'ഞാൻ നിൻറെ അമ്മയല്ലേടീ' അസാധ്യ അഭിനയമുഹൂർത്തങ്ങളുമായി ഉർവശി; 'ആശ' സ്‌നീക്ക് പീക്ക് വീഡിയോ പുറത്ത്

ചിത്രത്തില്‍ ഉര്‍വശിയും ഐശ്വര്യ ലക്ഷ്മിയും ചേര്‍ന്നുള്ളൊരു നിര്‍ണ്ണായക രംഗമാണ് സ്‌നീക്ക് പീക്ക് വീഡിയോയായി എത്തിയിരിക്കുന്നത്

തിയേറ്ററുകളില്‍ ഏവരുടേയും പ്രിയം നേടി 'ആശ' മുന്നേറുന്നതിനിടെ ഉര്‍വശിയുടെ അസാധ്യ അഭിനയ മുഹൂര്‍ത്തങ്ങളുമായി സ്‌നീക്ക് പീക്ക് പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തില്‍ ഉര്‍വശിയും ഐശ്വര്യ ലക്ഷ്മിയും ചേര്‍ന്നുള്ളൊരു നിര്‍ണ്ണായക രംഗമാണ് സ്‌നീക്ക് പീക്ക് വീഡിയോയായി എത്തിയിരിക്കുന്നത്. കൊറിയന്‍ ഡാര്‍ക്ക് ത്രില്ലറുകളോടും ഇന്റര്‍നാഷണല്‍ ക്രൈം ത്രില്ലറുകളോടും കിടപിടിക്കുന്ന പ്ലോട്ടും മേക്കിങ് സ്‌റ്റൈലും ആയതിനാല്‍ തന്നെ ജെന്‍-സി പ്രേക്ഷകരേവരും ഏറ്റെടുത്ത ചിത്രത്തില്‍ പ്രകടനങ്ങള്‍ കൊണ്ട് ഉര്‍വശിയും ജോജു ജോര്‍ജ്ജും ഐശ്വര്യയും ഞെട്ടിച്ചിരിക്കുകയാണ്.

വേള്‍ഡ് സിനിമകളെ നെഞ്ചിലേറ്റുന്ന ഇന്നത്തെ തലമുറയെ പൂര്‍ണ്ണമായും തൃപ്തിപ്പെടുത്തുന്ന ക്രാഫ്‌റ്റോടെയാണ് സഫര്‍ സനല്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടിയിരിക്കുന്ന ചിത്രത്തില്‍ ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡിലുള്ള ഇന്റന്‍സ് പ്രകടനവുമായി ഉര്‍വശി തിളങ്ങിയിരിക്കുകയാണ്. തിയേറ്ററുകളില്‍ ടിക്കറ്റ് ബുക്കിംഗ് ഓരോ ദിവസവും ഇരട്ടിയായി വര്‍ദ്ധിച്ചിരിക്കുകയാണ്. യൂത്തും ഫാമിലി ഓഡിയന്‍സും ഒരുപോലെ ഒഴുകിയെത്തുന്നതിനാല്‍ ബോക്‌സ് ഓഫീസില്‍ മികച്ച കളക്ഷന്‍ നേടിയാണ് മൂന്നാം വാരത്തിലേക്ക് 'ആശ'യുടെ മുന്നേറ്റം.

ചിത്രത്തില്‍ ഉര്‍വശിയുടെയും ജോജു ജോര്‍ജിന്റേയും ഐശ്വര്യ ലക്ഷ്മിയുടെയും അഭിനയം കാണികളെ മുള്‍മുനയില്‍ നിര്‍ത്തുന്നതാണ്. അസാധാരണ അഭിനയ പാടവമാണ് ചിത്രത്തില്‍ ഉര്‍വശി കാഴ്ചവെച്ചിരിക്കുന്നത്. ചില സന്ദര്‍ഭങ്ങളില്‍ മാനസികനിലതെറ്റിയെന്നു തോന്നുന്ന രീതിയിലുള്ള സ്വഭാവവിശേഷത്തോടേയും മറ്റു ചിലപ്പോള്‍ മക്കളെ ചേര്‍ത്തുപിടിക്കുന്നൊരമ്മയായും വേറെ സമയങ്ങളില്‍ പൊലീസിനോടും നിയമ വ്യവസ്ഥയോടും ചങ്കൂറ്റത്തോടേയും നില്‍ക്കുന്നൊരു കഥാപാത്രമായി ഏറെ ആഴത്തിലാണ് ഉര്‍വശി ആശയെ സ്‌ക്രീനില്‍ എത്തിച്ചിരിക്കുന്നത്.

നവാഗതനായ സഫര്‍ സനല്‍ സംവിധാനം ചെയ്ത് തിയറ്ററുകളിലെത്തിയിരിക്കുന്ന 'ആശ' മലയാളത്തില്‍ നിന്നുമുള്ളൊരു ലക്ഷണമൊത്ത ഡാര്‍ക്ക് സസ്‌പെന്‍സ് ത്രില്ലറാണ്. ഡാര്‍ക്ക് സസ്‌പെന്‍സ് മൂഡും അണ്‍പ്രഡിക്റ്റബിള്‍ ആയ കഥാഗതിയുമാണ് സിനിമയെ വിദേശ ത്രില്ലറുകള്‍ക്ക് ഒപ്പമെത്തിക്കുന്നത്. ഗോവിന്ദ് വസന്തയുടെ ഹോണ്ടിങ് ആയ പശ്ചാത്തല സംഗീതവും മധു നീലകണ്ഠന്റെ റോ ആന്‍ഡ് റിയലിസ്റ്റിക് ഛായാഗ്രഹണവും ഷാന്‍ മുഹമ്മദിന്റെ കൃത്യതയാര്‍ന്നതും ചടുലവുമായ എഡിറ്റിംഗും സിനിമയുടെ മൂഡിനെ അടുത്ത ലെവലിലേക്ക് ഉയര്‍ത്തുന്നു. 'ഇതൊരു വേള്‍ഡ് ക്ലാസ് ചിത്രം' എന്ന് സോഷ്യല്‍ മീഡിയയിലടക്കം ജെന്‍ സി സിനിമാ പ്രേമികള്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നു. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം ഹൗസ്ഫുള്‍ ഷോകളുമായി 'ആശ' തിയേറ്ററുകളില്‍ വലിയ തരംഗമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്.

Content Highlights: A 'sneak peek' video of the film Asha has been released. The video features a pivotal scene involving Urvashi and Aishwarya Lekshmi.

To advertise here,contact us