തത്സമയം 37 അഭിനേതാക്കളുടെ മോഷൻ ക്യാപ്ചർ ചിത്രീകരണം; ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംപിടിച്ച് 'രാക്ക'

അറ്റ്‌ലീ ആണ് ചിത്രത്തിന്റെ സംവിധായകന്‍

ഐക്കണ്‍ സ്റ്റാര്‍' അല്ലു അര്‍ജുനെ നായകനാക്കി വി. അരുണ്‍കുമാറിന്റെ (അറ്റ്ലി) സംവിധാനത്തില്‍ സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രം 'രാക്ക' ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍. സിനിമാ സാങ്കേതികവിദ്യയുടെ ചരിത്രത്തില്‍ പുതിയ നാഴികക്കല്ല് കുറിച്ച്, ഏറ്റവും കൂടുതല്‍ ആളുകളെ ഒരേസമയം തത്സമയം മോഷന്‍-ക്യാപ്ചര്‍ ചെയ്ത നേട്ടത്തിനാണ് ചിത്രം ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയത്.

സിനിമാ ചരിത്രത്തിലെ വിപ്ലവകരമായ സാങ്കേതിക നേട്ടം 2026 ഫെബ്രുവരിയില്‍ ചിത്രീകരിച്ച ഈ സങ്കീര്‍ണ്ണമായ രംഗത്തിനാണ് 2026 സെപ്റ്റംബര്‍ 15-ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് ഔദ്യോഗികമായി അംഗീകാരം നല്‍കിയത്. തത്സമയ മോഷന്‍-ക്യാപ്ചര്‍ രീതിയില്‍ ഒരേ സമയം 37 അഭിനേതാക്കളുടെ പ്രകടനങ്ങളാണ് ക്യാമറയില്‍ പകര്‍ത്തിയത്. 4 വയസ്സുള്ള കുട്ടി മുതല്‍ 70 വയസ്സുള്ള മുതിര്‍ന്ന വ്യക്തി വരെ ഈ രംഗത്തിന്റെ ഭാഗമായി പങ്കെടുത്തു.

ഒരൊറ്റ ക്യാപ്ചര്‍ വോളിയത്തിനുള്ളില്‍ 37 വ്യത്യസ്ത വ്യക്തികളുടെ പ്രകടനവും സൂക്ഷ്മമായ ചലനങ്ങളും ഒട്ടും ഗുണനിലവാരം ചോരാതെ റെക്കോര്‍ഡ് ചെയ്യുക എന്നത് വലിയൊരു സാങ്കേതിക വെല്ലുവിളിയായിരുന്നു. അത്യാധുനിക സാങ്കേതിക വിദ്യയുടെ മാജിക് 'രാക്ക'യുടെ കൂറ്റന്‍ നിര്‍മ്മാണ വ്യാപ്തിക്ക് അനുയോജ്യമായ രീതിയില്‍ ചിത്രത്തിന്റെ വി.എഫ്.എക്‌സ് പ്രൊഡ്യൂസറാണ് പുതിയൊരു മോഷന്‍-ക്യാപ്ചര്‍ പൈപ്പ്ലൈനും വര്‍ക്ക്ഫ്‌ലോയും വികസിപ്പിച്ചെടുത്തത്.

റെക്കോര്‍ഡ് ചിത്രീകരണത്തിനായി 92 അത്യാധുനിക ഓപ്റ്റിക്കല്‍ മോഷന്‍-ക്യാപ്ചര്‍ ക്യാമറകള്‍ സജ്ജീകരിച്ചു. അഡ്വാന്‍സ്ഡ് നെറ്റ്വര്‍ക്കിംഗ്, സിന്‍ക്രണൈസേഷന്‍, അണ്‍റിയല്‍ എന്‍ജിന്‍ വഴിയുള്ള തത്സമയ വിഷ്വലൈസേഷന്‍, വിറ്റ്നസ് ക്യാമറകള്‍, ഫേഷ്യല്‍ ക്യാപ്ചര്‍ സാങ്കേതികവിദ്യ എന്നിവ ഒരുമിച്ച് ഉപയോഗിച്ചു. ആപ്പിള്‍ ആര്‍ട്ട് സ്റ്റുഡിയോയുടെ സാങ്കേതിക നൈപുണ്യവും സാങ്കേതിക വിദഗ്ദ്ധരുടെ കൂട്ടായ പ്രയത്‌നവുമാണ് ഈ വിജയം സാധ്യമാക്കിയത്. ഔദ്യോഗിക റെക്കോര്‍ഡ് സമര്‍പ്പണം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിന്റെ സീനിയര്‍ അഡ്ജുഡിക്കേറ്റര്‍ സ്വപ്നില്‍ ദാംഗ്രീകര്‍, 'രാക്ക'യുടെ പ്രധാന അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങില്‍ വെച്ച് നായകന്‍ അല്ലു അര്‍ജുനും സംവിധായകന്‍ അറ്റ്ലിക്കും ഔദ്യോഗിക ഗിന്നസ് സര്‍ട്ടിഫിക്കറ്റ് കൈമാറി.

ഇന്ത്യന്‍ സര്‍ഗ്ഗാത്മകതയുടെയും സാങ്കേതിക മികവിന്റെയും ആഗോളതലത്തിലെ വിജയമായാണ് സിനിമാലോകം ഈ നേട്ടത്തെ നോക്കിക്കാണുന്നത്. 'രാക്ക'യിലൂടെ ഇന്ത്യന്‍ സിനിമ ലോകസിനിമ വേദിയില്‍ അഭിമാനകരമായ മറ്റൊരു കാല്‍വെപ്പ് കൂടി നടത്തുകയാണ്.'സണ്‍ പിക്‌ചേഴ്‌സിന്റെ നിര്‍മ്മാണ മികവും അറ്റ്ലിയുടെ കാഴ്ചപ്പാടും അല്ലു അര്‍ജുന്റെ അഭിനയ പ്രതിബദ്ധതയും ഒത്തുചേരുമ്പോള്‍ 'രാക്ക' ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ ഒരു വലിയ അഭിമാന നിമിഷമായി മാറുകയാണ്.

മൊട്ടയടിച്ച തലയും, കണ്ണ് എഴുതിയ തീക്ഷ്ണമായ നോട്ടവും, തലയിലെ ടാറ്റൂകളും ചേര്‍ന്ന് ആരെയും അമ്പരപ്പിക്കുന്ന ലുക്കിലാണ് ചിത്രത്തില്‍ അല്ലു എത്തുന്നത്. 'പുഷ്പ 2' വിന് ശേഷം അല്ലു അര്‍ജുന്റെ കരിയറിലെ തന്നെ ഏറെ വേറിട്ട വേഷമായിരിക്കും എന്നാണ് ആരാധകരുടെ വിലയിരുത്തല്‍. 'ജവാന്‍' എന്ന മെഗാ ഹിറ്റിന് ശേഷം അറ്റ്ലി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് കലാനിധി മാരന്റെ സണ്‍ പിക്‌ചേഴ്‌സ് ആണ്. ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന തരത്തിലുള്ള വിഷ്വല്‍ ഇഫക്റ്റുകളും വേള്‍ഡ് ബില്‍ഡിംഗുമായി അറ്റ്ലി ഒരുക്കുന്ന 'രാക്ക' ഒരു വലിയ സാങ്കേതിക വിസ്മയമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

രാജാ റാണി, തെരി, മെര്‍സല്‍, ബിഗില്‍ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രങ്ങള്‍ക്കും ജവാന്‍ എന്ന ബ്ലോക്ബസ്റ്റര്‍ ബോളിവുഡ് ചിത്രത്തിനും ശേഷം അറ്റ്‌ലി ഒരുക്കുന്നതാണ് ചിത്രം. ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള സംവിധായകനും നായകനും ഒന്നിക്കുന്ന ചിത്രം സയന്‍സ് ഫിക്?ഷന്‍ ഗണത്തില്‍പെടുന്ന സിനിമയായാണ് ഒരുങ്ങുന്നത് എന്നാണ് വിവരം. അല്ലു അര്‍ജുന്റെ ഇരുപത്തിരണ്ടാമത്തെ ചിത്രവും അറ്റ്‌ലിയുടെ ആറാമത്തെ ചിത്രവുമാണ് ഈ പാന്‍-ഇന്ത്യന്‍ സയന്‍സ് ഫിക്ഷന്‍ ചിത്രം. പിആര്‍ഒ: ആതിര ദില്‍ജിത്ത്.

Content Highlights: Motion capture filming involving 37 actors simultaneously! Allu Arjun enters the Guinness World Records – Atlee's magnum opus 'Raaka'.

To advertise here,contact us