ക്യാമറയ്ക്ക് മുന്നിൽ പെട്ടെന്ന് പ്രതികരിക്കേണ്ടി വരുമ്പോൾ തനിക്ക് ബുദ്ധിമുട്ടുണ്ടാകാറുണ്ടെന്ന് നടി നിഖില വിമൽ. അത് നിങ്ങളുടെ ആരുടെയും പ്രശ്നമല്ലെന്നും തന്റേത് ആണെന്നും നടി പറഞ്ഞു. പെട്ടെന്ന് ഒരു ദിവസം കാറിൽ നിന്നിറങ്ങുമ്പോൾ ഒരു പത്ത് വീഡിയോ ക്യാമറകൾ വന്നിട്ട് സംസാരിക്കൂ എന്ന് പറഞ്ഞാൽ താൻ അതിന് തയ്യാർ ആയിരിക്കില്ലെന്നും നടി കൂട്ടിച്ചേർത്തു. 'ധൂമകേതു'വിന്റെ പ്രസ് മീറ്റിനിടെയായിരുന്നു നിഖിലയുടെ പ്രതികരണം.
'പെട്ടെന്ന് ക്യാമറയായിട്ട് വരുമ്പോൾ എനിക്ക് അത് എന്റെ ഒരു പ്രൈവസി സ്പേസ് പോലെയാണ്. അത് എന്റെ പ്രശ്നമാണ്, നിങ്ങളുടെ പ്രശ്നമല്ല. നിങ്ങളോട് എങ്ങനെ റിയാക്ട് ചെയ്യണമെന്ന് അറിയാത്തതിന്റെ പ്രശ്നമാണ്. എനിക്ക് അറിയാം നിങ്ങൾക്ക് വേണ്ടത് ഒരു കണ്ടന്റാണ്. അതിനകത്തുനിന്നാണ് നിങ്ങൾ ചോദിക്കുന്നത്. ചിലപ്പോൾ ചോദിക്കുന്ന ചോദ്യം ഭയങ്കര ഇറിറ്റേറ്റിങ് ആണെങ്കിലും റെസ്പോണ്ട് ചെയ്യാതിരിക്കുക എന്ന് പറയുമ്പോൾ അങ്ങ് രക്ഷപ്പെട്ടുപോകാലോ എന്നുള്ളതുകൊണ്ടാണ്. അല്ലാതെ നിങ്ങളോട് എന്തെങ്കിലും ദേഷ്യം ഉണ്ടായിട്ടൊന്നുമല്ല', നിഖില പറഞ്ഞു.
'ഒരു പ്രസ് മീറ്റ് എന്ന് പറയുമ്പോൾ ഞാൻ തയ്യാർ ആയിരിക്കും. അല്ലാതെ പെട്ടെന്ന് ഒരു ദിവസം കാറിൽ നിന്നിറങ്ങുമ്പോൾ ഒരു പത്ത് വീഡിയോ ക്യാമറകൾ വന്ന് നിൽക്കുക, 'സംസാരിക്കൂ' എന്ന് പറയുമ്പോൾ ചിലപ്പോൾ ഞാൻ അത്ര തയ്യാർ ആയിരിക്കില്ല. അതുകൊണ്ടുള്ള ഒരു പ്രശ്നമാണ്. അത് എന്റെ പ്രശ്നമാണ്', നിഖില കൂട്ടിച്ചേർത്തു.
അതേസമയം, നിഖില നായികയായി എത്തിയ ധൂമകേതു മികച്ച പ്രതികരണങ്ങൾ നേടി തിയേറ്ററുകളിൽ ജൈത്രയാത്ര തുടരുകയാണ്. വേറിട്ട ടൈം ട്രാവൽ ചിത്രമാണ് എന്നാണ് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ പറയുന്നത്. സിനിമയിലെ പാട്ടിനും ബാക്ക് ഗ്രൗണ്ട് സ്കോറിനും മികച്ച കയ്യടിയാണ് തിയേറ്ററിൽ ലഭിക്കുന്നത്. രസകരമായതും കൗതുകം നിറയ്ക്കുന്നതുമായ ഒട്ടേറെ മുഹൂർത്തങ്ങള്‍ ചിത്രത്തിലുണ്ടെന്നാണ് പ്രേക്ഷകർ പറയുന്നത്.
'നെയ്മറി'ന് ശേഷം സുധി മാഡിസൺ സംവിധാനം ചെയ്യുന്ന ചിത്രം ഹാപ്പി അവേഴ്സ് എന്റർടെയ്ൻമെന്റ്സും എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻ ഹൗസും ചേർന്നാണ് നിർമിക്കുന്നത്. സജിൻ ഗോപു, നിഖില വിമൽ, ഷൈൻ ടോം ചാക്കോ, ഗണപതി, സിദ്ധാർത്ഥ് ഭരതൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. സമീർ താഹിർ, ഷൈജു ഖാലിദ്, സജിൻ അലി, അബ്ബാസ് തിരുനാവായ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് സോണിയും മനുവും ചേർന്നാണ്.
Content Highlights: Nikhila Vimal talks about her response to medias outside