നടിമാരുടെ ആ ചോദ്യം നടന്മാരോട് എങ്ങനെ ചോദിക്കും? ഇന്റിമേറ്റ് സീനുകളിലെ വെല്ലുവിളികളെക്കുറിച്ച് വിശാൽ ഭരദ്വാജ്

ഇന്റിമേറ്റ് രംഗങ്ങളിൽ ബോഡി ഡബിളിനെ വേണ്ടെന്ന് വെച്ച് അദിതിയും സിദ്ധാർത്ഥും പറഞ്ഞു

സിനിമയിൽ ഇൻ്റിമേറ്റ് രംഗങ്ങൾ ചിത്രീകരിക്കുന്നത് സംവിധായകരെ സംബന്ധിച്ച് ഏറെ വെല്ലുവിളികൾ നിറഞ്ഞ കാര്യമാണെന്ന് സംവിധായകൻ വിശാൽ ഭരദ്വാജ്. താൻ സംവിധാനം ചെയ്ത 'ലസ്റ്റ് സ്റ്റോറീസ് 3' ആന്തോളജി ചിത്രത്തിന്‍റെ അനുഭവങ്ങൾ പങ്കുവെക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്റിമസി ഡയറക്ടർമാരുടെ കടന്നുവരവ് സെറ്റുകളിലെ ജോലികൾ എളുപ്പമാക്കിയെന്ന് അദ്ദേഹം പറഞ്ഞു.ഇത്തരം രംഗങ്ങളുടെ ചിത്രീകരണത്തിൽ സംവിധായകനും അഭിനേതാക്കൾക്കും ഇടയിലെ ആശങ്കകൾ ഇല്ലാതാക്കാൻ പ്രൊഫഷണൽ ഇൻ്റിമസി കോഓർഡിനേറ്റർമാർക്ക് സാധിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

"ആദ്യകാലങ്ങളില്‍ ഇത്തരം രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ നടിമാർ വന്ന് 'സാർ, ചുംബനരംഗങ്ങളില്‍ നാക്ക് ഉപയോഗിക്കുന്നുണ്ടോ ?. അതൊന്ന് നടനോട് ചോദിക്കാമോ ?. - എന്ന് ചോദിച്ചിരുന്നത് എനിക്കിപ്പോഴും ഓർമയുണ്ട്. സത്യത്തിൽ അതൊരു വല്ലാത്ത അവസ്ഥയാണ്. അവരുടെ ആ ചോദ്യം ഞാൻ എങ്ങനെ ആ നടനോട് ചോദിക്കും. അതൊക്കെ എത്രത്തോളം അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണെന്ന് നിങ്ങൾക്ക് ഊഹിക്കാമല്ലോ ?". - വിശാൽ ഭരദ്വാജ് പറ‍ഞ്ഞു. അതോടൊപ്പം ലസ്റ്റ് സ്റ്റോറീസിൽ അദിതി റാവു ഹൈദരിയും സിദ്ധാർഥും തമ്മിലുള്ള ഇന്റിമേറ്റ് രം​ഗം ചിത്രീകരിച്ചതിനെക്കുറിച്ചും സംവിധായകൻ വ്യക്തമാക്കി.

"സെറ്റിൽ ഇരുവരും വളരെ കംഫർട്ടിബള‍ായിരുന്നു. അതുകൊണ്ട് തന്നെ ബോഡി ഡബിളി (ഡ്യൂപ്)നെ ഉപയോ​ഗിക്കാൻ അവർ വിസമ്മതിച്ചു. അവർ ഭാര്യാഭർത്താക്കന്മാരായതു കൊണ്ട് സ്വാഭാവികമായും അവർക്കിടയിൽ നല്ല പൊരുത്തമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അത്തരം സന്ദർഭങ്ങളിലുണ്ടാകാവുന്ന അസ്വസ്ഥതയുടെ 50 ശതമാനവും നമുക്ക് ഇല്ലാതായി.

ഞങ്ങൾ അവർ രണ്ടു പേർക്കുമായി ബോഡി ഡബിളുകളെയും ഒരുക്കിയിരുന്നു. അവരെ വച്ച് ഒരു ഷോട്ടിൽ കാമറ അദിതിയുടെ കാലുകളിലായിരുന്നു ഫോക്കസ് ചെയ്യേണ്ടിയിരുന്നത്, സിദ്ധാർഥും ആ ഷോട്ടിൽ ഉണ്ടായിരുന്നു. അതിന്റെ ഔട്ട്പുട്ട് കണ്ട ശേഷം അദിതി പറഞ്ഞു, എന്റെ കാലുകൾ അത്ര തടിച്ചതല്ലല്ലോ. ആ ഷോട്ട് താൻ തന്നെ ചെയ്യാമെന്ന്. സിദ്ധാർഥും അദ്ദേഹത്തിന്റെ ഭാ​ഗം സ്വയം ചെയ്തു".- വിശാൽ പറഞ്ഞു.

അതേസമയം, നെറ്റ്ഫ്ലിക്സിൻ്റെ ലസ്റ്റ് സ്റ്റോറീസ് ആന്തോളജിയുടെ മൂന്നാം ഭാഗമാണ് 'ലസ്റ്റ് സ്റ്റോറീസ് 3'. വിശാൽ ഭരദ്വാജിന് പുറമെ വിക്രമാദിത്യ മോട്വാനെ, കിരൺ റാവു, ശകുൻ ബദ്ര എന്നിവരാണ് മറ്റ് ഭാഗങ്ങൾ സംവിധാനം ചെയ്യുന്നത്. പ്രണയം, ആഗ്രഹം, വൈകാരിക ബന്ധങ്ങൾ എന്നിവയുടെ വിവിധ തലങ്ങളാണ് ചർച്ച ചെയ്യുന്നത്. രാധിക ആപ്തെ, കൊങ്കണ സെൻ ശർമ്മ, വിജയ് വർമ്മ, അലി ഫസൽ, രാധിക മദൻ തുടങ്ങി വൻ താരനിര തന്നെ ഇതിൽ അണിനിരക്കുന്നുണ്ട്.

Content Highlights: Director Vishal Bhardwaj shared his experiences from the sets of 'Lust Stories 3', discussing the process and challenges involved in filming intimate scenes for the anthology series.

To advertise here,contact us