മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം 'തേന്മാവിന്‍ കൊമ്പത്ത്' ഒക്ടോബര്‍ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

ചിത്രത്തിലെ നായികയായ ശോഭനയുടെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത് വിട്ടത്

മലയാള സിനിമയിലെ എവര്‍ഗ്രീന്‍ ക്ലാസിക് ചിത്രങ്ങളിലൊന്നായ, മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിന്റെ 'തേന്മാവിന്‍ കൊമ്പത്ത്' വീണ്ടും തിയേറ്ററുകളിലേക്ക്. 1994ല്‍ പുറത്തിറങ്ങിയ ചിത്രം പുതിയ സാങ്കേതിക മികവോടെ ഒക്ടോബര്‍ 8ന് ആഗോളതലത്തില്‍ വീണ്ടും പ്രദര്‍ശനത്തിനെത്തും. ചിത്രത്തിലെ നായികയായ ശോഭനയുടെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത് വിട്ടത്.

മോഹന്‍ലാല്‍, ശോഭന, നെടുമുടി വേണു എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം പ്രിയദര്‍ശന്‍ രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയാണ്. പ്രസിദ്ധി ക്രിയേഷന്‍സിന്റെയും സൂര്യ സിനി ആര്‍ട്‌സിന്റെയും ബാനറില്‍ എന്‍. ഗോപാലകൃഷ്ണനാണ് ചിത്രം നിര്‍മ്മിച്ചത്. റീ റിലീസിനായി ചിത്രം 4Kയില്‍ റീ മാസ്റ്റര്‍ ചെയ്തത് മാറ്റിനി നൗവും ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നാണ്.

മാണിക്യനും കാര്‍ത്തുമ്പിയും ശ്രീകൃഷ്ണന്‍ തമ്പുരാനും ഉള്‍പ്പെടെയുള്ള കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇന്നും നിറഞ്ഞുനില്‍ക്കുന്ന ചിത്രമാണ് 'തേന്മാവിന്‍ കൊമ്പത്ത്'. പ്രണയവും നര്‍മ്മവും ഗ്രാമീണ പശ്ചാത്തലവും മനോഹരമായ ഗാനങ്ങളും ഒരുമിച്ചെത്തിയ ചിത്രം മൂന്ന് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും മലയാളികളുടെ പ്രിയപ്പെട്ട ക്ലാസിക്കായി തുടരുകയാണ്. മോഹന്‍ലാല്‍-ശോഭന കൂട്ടുകെട്ടിന്റെ ജനപ്രിയ ചിത്രങ്ങളിലൊന്നായ 'തേന്മാവിന്‍ കൊമ്പത്ത്' വീണ്ടും ബിഗ് സ്‌ക്രീനില്‍ കാണാനുള്ള അവസരമാണ് റീ റിലീസിലൂടെ ഒരുങ്ങുന്നത്.

ഒറിജിനല്‍ 35mm പ്രിന്റില്‍ നിന്ന് 4K സാങ്കേതികവിദ്യയില്‍ സ്‌കാന്‍ ചെയ്ത് പുനഃസംവിധാനം ചെയ്ത പതിപ്പാണ് തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ ദൃശ്യഭംഗിയും പഴയ ഫിലിം പ്രിന്റിന്റെ സൂക്ഷ്മമായ വിശദാംശങ്ങളും പരമാവധി നിലനിര്‍ത്തിക്കൊണ്ടാണ് റീമാസ്റ്ററിംഗ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ചിത്രത്തിലെ സംഗീതത്തിനും ശബ്ദങ്ങള്‍ക്കും പുതിയ മികവ് നല്‍കി ഡോള്‍ബി അറ്റ്‌മോസിലും മിക്‌സ് ചെയ്തിട്ടുണ്ട്. അതിനാല്‍ തന്നെ പഴയ തലമുറയ്ക്ക് ഗൃഹാതുരമായ ഓര്‍മ്മകളും പുതിയ തലമുറയ്ക്ക് ഒരു ക്ലാസിക് ചിത്രം ബിഗ് സ്‌ക്രീനില്‍ ആസ്വദിക്കാനുള്ള പുതിയ അനുഭവവുമാകും ഈ റീ റിലീസ്.

'തേന്മാവിന്‍ കൊമ്പത്ത്' പുറത്തിറങ്ങിയ 1994ല്‍ തന്നെ നിരവധി അംഗീകാരങ്ങള്‍ സ്വന്തമാക്കിയിരുന്നു. ഛായാഗ്രഹണത്തിന് കെ.വി. ആനന്ദിനും പ്രൊഡക്ഷന്‍ ഡിസൈനിന് സാബു സിറിലിനും ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളിലും ചിത്രം നേട്ടങ്ങള്‍ സ്വന്തമാക്കി. ബേണി-ഇഗ്‌നേഷ്യസിന്റെ സംഗീതവും ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങളും ചിത്രത്തിന്റെ ജനപ്രീതിയുടെ പ്രധാന ഘടകങ്ങളായിരുന്നു.

മോഹന്‍ലാല്‍, ശോഭന, നെടുമുടി വേണു, ശ്രീനിവാസന്‍, കവിയൂര്‍ പൊന്നമ്മ, കെ.പി.എ.സി ലളിത, സുകുമാരി, കുതിരവട്ടം പപ്പു, ശങ്കരാടി, ഗീത വിജയന്‍, സോണിയ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. മാണിക്യനും കാര്‍ത്തുമ്പിയും വീണ്ടും വലിയ സ്‌ക്രീനിലെത്തുമ്പോള്‍ മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട ഓര്‍മ്മകളിലേക്കുള്ള തിരിച്ചുവരവ് കൂടിയാകും 'തേന്മാവിന്‍ കൊമ്പത്ത്' റീ റിലീസ്.

രചന, സംവിധാനം: പ്രിയദര്‍ശന്‍, നിര്‍മ്മാതാവ്: എന്‍. ഗോപാലകൃഷ്ണന്‍, ബാനര്‍: പ്രസിദ്ധി ക്രിയേഷന്‍സ്, ഛായാഗ്രഹണം: കെ.വി. ആനന്ദ്, സംഗീതം: ബേണി-ഇഗ്‌നേഷ്യസ്, പശ്ചാത്തല സംഗീതം: എസ്.പി. വെങ്കടേഷ്, എഡിറ്റിംഗ്: എന്‍. ഗോപാലകൃഷ്ണന്‍, ഗാനരചന: ഗിരീഷ് പുത്തഞ്ചേരി, സംഘട്ടനം: ത്യാഗരാജന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍: സാബു സിറില്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് : ഉണ്ണി രാജേന്ദ്രന്‍, പിആര്‍ഒ: ഐശ്വര്യ രാജ്.

Content Highlights: The Mohanlal-Priyadarshan film 'Thenmavin Kombath' is returning to theaters on October 8. The film's release date was announced via Shobana's official social media page.

To advertise here,contact us