രജനികാന്ത് ചിത്രം 'ജയിലര്‍ 2' ഒക്ടോബര്‍ 15ന് ആഗോള റിലീസ്

ചിത്രം കേരളത്തിലും കര്‍ണാടകത്തിലും എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന 'ജയിലര്‍ 2' ഒക്ടോബര്‍ 15ന് ആഗോളതലത്തില്‍ തിയേറ്ററുകളിലെത്തും. ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തിലും കര്‍ണാടകത്തിലും വമ്പന്‍ റിലീസായി പ്രദര്‍ശനത്തിനെത്തിക്കുന്നത്. റെക്കോര്‍ഡ് തുകക്ക് ആണ് ശ്രീ ഗോകുലം മൂവീസ് ഈ ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയത്.

സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആദ്യ ഭാഗത്തിലെ മുത്തുവേല്‍ പാണ്ഡ്യനായി രജനികാന്ത് വീണ്ടും എത്തുന്നു. ആദ്യ ഭാഗത്തിന്റെ വമ്പന്‍ വിജയത്തിന് ശേഷം മുത്തുവേല്‍ പാണ്ഡ്യന്റെ തുടര്‍ച്ചയായുള്ള വരവിനായി വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ആദ്യ ഭാഗത്തില്‍ ഉണ്ടായിരുന്ന മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍ എന്നിവര്‍ക്കൊപ്പം ആദ്യ ഭാഗത്തില്‍ ഇല്ലാതിരുന്ന വേറെ ചില താരങ്ങളും രണ്ടാം ഭാഗത്തില്‍ അതിഥി വേഷങ്ങളിലെത്തുന്നുണ്ട് എന്നാണ് സൂചന. അത് കൂടാതെ സുരാജ് വെഞ്ഞാറമൂട്, എസ് ജെ സൂര്യ, വിദ്യ ബാലന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഇവരുടെ ക്യാരക്ടര്‍ വീഡിയോ പുറത്ത് വരികയും ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങളെയും പുതിയ താരങ്ങളെയും ഒരുമിപ്പിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ജയിലര്‍ 2' ന് ഉണ്ട്. അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് രണ്ടാം ഭാഗത്തിനും സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. ചിത്രത്തിലെ 'അല്ല ബോലലോ' എന്ന ഗാനം നേരത്തെ പുറത്തിറങ്ങി ട്രെന്‍ഡിങ്ങില്‍ ഇടം നേടിയിരുന്നു. മലയാളി താരം ഷംന കാസിമിന്റെ നൃത്തച്ചുവടുകള്‍ ഗാനത്തിന്റെ പ്രധാന ആകര്‍ഷണമായിരുന്നു.

രചന, സംവിധാനം: നെല്‍സണ്‍ ദിലീപ്കുമാര്‍, നിര്‍മ്മാതാവ്: കലാനിധി മാരന്‍, ബാനര്‍: സണ്‍ പിക്‌ചേഴ്‌സ്, ഛായാഗ്രഹണം: വിജയ് കാര്‍ത്തിക് കണ്ണന്‍, എഡിറ്റര്‍: ആര്‍ നിര്‍മ്മല്‍, സംഗീതം: അനിരുദ്ധ് രവിചന്ദര്‍, കേരളാ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍: ഡ്രീം ബിഗ് ഫിലിംസ്, പിആര്‍ഒ: ശബരി.

Content Highlights: The Rajinikanth film 'Jailer 2' is set for a global release on October 15. Sree Gokulam Movies is bringing the film to Kerala and Karnataka.

To advertise here,contact us