'പ്രേമലു'വിന്റെ വൻ വിജയത്തിന് ശേഷം താൻ അനുഭവിച്ച കടുത്ത മാനസിക സമ്മർദ്ദത്തെക്കുറിച്ചും ഭയത്തെക്കുറിച്ചും വെളിപ്പെടുത്തി സംവിധായകൻ ഗിരീഷ് എ.ഡി. പുതിയ ചിത്രമായ 'ബെത്ലഹേം കുടുംബ യൂണിറ്റി'ന്റെ ചിത്രീകരണത്തിനിടെ തനിക്ക് പാനിക് അറ്റാക്ക് പോലെയുണ്ടായെന്നും, കാര്യങ്ങളെ അമിതമായി ചിന്തിച്ച് വശളാക്കുന്ന സ്വഭാവമാണ് തന്റേതെന്നും ഗിരീഷ് എ ഡി പറയുന്നു. ഇന്ത്യൻ എക്സ്പ്രസ്സ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ഏതൊരു കാര്യത്തിന്റെയും നെഗറ്റീവ് വശങ്ങൾ ആദ്യം കാണുകയും അമിതമായി ചിന്തിച്ച് കാര്യങ്ങൾ വശളാക്കുകയും ചെയ്യുന്ന സ്വഭാവമാണ് എന്റേത്. ഷൂട്ടിംഗ് ദിവസങ്ങളിൽ രാവിലെ എഴുന്നേൽക്കാൻ പോലും തോന്നാറില്ല. പരീക്ഷയ്ക്ക് പോകുന്ന ഒരു കുട്ടിയുടെ ഭയത്തോടും മാനസിക സമ്മർദ്ദത്തോടും കൂടിയാണ് ഓരോ ദിവസവും സെറ്റിലേക്ക് പോകുന്നത് (ചിരി). എന്നാൽ, സെറ്റിലെത്തി ചിത്രീകരണം ആരംഭിച്ച് കഴിഞ്ഞാൽ പിന്നീട് പ്രശ്നങ്ങളൊന്നുമുണ്ടാകാറില്ല.
സെറ്റിലുണ്ടാകുന്ന തമാശകളിൽ വെറുതെയൊന്ന് ചിരിക്കുമെങ്കിലും, അതിലേക്ക് മാനസികമായി ഇറങ്ങിച്ചെല്ലാനോ ആസ്വദിക്കാനോ സാധിക്കാറില്ല. 'ബെത്ലഹേം കുടുംബ യൂണിറ്റ്' എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ വലിയ തോതിലുള്ള മാനസിക സമ്മർദ്ദമാണ് അനുഭവപ്പെട്ടത്. ഒരു സീൻ എടുക്കുന്നതിനിടയിൽ ഭയം നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥ വരെയുണ്ടായി.
വലിയ സീനൊന്നുമല്ലാതിരുന്നിട്ട് കൂടി പെട്ടെന്ന് പാനിക് അറ്റാക്ക് പോലെയൊരു അവസ്ഥയുണ്ടാവുകയായിരുന്നു, മറ്റാരും അറിയാതെ എങ്ങനെയൊക്കെയോ അത് നിയന്ത്രിക്കുകയായിരുന്നു. 'പ്രേമലു'വിന്റെ വൻ വിജയത്തിന് ശേഷം ചെയ്യുന്ന സിനിമയായതിനാലാകാം ഇത്രയും സമ്മർദ്ദം അനുഭവപ്പെട്ടത്, എന്നാൽ അത്തരം ഭാരങ്ങൾ തലയിലേറ്റേണ്ടതില്ലെന്ന് ഇപ്പോൾ ബോധ്യപ്പെട്ടു'; ഗിരീഷ് എ ഡി പറഞ്ഞു.
അതേസമയം, നിവിൻ പോളി നായകനായെത്തിയ ബെത്ലഹേം കുടുംബ യൂണിറ്റെന്ന പുതിയ ചിത്രം തിയേറ്ററുകളിൽ വൻ ജനപ്രീതി നേടിക്കൊണ്ട് പ്രദർശനം തുടരുകയാണ്. ആഗോളതലത്തിൽ 300 കോടി ചിത്രം നേടി കഴിഞ്ഞു. 'ജസ്റ്റിന്' എന്ന കഥാപാത്രമായി നിവിന്‍ പോളിയും 'ആഷ്ലി'യായി മമിത ബൈജുവും തിയേറ്ററുകളില്‍ തീര്‍ത്ത ആകര്‍ഷകമായ കെമിസ്ട്രിയും ചിത്രത്തിലെ മികച്ച കോമഡി ട്രാക്കുകളുമടക്കം ട്രെയിലറില്‍ ഉണ്ട്. നിവിന്‍ പോളിയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും ഉയര്‍ന്ന ബോക്സ് ഓഫീസ് നേട്ടമാണ് ചിത്രം കരസ്ഥമാക്കിയിരിക്കുന്നത്.
Content Highlights: Director Girish A.D. shared that he faced a panic attack on a shooting set while coping with the pressure that followed the success of his film 'Premalu'.