ആന്മരിയ കലിപ്പിലാണ് എന്ന സിനിമയിലെ ഇമോഷണൽ രംഗത്തെക്കുറിച്ച് തുറന്നു പറഞ്ഞ് സിദ്ദിഖ്. താൻ ആകെ മൂന്ന് ദിവസമേ ആ സിനിമയിൽ അഭിനയിച്ചുള്ളുവെന്നും ഡബ്ബിങ്ങിന് ചെന്ന സമയം പൈലറ്റ് ഓഡിയോ കേൾക്കാൻ കഴിഞ്ഞില്ലെന്നും നടൻ പറഞ്ഞു. കാരണം ആ സമയം അവിടെ മയിലിന്റെ ശബ്ദം ഉണ്ടായിരുന്നുവെന്ന് സിദ്ദിഖ് പറഞ്ഞു. പക്ഷേ ഷൂട്ട് ചെയ്ത സമയം താൻ ഈ ശബ്ദം ഒന്നും കേട്ടില്ലെന്നും തന്റെ മനസ്സിൽ മുഴുവൻ ഇതുപോലെ കുട്ടികളുടെ ഏതെങ്കിലും ആഗ്രഹം സാധിച്ചു കൊടുക്കാതിരുന്നിട്ടുണ്ടോ എന്നായിരുന്നുവെന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു. ആരം സിനിമയുടെ പ്രൊമോഷൻ ഭാഗമായി റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്.
'ഷൂട്ടിംഗ് തീരുന്ന ദിവസമാണ് ആ സീൻ എടുത്തത്. ഞാൻ ആകെ മൂന്ന് ദിവസമേ ആന്മരിയയിൽ അഭിനയിച്ചിട്ടുള്ളൂ. എനിക്ക് സീൻ തന്നു, ഒരു സൺസെറ്റിലാണ് ഇത് എടുക്കേണ്ടത്. ഒരു ടേക്കിൽ എടുത്ത് തീർത്തു, ശേഷം ഡബ്ബിങ്ങിന് ചെന്നപ്പോൾ എനിക്ക് ശരിക്കും ഓഡിയോ ശരിക്കും കേൾക്കാൻ കഴിയുന്നില്ല. പൈലറ്റ് ഓഡിയോയിൽ മുഴുവൻ മയിലിന്റെ ശബ്ദം, അപ്പോൾ ഞാൻ മിഥുനോട് ചോദിച്ചു ഷൂട്ട് ചെയുമ്പോൾ ഈ മയിലിന്റെ ശബ്ദം ഉണ്ടായിരുന്നോ എന്ന് അവൻ ഉണ്ടായിരുന്നുവെന്ന് പറഞ്ഞു. ഷൂട്ടിംഗ് സമയത്ത് ഞാൻ ഈ മയിലിന്റെ ശബ്ദം കേട്ടതേയില്ല, എനിക്ക് ഓർമയില്ല, എന്റെ ചിന്ത മുഴുവൻ ഈ സീൻ വായിക്കുമ്പോൾ കുട്ടികൾ എന്തെങ്കിലും ആഗ്രഹം പറഞ്ഞാൽ അത് സാധിച്ച് കൊടുക്കണം. ഞാൻ അങ്ങനെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്ന് ആലോചിക്കുകയായിരുന്നു. അവരുടെ എന്തെങ്കിലും കളിപ്പാട്ടം എടുത്ത് ഒളിച്ചു വെച്ചിട്ടുണ്ടോ എന്നൊക്കെ ആയിരുന്നു എന്റെ ഉള്ളിൽ. ഞാൻ വീട്ടിൽ ചെന്ന് മക്കളോട് ചോദിച്ചു നിങ്ങൾ എന്തെങ്കിലും പറഞ്ഞിട്ട് ചെയ്ത് തരാതിരുന്നിട്ടുണ്ടോ…അവർ അങ്ങനെ ഒന്നും വാപ്പച്ചി ചെയ്തിട്ടില്ല എന്ന് പറഞ്ഞു', സിദ്ദിഖ് പറഞ്ഞു.
'സിനിമ കണ്ട ശേഷം കുഞ്ചാക്കോ ബോബാന്റയെ ഭാര്യ എന്നെ വിളിച്ച് പറഞ്ഞു. ചാക്കോച്ചൻ ഈ സീൻ കണ്ടിരുന്ന കരയുകയായിരുന്നുവെന്ന് ഞാൻ അപ്പോൾ ചോദിച്ചു അവൻ അങ്ങനെ കരയാൻ മാത്രം കുട്ടികൾ ആയിട്ടില്ലലോ എന്ന്. കൂടുതലും ആണുങ്ങളാണ് ഈ സീൻ കണ്ട ശേഷം കരഞ്ഞത്. എന്നോട് ഒരുപാട് പേര് അത് പറയുകയും ചെയ്തു', സിദ്ദിഖ് കൂട്ടിച്ചേർത്തു.
അതേസമയം, സൈജു കുറുപ്പ് നായകനായി എത്തുന്ന ആരം എന്ന സിനിമയാണ് സിദ്ദിഖിന്റെ വരാനിരിക്കുന്ന ചിത്രം. സെപ്റ്റംബർ 25ന് ആരം തിയേറ്ററുകളിൽ എത്തും. ഗുഡ് ഹോപ് പ്രൊഡക്ഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ബാനറില്‍ ഡോക്ടര്‍ ജുനൈസ് ബാബു ഗുഡ് ഹോപ് നിര്‍മ്മിച്ച്, രജീഷ് പരമേശ്വരന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആരം. നിരവധി പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രജീഷ് പരമേശ്വരന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് കിനാവള്ളി എന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ച വിഷ്ണു രാമചന്ദ്രനാണ്.
സൈജു കുറുപ്പിനൊപ്പം അസ്കര്‍ അലി, സിദ്ധിഖ്, അഞ്ജു കുര്യന്, സുധീഷ്, ഉണ്ണിലാലു, അജിത് കോശി, മനോജ് കെ.യു., ഷഹീന് സിദ്ദിഖ്, അപ്പുണ്ണി ശശി, മീര വാസുദേവ്, വൈഷ്ണവി കല്യാണി, സുരഭി സന്തോഷ്, ലത ദാസ്, ഗോകുലന്, റിയാസ് നര്‍മകല, ജയരാജ് വാര്യര്‍, കബനി സൈറ, ശ്രേയ ജയദീപ്, എറിക് ആദം ഗുഡ് ഹോപ്പ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
Content Highlights: Siddique talks about a scene in annmariya kalipilanu movie