായി നമ്മെ നയിക്കുന്ന വഴികാട്ടിയാണ് ശ്രീരാമനെന്നും ആ ആഴത്തിലുള്ള ബന്ധമാണ് 'ജയ് ജയ് റാം' എന്ന ഗാനത്തിന് പിന്നിലെന്നും നിര്‍മ്മാതാവ് നമിത് മല്‍ഹോത്ര പറഞ്ഞു. പ്രാര്‍ത്ഥനയുടെ പരിശുദ്ധിയും വ്യക്തിപരമായ അനുഭവവും നിലനിര്‍ത്തിക്കൊണ്ടുതന്നെ ഒരു സിനിമാറ്റിക് ഗാനമായി ഇതിനെ മാറ്റാനാണ് ശ്രമിച്ചതെന്ന് സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാനും വ്യക്തമാക്കി.

രണ്‍ബീര്‍ കപൂര്‍ (ശ്രീരാമന്‍), സായ് പല്ലവി (സീത), യഷ് (രാവണന്‍), സണ്ണി ഡിയോള്‍ (ഹനുമാന്‍), രവി ദുബെ (ലക്ഷ്മണന്‍) എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. നമിത് മല്‍ഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, എട്ട് തവണ അക്കാദമി അവാര്‍ഡ് നേടിയ ഡിഎന്‍ഇജി , യഷിന്റെ മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സ് എന്നിവര്‍ സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇന്ത്യയിലൊഴികെ സോണി പിക്ചേഴ്സ് ആഗോളതലത്തില്‍ വിതരണം ചെയ്യുന്ന 'രാമായണ പാര്‍ട്ട് വണ്‍' 2026 ദീപാവലി റിലീസായി തിയേറ്ററുകളിലെത്തും. പി ആര്‍ ഒ: ആതിര ദില്‍ജിത്ത്.

Content Highlights: 'Jai Jai Ram', the first song from Ramayana, has been released. AR Rahman has composed the music for the song.

To advertise here,contact us