

അമ്മയെ മോണിറ്ററിൽ കണ്ടപ്പോഴാണ് തന്റെ പല ഭാവങ്ങളുടെയും ഉറവിടം എവിടെ നിന്നാണെന്ന് തിരിച്ചറിഞ്ഞതെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ. 'ബ്രോ ഡാഡി' എന്ന ചിത്രത്തിൽ മോഹൻലാലിന്റെ അമ്മയായി സ്വന്തം അമ്മ മല്ലികാ സുകുമാരനെ സംവിധാനം ചെയ്ത അനുഭവം പങ്കുവെക്കുകയായിരുന്നു അദ്ദേഹം. മാതാപിതാക്കളെ സംവിധാനം ചെയ്യുക എന്നത് വലിയൊരു അനുഭവമാണെന്ന് പൃഥ്വിരാജ് പറയുമ്പോൾ, ചെറുപ്പത്തിൽ താനും ഇത്തരമൊരു സ്വപ്നം കണ്ടിരുന്നുവെന്ന് സംവിധായിക മേഘ്നാ ഗുൽസാറും വ്യക്തമാക്കുന്നു.
'ഞാന്‍ എന്റെ അമ്മയെ സംവിധാനം ചെയ്തിട്ടുണ്ട്. അതൊരു ഭയങ്കര അനുഭവം ആണ്. മാതാപിതാക്കളെ സംവിധാനം ചെയ്യുന്ന സമയത്താണ് നമ്മുടെ പല എക്സ്പ്രഷന്‍സും സ്വഭാവങ്ങളുമെല്ലാം എവിടെ നിന്ന് വന്നു എന്ന് മനസിലാവുക. കാരണം ഞാന്‍ എന്റെ അമ്മയെ സംവിധാനം ചെയ്യുമ്പോള്‍, ആ അഭിനയം മോണിറ്ററില്‍ കണ്ടപ്പോഴാണ് എന്റെ പല എക്സ്പ്രഷന്സിന്റേയും സോഴ്സ് മനസിലായത്.
ബ്രോ ഡാഡി എന്ന സിനിമയിലെ ഒരു രംഗം ഷൂട്ട് ചെയ്യുന്നത് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. മോഹന്‍ലാല്‍ സാറിന്റെ അമ്മയുടെ വേഷമാണ് സിനിമയില്‍ എന്റെ അമ്മ ചെയ്തിരുന്നത്. ഭാര്യ വീണ്ടും ഗര്‍ഭിണിയായെന്ന കാര്യം അമ്മയില്‍ നിന്നും മറച്ചുവെക്കാന്‍ മോഹന്‍ലാല്‍ സാറിന്റെ കഥാപാത്രം ശ്രമിക്കുന്ന സീനായിരുന്നു അത്. പക്ഷേ അമ്മ അത് കണ്ടുപിടിക്കുകയാണ്. ആ സീന്‍ ഷൂട്ട് ചെയ്തത് ഞാനൊരിക്കലും മറക്കില്ല,' പൃഥ്വിരാജ് പറഞ്ഞു. ചെറുപ്പത്തില്‍ തനിക്കും മാതാപിതാക്കളെ സംവിധാനം ചെയ്യണമെന്ന് സ്വപ്നം കണ്ടിരുന്നു എന്നും, എന്നാല്‍ വലുതായപ്പോള്‍ പ്രാക്ടിക്കലായി ആലോചിക്കാന്‍ തുടങ്ങിയതോടെ ആ സ്വപ്നം മാറ്റിവെച്ചു എന്നുമാണ് മേഘ്ന ഗുല്‍സാര്‍ അഭിമുഖത്തില്‍ പറയുന്നത്. ‘ദയ്റ’ സിനിമയുടെ പ്രമോഷൻ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.

പൃഥ്വിരാജ് സുകുമാരനും കരീന കപൂര്‍ ഖാനും ആദ്യമായി ഒരുമിക്കുന്ന ബോളിവുഡ് ചിത്രമാണ് ദയ്റ. ഇന്‍വെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലറില്‍ ഴോണറില്‍ ഒരുങ്ങുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത സംവിധായിക മേഘന ഗുല്‍സാറാണ്. ഏറെ നാളുകൾക്ക് ശേഷമാണ് പൃഥ്വിരാജ് പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്. ജംഗ്ലി പിക്ചേഴ്സും പെന്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. റാസി, തല്‍വാര്‍, സാം ബഹദൂര്‍ തുടങ്ങിയ മികച്ച ചിത്രങ്ങള്‍ സംവിധാനം ചെയ്ത സംവിധായികയാണ് മേഘ്ന ഗുല്‍സാര്‍.
Content Highlights: Prithviraj Sukumaran shared his experience of directing his parents in the film 'Bro Daddy'. The actor-filmmaker described the opportunity as a memorable experience while discussing the making of the movie.