വീടിന് സമീപത്തുള്ള ക്ഷേത്രത്തില്‍ നിന്ന് രാത്രിയില്‍ അതീവ ശബ്ദം ഉണ്ടാകുന്നതിനെതിരെ പൊലീസില്‍ പരാതി നല്കി നടന് അല്ലു സിരീഷ്. നടന് അല്ലു അര്‍ജുന്റെ സഹോദരന് കൂടിയായ അല്ലു സിരീഷ്, തന്റെ വീടിന് സമീപത്തെ ക്ഷേത്രത്തില്‍ അര്‍ധ രാത്രി ഉച്ചത്തില്‍ സംഗീതം വെക്കുന്നതിനെതിരെയാണ് പൊലീസിനെ സമീപിച്ചിരിക്കുന്നത്. ഹൈദരാദാബ് ഷെയ്ഖാപേട്ടിലാണ് അല്ലു സിരീഷ് താമസിക്കുന്നത്.
എക്സിലൂടെയായിരുന്നു സിരീഷിന്റെ പ്രതികരണം. അടുത്തുള്ള ഹനുമാന് ക്ഷേത്രത്തില്‍ നിന്നുള്ള സംഗീതം കാരണം കഴിഞ്ഞ കുറേ ദിവസങ്ങളായി ഉറങ്ങാന്‍ പോലും സാധിക്കുന്നില്ലെന്നാണ് താരം പറയുന്നത്. വയോധികരും കുട്ടികളുമുള്ള വീടുകളാണ് സമീപത്തുള്ളതെന്നും താരം പറയുന്നു. ഹൈദരാബാദ് പൊലീസിനെ താരം ടാഗ് ചെയ്തിട്ടുണ്ട്. നേരത്തെ തന്നെ ഈ വിഷയത്തില്‍ താന്‍ ഫിലിം നഗര്‍ പൊലീസ് സ്റ്റേഷനെ സമീപിച്ചിരുന്നുവെന്നും താരം പറയുന്നു.
'ബഹുമാനപ്പെട്ട ഹൈദരാബാദ് പൊലീസിനോട്, ഞാന്‍ അപര്‍ണ വണ്‍,ഷെയ്ഖാപെട്ടിലെ താമസക്കാരനാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിനോഭ നഗറിലെ ഹനുമാന് ക്ഷേത്രത്തില്‍ ഉച്ചത്തില്‍ സംഗീതം വെക്കുന്നുണ്ടായിരുന്നു. അനുവദിച്ചിട്ടുള്ള ഡെസിബെലിനും മുകളില്‍ രാത്രി രണ്ട്-മൂന്ന് മണി വരേയും അത് നീണ്ടു പോകുന്നുണ്ട്. തുടര്‍ന്ന് ഞാന്‍ ഫിലിം നഗര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു
ഗണേശ് നിമഞ്ജനം ആയതിനാല്‍ സെപ്റ്റംബര്‍ 25 വരെ സഹിക്കണമെന്നാണ് പൊലീസ് പറഞ്ഞത്. ഫെസ്റ്റിവല്‍ കഴിഞ്ഞു. പക്ഷെ സംഗീതം അവസാനിക്കുന്നില്ല. ഒരുപാട് വയോധികരും കുട്ടികളും ജോലിക്ക് പോകുന്നവരും ഞങ്ങളുടെ പ്രദേശത്തുണ്ട്. അവര്‍ക്കത് ശല്യമുണ്ടാക്കുന്നുണ്ട്. മുമ്പും പലപ്പോഴായി പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഒരു നടപടിയും ഉണ്ടായില്ല. ദയവ് ചെയ്ത് ഈ വിഷയത്തില്‍ ഇടപെടണം- അദ്ദേഹം പറയുന്നു.
പിന്നാലെ താരത്തിന് മറുപടിയുമായി ഹൈദരാബാദ് പൊലീസുമെത്തി. ഫിലിം നഗര്‍ പൊലീസിനോട് വേണ്ട നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ചതായാണ് പൊലീസ് അറിയിക്കുന്നത്.
Content Highlights: 'Sound from the temple is disturbing my sleep'; Allu Sirish lodges a complaint.